
തിരുവനന്തപുരം: സിപിഎമ്മിൽ പുതിയൊരു നേതൃനിര ഒരുങ്ങുന്നു എന്ന് റിപ്പോർട്ടുകൾ. നിലവിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പിണറായിക്കുമെതിരെ കടുത്ത അതൃപ്തി പ്രകടിപ്പിക്കുന്ന വിഭാഗമാണ് പുതിയ ചേരിയാവുന്നത്. പാർട്ടിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം. എ ബേബി ഇവരെ അനുകൂലിക്കുന്നു എന്നാണ് സൂചനകൾ.
പി.രാജീവ്, എം. സ്വരാജ്, കെ.എൻ ബാലഗോപാൽ എന്നിവരും പിന്നണിയിൽ ഇ.പി ജയരാജനും ശ്രീമതി ടീച്ചറും ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, പാർട്ടിക്കുള്ളിൽ ഇത്തരമൊരു വിഭാഗം ഉണ്ടെങ്കിൽ തന്നെ ശക്തിപ്പെടുമോ എന്ന് കാത്തിരുന്ന് കാണേണ്ടിവരും. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനും നയപരമായ വ്യതിചലനങ്ങൾ ഇല്ലെന്ന് ഉറപ്പാക്കാനുമായിരിക്കും പുതിയ ചേരിയുടെ ശ്രമം. അതേസമയം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രതിപക്ഷനേതാവ് പിണറായി വിജയനും സ്ഥാനമൊഴിഞ്ഞേക്കുമെന്നു സൂചനകളുമുണ്ട്. പി. രാജീവ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും കെ.എന്‍. ബാലഗോപാല്‍ പ്രതിപക്ഷനേതാവുമായേക്കും.
സിപിഎമ്മിലെ പിണറായി വിരുദ്ധത കഴിഞ്ഞ ദിവസം നിയമസഭയിലും മറനീക്കി പുറത്തുവന്നിരുന്നു. നിയമസഭയിൽ ഷിബു ബേബിജോണിന്റെ വിമർശനങ്ങൾക്ക് മറുപടി പറയാൻ ചാടിയെഴുന്നേറ്റ ബാലഗോപാൽ മറുപടി പറയുക മാത്രമല്ല , ‘കേട്ടുകൊണ്ടിരിക്കാതെ എന്തെങ്കിലും പറയണം’ എന്ന് ശാസിച്ചതും കേരളം കണ്ടതാണ്. ഈ സമയം ഒന്നും മിണ്ടാതെ നോക്കിയിരുന്ന പിണറായി ബാലഗോപാൽ ഇരുന്ന ശേഷമായിരുന്നു സംസാരിക്കാൻ എഴുന്നേറ്റത്. സഭയ്ക്ക് വെളിയിൽ ഇക്കാര്യം ശരിയായി ഉപയോഗിച്ച സ്പീക്കർ തിരുവഞ്ചൂർ ബാലഗോപാലിനെ വിമർശിക്കുകയും ചെയ്തിരുന്നു.
മലപ്പുറത്ത് നടന്ന ഇഎംഎസ് അനുസ്മരണ സെമിനാറിൽ എം.എ ബേബി നിയമസഭാ തെരഞ്ഞെടുപ്പിൽ ബന്ധുക്കളെ സ്ഥാനാർത്ഥികളാക്കിയതിനെ രൂക്ഷമായി വിമർശിച്ചതായിരിക്കാം പാർട്ടിയിലെ വിമത നീക്കത്തിനു ഊർജ്ജം നൽകിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കുടുംബാംഗങ്ങൾ മത്സരിച്ച സ്ഥലങ്ങളിലെല്ലാം ജനങ്ങൾ തിരഞ്ഞുപിടിച്ചു തോൽപ്പിച്ചിട്ടും നിയമസഭാ തെരഞ്ഞ്ടുപ്പിൽ പാഠം പഠിക്കാഞ്ഞത് എന്തായിരുന്നു എന്ന മട്ടിലായിരുന്നു ബേബിയുടെ വിമർശനം. ഇത് എംവി ഗോവിന്ദനെതിരെയുള്ള വിമർശനമായിരുന്നു. എന്നാൽ പേരെടുത്തു പറഞ്ഞില്ല എന്ന സാങ്കേതികതയിൽ പിടിച്ചുതൂങ്ങിയാണ് സംസ്ഥാന സെക്രട്ടറി നിലനിന്നത്. വിമർശനത്തിൽ ഗുണമില്ല എന്നുകണ്ടാണ് പുതിയൊരു ചേരിയെ ദേശീയ ജനറൽ സെക്രട്ടറി മനസ്സാ അംഗീകരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
സിപിഎമ്മിൽ തനിക്കും പിണറായിക്കുമെതിരെ നീക്കങ്ങളൊന്നുമില്ല എന്ന് പലതവണ ഒളിഞ്ഞും തെളിഞ്ഞും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞിട്ടുണ്ട്. മേഖലാ റിപ്പോർട്ടിംഗിൽ, തനിക്കും പിണറായിക്കുമെതിരെയുള്ള നീക്കങ്ങൾ ഒന്നും നടക്കാൻ പോകുന്നില്ല എന്ന് അദ്ദേഹം പറഞ്ഞുവെന്ന റിപ്പോർട്ടുകളെ തള്ളിക്കളഞ്ഞുകൊണ്ട് പലപ്പോഴും പാർട്ടി സെക്രട്ടറി മാധ്യമങ്ങളെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിട്ടുണ്ട്.






