
ന്യൂയോർക്ക്: ലോകകപ്പ് പ്രീക്വാർട്ടറിൽ നോർവെയെ നേരിടാനൊരുങ്ങുന്ന ബ്രസീലിന്റെ മത്സരത്തിന് മുന്നോടിയായി നെയ്മർ ആദ്യ ഇലവനിൽ ഇറങ്ങുമോയെന്ന ചോദ്യമാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരത്തിൽ പകരക്കാരനായി മടങ്ങിയെത്തിയ താരം ഇനി ടൂർണമെന്റിൽ കൂടുതൽ സമയം കളിക്കുമോയെന്ന ആകാംക്ഷയും ശക്തമാണ്.
നെയ്മർ പൂർണ ഫിറ്റാണെന്ന് ബ്രസീൽ മുഖ്യപരിശീലകൻ കാർലോ ആഞ്ചലോട്ടി വ്യക്തമാക്കിയെങ്കിലും, പ്രീക്വാർട്ടർ മത്സരത്തിൽ ആദ്യ ഇലവനിൽ അദ്ദേഹത്തെ ഉൾപ്പെടുത്തുമോയെന്ന കാര്യത്തിൽ വ്യക്തമായ മറുപടി നൽകിയില്ല. ഇതോടെ ആരാധകരുടെ പ്രതീക്ഷയും സസ്പെൻസും തുടരുകയാണ്. അതേസമയം, നെയ്മർ ആദ്യ ഇലവനിൽ ഇടംപിടിക്കാൻ സാധ്യതയുണ്ടെന്നാണ് ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പരിക്കിൽ നിന്ന് തിരിച്ചെത്തിയ നെയ്മറുടെ മത്സരസമയം ബ്രസീൽ ടീം ഏറെ സൂക്ഷ്മതയോടെയാണ് നിയന്ത്രിക്കുന്നത്. സ്കോട്ലൻഡിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ 76-ാം മിനിറ്റിൽ പകരക്കാരനായാണ് 34-കാരൻ ഈ ലോകകപ്പിൽ ആദ്യമായി കളത്തിലിറങ്ങിയത്. അതിന് പിന്നാലെ നോക്കൗട്ട് ഘട്ടത്തിൽ താരത്തിന് കൂടുതൽ ഉത്തരവാദിത്തം നൽകുമോയെന്ന ചർച്ചകളാണ് ഇപ്പോൾ സജീവമായിരിക്കുന്നത്.






