
കാന്‍സര്‍ രോഗബാധിതയായി ചികിത്സയില്‍ കഴിയുന്ന രേണു സുധിയ്ക്കൊപ്പമുളള ചിത്രവും കുറിപ്പും പങ്കുവെച്ച് നടി സീമ ജീ നായര്‍. മുന്‍പ് സോഷ്യല്‍ മീഡിയയിലുടെ രേണുവിനെ കാണാന്‍ പോയ കാര്യം സീമ പങ്കുവച്ചിരുന്നു. അന്ന് പല വിമര്‍ശനങ്ങളും സീമ ജി നായര്‍ക്ക് നേരെ ഉയര്‍ന്നിരുന്നു. കാന്‍സര്‍ എന്ന അസുഖത്തെക്കുറിച്ചും അതിന്റെ അവസ്ഥയെക്കുറിച്ചും പങ്കുവച്ച കുറിപ്പ് രേണുവിനെ പ്രകീര്‍ത്തിച്ചുകൊണ്ടുളള പോസ്റ്റ് ആയി തെറ്റിദ്ധരിക്കപ്പെട്ടു. പിന്നാലെ ഇതിന് വിശദീകരണവുമായി സീമ ജി നായര്‍ തന്നെ രംഗത്തെത്തി.
ഇപ്പോള്‍ സീമ ജി നായര്‍ പങ്കുവച്ച പുതിയ പോസ്റ്റും ശ്രദ്ധ നേടുകയാണ്. കാന്‍സര്‍ എന്ന അസുഖം അവരവരുടെ തെറ്റ് കൊണ്ട് വരുന്നതാണോ എന്നും അങ്ങനെ ആണെങ്കില്‍ തനിക്ക് അറിയാവുന്ന ഈ രോഗം പിടിപെട്ട ആരും തെറ്റുകാരോ കുറ്റക്കാരോ ആയിരുന്നില്ല എന്നുമാണ് സീമ ജി നായര്‍ കുറിച്ചത്. താന്‍ കണ്ട ഏറ്റവും വലിയ മനുഷ്യ സ്നേഹിയായിരുന്നു തന്റെ അമ്മയെന്നും അമ്മയക്ക് ഈ അസുഖം വന്നപ്പോള്‍ തകര്‍ന്നുപോയെന്നും സീമ ജി നായര്‍ പറയുന്നു.
സീമ ജി നായര്‍ പങ്കുവച്ച കുറിപ്പ്:
''കഴിഞ്ഞ കുറെ ദിവസങ്ങള്‍ ആയി മനസ്സില്‍ വരുന്ന ഒരു ചോദ്യം? കാന്‍സര്‍ എന്ന അസുഖം അവരവരുടെ തെറ്റ് കൊണ്ട് വരുന്നതാണോ? അവര്‍ അവര്‍ക്കിഷ്ടമുള്ള ജോലി ചെയ്ത് ജീവിച്ചത് കൊണ്ട് വരുന്നതാണോ? അങ്ങനെ ആണെങ്കില്‍ എന്റെ ജീവിതത്തിലേക്കു കടന്നു വന്ന, ഈ രോഗം പിടിപെട്ട ആരും തെറ്റുകാരോ, കുറ്റക്കാരോ ആയിരുന്നില്ല... ഞാന്‍ കണ്ട ഏറ്റവും മനുഷ്യ സ്നേഹിയും, ആരെയും ഉപദ്രവിക്കാത്ത ആളും ആയിരുന്നു എന്റെ അമ്മ... നമുക്ക് കഴിക്കാന്‍ ഇല്ലെങ്കിലും മറ്റുള്ളവരുടെ അടുപ്പ് പുകയണം എന്ന് കരുതിയ സ്നേഹനിധി, കഷ്ട്ടപെട്ടതില് തൊണ്ണൂറ് ശതമാനവും മറ്റുള്ളവര്‍ക്ക് കൊടുത്ത ആള്, അമ്മക്ക് ഇത് വന്നപ്പോള്‍ തകര്‍ന്നുപോയി എല്ലാവരും, ഒരിക്കലും പ്രതീക്ഷിച്ചില്ല ഇങ്ങനെ അസുഖം വരുമെന്ന്..
ഇത് വന്നു പോകുന്നതല്ലേ? ഈ ലോകത്ത് കോടികണക്കിന് ആള്ക്കാര് ഇതിന്റെ ദുരിതത്തില്‍ പെട്ട് തകര്‍ന്നു പോകുന്ന കാഴ്ചകള്‍ എന്നുമുണ്ട്.. പലതും കാണാന്‍ ഉള്ള കെല്‍പ്പില്ല.. ഈ മഹാമാരിയെ തുടച്ചു നീക്കാനും കഴിയുന്നുമില്ല.. ഇത് ആരും വാങ്ങി കൊടുക്കുന്ന സമ്മാനം അല്ല.. സ്വയം ഇത് വന്നോട്ടെ എന്ന് കരുതി തേടി പോയി വാങ്ങുന്നതുമല്ല, എന്റെ വാക്കില്‍ പറഞ്ഞാല്‍ ഇത് വിധിയാണ്.. അപ്പോള്‍ അതിനെ നേരിടുക എന്നത് മാത്രമേ പറ്റുകയുള്ളു.. നിങ്ങള്‍ക്ക് ഇതിനെ കുറിച്ചുള്ള അഭിപ്രായം എന്താണ്? നിങ്ങളുടെ മനസ്സില്‍ ഉള്ളത് എഴുതുക.. കുറ്റപ്പെടുത്തലുകള്‍ അല്ല, എനിക്കു കേള്‍ക്കേണ്ടത്.. അഭിപ്രായം ആണ്.. എനിക്കൊരു പണിയും ഇല്ലേ എന്ന് ചോദിക്കുന്നവരോട്, ഒന്നേ എനിക്കു പറയാനുള്ളു.. നിങ്ങള്‍ക്കൊക്കെ ഓരോ പണി ഇല്ലേ? അതുപോലെ ഞാനും ഇഷ്ട്ടപെടുന്നു ചില കാര്യങ്ങള്‍''.






