
ടെഹ്റാൻ: ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ വിലാപയാത്രയോടനുബന്ധിച്ച് രാജ്യത്ത് കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ജർമ്മൻ മാധ്യമമായ ഡി വെൽറ്റ് റിപ്പോർട്ട് ചെയ്തു. തലസ്ഥാനമായ ടെഹ്റാനിൽ പ്രതീക്ഷിക്കുന്ന വൻ ജനക്കൂട്ടത്തിനിടെ തിക്കിലും തിരക്കിലുംപ്പെട്ടുണ്ടാകാവുന്ന അപകടങ്ങളിൽ 1,500 മുതൽ 3,000 വരെ മരണങ്ങൾ സംഭവിക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ മുൻകരുതലുകളെന്നാണ് റിപ്പോർട്ടിലുള്ളത്.
ഇറാനിയൻ റെഡ് ക്രസന്റും നാഷണൽ ക്രൈസിസ് മാനേജ്മെന്റ് ഓർഗനൈസേഷനും തയ്യാറാക്കിയ രഹസ്യ രേഖകൾ ഉദ്ധരിച്ചാണ് റിപ്പോർട്ട് പുറത്തുവിട്ടത്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ടെഹ്റാൻ മുനിസിപ്പാലിറ്റി പ്രത്യേക വിഭാഗം രൂപീകരിച്ചിട്ടുണ്ടെന്നും നഗരത്തിലെ ബെഹെഷ്ത്-ഇ സഹ്ര സെമിത്തേരിയിൽ ആയിരക്കണക്കിന് പുതിയ കല്ലറകൾ ഒരുക്കിയതായും റിപ്പോർട്ടിൽ പറയുന്നു.
മുൻകാലങ്ങളിൽ പ്രമുഖ നേതാക്കളുടെ വിലാപയാത്രകളിൽ ഉണ്ടായ ദുരന്തങ്ങളാണ് ഇത്തരം വിപുലമായ സുരക്ഷാ സംവിധാനങ്ങളിലേക്ക് ഇറാനെ നയിച്ചതെന്നാണ് റിപ്പോർട്ട്. 2020ൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് കമാൻഡർ ഖാസിം സുലൈമാനിയുടെ വിലാപയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും 56 പേർ മരിക്കുകയും 200-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.അതിന് മുമ്പ്, 1989ൽ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകനായ ആയത്തുല്ല റൂഹുള്ള ഖമേനിയുടെ വിലാപയാത്രയ്ക്കിടെയുണ്ടായ തിരക്കിലും തിക്കിലും എട്ട് പേർ മരിക്കുകയും 11,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.






