
ഫിലാഡൽഫിയ: ലോകകപ്പിൽ ഗോൾഡൻ ബൂട്ട് പോരാട്ടം കൂടുതൽ ആവേശകരമാകുകയാണ്. നോക്കൗട്ട് ഘട്ടത്തിൽ പരാഗ്വെയ്ക്കെതിരെ നേടിയ ഗോളോടെ ഫ്രാൻസ് നായകൻ കിലിയൻ എംബാപ്പെ പട്ടികയിൽ ലിയോണൽ മെസിക്കൊപ്പമെത്തുകയും പിന്നീട് ഒന്നാം സ്ഥാനം സ്വന്തമാക്കുകയും ചെയ്തു. നിലവിൽ ഇരുവരുടെയും അക്കൗണ്ടിൽ ഏഴ് ഗോളുകൾ വീതമാണുള്ളത്. എന്നാൽ തുല്യ ഗോൾ നേടിയിട്ടും പട്ടികയിൽ എംബാപ്പെ എങ്ങനെ മെസിക്ക് മുന്നിലെത്തി എന്നതാണ് ആരാധകരുടെ പ്രധാന സംശയം.
ഫിഫയുടെ ലോകകപ്പ് നിയമപ്രകാരം ടൂർണമെന്റിന്റെ അവസാനം രണ്ടോ അതിലധികമോ താരങ്ങൾ ഒരേ എണ്ണം ഗോൾ നേടിയാൽ, ആദ്യം പരിഗണിക്കുന്നത് അസിസ്റ്റുകളുടെ എണ്ണമാണ്. അതായത് സഹതാരത്തിന്റെ ഗോളിലേക്ക് വഴിയൊരുക്കിയ പാസുകളുടെ എണ്ണമാണ് നിർണായകമാകുന്നത്.
നിലവിലെ കണക്കുകൾ പ്രകാരം എംബാപ്പെ ഏഴ് ഗോളുകൾക്കൊപ്പം രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം, മെസി ഏഴ് ഗോൾ നേടിയെങ്കിലും ഇതുവരെ ഒരു അസിസ്റ്റും രേഖപ്പെടുത്തിയിട്ടില്ല. ഇതാണ് ഗോൾഡൻ ബൂട്ട് പട്ടികയിൽ എംബാപ്പെയെ മെസിക്ക് മുകളിലെത്തിച്ചത്.
അസിസ്റ്റ് അടിസ്ഥാനമാക്കിയുള്ള ഈ നിയമം ലോകകപ്പിൽ മുമ്പും നിർണായകമായിട്ടുണ്ട്. 2010 ലോകകപ്പിൽ അഞ്ച് ഗോൾ വീതം നേടിയ നാല് താരങ്ങൾ ഉണ്ടായിരുന്നെങ്കിലും കൂടുതൽ അസിസ്റ്റുകൾ നേടിയതിനാലാണ് തോമസ് മുള്ളർ ഗോൾഡൻ ബൂട്ട് പുരസ്കാരം സ്വന്തമാക്കിയത്.




