
ന്യൂജേഴ്‌സി: നോർവെയെതിരായ പ്രീ ക്വാർട്ടർ പോരാട്ടത്തിനായി ബ്രസീൽ ഒരുങ്ങുന്നു. നോക്കൗട്ടിൽ ജപ്പാനെ മികച്ച പ്രകടനത്തോടെ മറികടന്ന ആത്മവിശ്വാസത്തിലാണ് കാർലോ ആഞ്ചലോട്ടിയുടെ സംഘം മത്സരത്തിനിറങ്ങുന്നത്.
ജപ്പാനെതിരായ മത്സരത്തിൽ വിനീഷ്യസ്, എൻഡ്രിക്ക്, മാർട്ടിനെല്ലി, കുന്യ എന്നിവർ മുന്നേറ്റത്തിൽ തിളങ്ങിയപ്പോൾ, ബ്രൂണോ ഗിമാറെഷ്, കാസെമിറോ, മാർക്വിനോസ്, ഗബ്രിയേൽ എന്നിവർ മധ്യനിരയിലും പ്രതിരോധത്തിലും മികച്ച പ്രകടനം പുറത്തെടുത്തു. പ്രതിരോധത്തിലും മധ്യനിരയിലും പിഴവുകൾ ഒഴിവാക്കാനായാൽ നോർവെയെ മറികടക്കാമെന്ന പ്രതീക്ഷയിലാണ് ബ്രസീൽ ആരാധകർ.
മറുവശത്ത്, എർലിങ് ഹാളണ്ടിന്റെ മികവിലാണ് നോർവെയുടെ പ്രധാന പ്രതീക്ഷ. മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോൾ നേടിയ ഹാളണ്ട് ഗോൾഡൻ ബൂട്ട് പട്ടികയിൽ മെസിക്കും എംബാപ്പെയ്ക്കും തൊട്ടുപിന്നിലാണുള്ളത്. നോക്കൗട്ടിൽ ഐവറി കോസ്റ്റിനെ തോൽപ്പിച്ചാണ് നോർവെ പ്രീ ക്വാർട്ടറിലെത്തിയത്. ഈ മത്സരത്തിലും ഹാളണ്ടിൽ നിന്നുള്ള പ്രകടനത്തിനാണ് ആരാധകർ കാത്തിരിക്കുന്നത്.
എന്നാൽ ഹാളണ്ടിനെ തടയാൻ പ്രത്യേക തന്ത്രമൊന്നും ഒരുക്കിയിട്ടില്ലെന്ന് ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി വ്യക്തമാക്കി. ഹാളണ്ട് എങ്ങനെ കളിക്കുമെന്ന് എല്ലാവർക്കും അറിയാമെന്നും, അദ്ദേഹത്തെ എങ്ങനെ നേരിടണമെന്ന് കളിക്കാർക്ക് പ്രത്യേകം പറഞ്ഞുനൽകേണ്ട സാഹചര്യമില്ലെന്നും ആഞ്ചലോട്ടി പറഞ്ഞു.





