
സോഷ്യല്‍ മീഡിയയ്ക്ക് ഏറെ സുപരിചിതയാണ് രേണു സുധി. അന്തരിച്ച നടനും മിമിക്രി കലാകാരനുമായ സുധിയുടെ ഭാര്യയാണ് രേണു. അടുത്തിടെയായിരുന്നു താന്‍ കാന്‍സറുമായുളള പോരാട്ടത്തിലാണെന്ന് രേണു വെളിപ്പെടുത്തിയത്. നിലവില്‍ ചികിത്സയുടെ ഭാഗമായി കഠിനമായ കീമോതെറാപ്പി ഘട്ടങ്ങളിലൂടെയാണ് താരം കടന്നുപോകുന്നത്.
ഇപ്പോഴിതാ, തന്നെ നേരിൽ കാണാൻ നടി സീമ ജി. നായർ എത്തിയതിന്റെ സന്തോഷം പങ്കുവെക്കുകയാണ് രേണു. സീമ ചേച്ചി തന്നെ ചേര്‍ത്തുപിടിക്കുന്നതിന് ഒരായിരം നന്ദി എന്നാണ് രേണു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
രേണുവിന്റെ വാക്കുകളിലേക്ക്: സീമ ചേച്ചി എന്നെ കാണാന്‍ വന്നിരുന്നു. എന്നെ ചേര്‍ത്ത് പിടിക്കുന്നതിനു എന്റെ ഹൃദയത്തില്‍ നിന്നും ഒരായിരം നന്ദി. ചികിത്സയ്ക്ക് വേണ്ടി ചേച്ചി നല്കിയ സഹായം മറക്കില്ല. ജീവിതത്തില്‍ ചില സ്നേഹങ്ങള്‍ വാക്കുകള്‍ക്കതീതമാണ്. എന്റെ പ്രയാസകരമായ ഈ സമയത്ത് എന്നെ നേരില്‍ കാണാനും ധൈര്യം പകരാനും സ്നേഹത്തോടെ ചേര്‍ത്ത് പിടിക്കാനും എത്തിയ സീമ ചേച്ചിക്ക് ഹൃദയം നിറഞ്ഞ നന്ദി.
ചികിത്സയ്ക്കായി ചേച്ചി നല്കിയ വിലമതിക്കാനാകാത്ത സഹായവും കരുതലും ഞാന്‍ ഒരിക്കലും മറക്കില്ല. ഈ സ്നേഹവും പിന്തുണയും എനിക്ക് കൂടുതല്‍ ആത്മവിശ്വാസവും പ്രതീക്ഷയും നല്കുന്നു. എന്റെ പ്രാര്‍ഥനകളില്‍ ഉള്‍പ്പെടുത്തുന്നു, സ്നേഹിക്കുന്നു, പിന്തുണക്കുന്നു. എല്ലാവര്ക്കും ഹൃദയംഗമമായ നന്ദി. നിങ്ങളുടെ പ്രാര്‍ഥനയും അനുഗ്രഹവും എനിക്ക് ഏറ്റവും വലിയ ശക്തിയാണ്.
സീമ ജി. നായർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് രേണു മറ്റൊരു കുറിപ്പുകൂടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്."ചേച്ചി വന്നു എന്നെ കണ്ടു... എനിക്ക് എന്ത് ഹാപ്പിയായെന്ന് അറിയാമോ! ചേച്ചി എന്നെ സഹായിച്ചു കേട്ടോ. അതുകൊണ്ട് എനിക്ക് മെഡിസിൻ ഒക്കെ വാങ്ങാൻ പറ്റി. താങ്ക് യു ചേച്ചി. ഒരുപാട് പേർ, എന്നെ സ്നേഹിക്കുന്നവരും കൂട്ടത്തിൽ എന്നെ ഹെൽപ്പ് ചെയ്യുന്നുണ്ട് കേട്ടോ," രേണു കുറിച്ചു. നിരവധിപ്പേരാണ് രേണുവിന്റെ പോസ്റ്റിന് താഴെ സ്നേഹവും പ്രാർത്ഥനകളും അറിയിച്ചുകൊണ്ട് രംഗത്തെത്തുന്നത്.






