
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സംഭാവന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശ (ആർടിഐ) നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് സിപിഎം എംപി ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ നിലവിലെ നിലപാട് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.
ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് പൊതുഅതോറിറ്റിയല്ലെന്ന നിലപാടാണ് നിലവിൽ കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ, സർക്കാർ അംഗീകാരം ലഭിച്ച പദ്ധതിയുടെ അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ടതും പാർലമെന്ററി നിയമപ്രകാരം ഏറ്റെടുത്ത ഭൂമിയിൽ സ്ഥാപിതമായതും ഐഎഎസ് ഉദ്യോഗസ്ഥർ ഭരണസമിതിയിൽ അംഗങ്ങളായിരിക്കുന്നതുമായ ട്രസ്റ്റിനെ വിവരാവകാശ നിയമത്തിന് പുറത്തുനിർത്തുന്നത് യുക്തിസഹമല്ലെന്ന് ജോൺ ബ്രിട്ടാസ് കത്തിൽ ചൂണ്ടിക്കാട്ടി.
പൊതുജനങ്ങളുടെ വിശ്വാസം ഏറ്റുവാങ്ങുന്ന ഇത്തരം ട്രസ്റ്റുകൾ സുതാര്യതയും ഉത്തരവാദിത്തവും ഉയർന്ന നിലവാരത്തിൽ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനാൽ ട്രസ്റ്റിനെ ആർടിഐ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താത്ത കേന്ദ്രസർക്കാരിന്റെ മുൻനിലപാട് പുനഃപരിശോധിക്കണമെന്നും ബ്രിട്ടാസ് ആവശ്യപ്പെട്ടു. അമിത് ഷായ്ക്ക് അയച്ച കത്തിന്റെ പകർപ്പ് അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിലൂടെയും പങ്കുവെച്ചിട്ടുണ്ട്.






