
കേരളത്തിലെ സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള നിയമനങ്ങളുടെ കാര്യത്തില്‍ ഏറ്റവും വലിയ ഉറപ്പായിരുന്നു കേരള പബ്ലിക് സര്‍വീസ് കമ്മിഷന്. ഒരു സാധാരണ കുടുംബത്തിലെ യുവാവിന് രാഷ്ട്രീയ സ്വാധീനമോ സാമ്പത്തിക ശേഷിയോ ഇല്ലെങ്കിലും സ്വന്തം കഴിവും അധ്വാനവുംകൊണ്ട് സര്‍ക്കാര്‍ ജോലി നേടാമെന്ന വിശ്വാസം പതിറ്റാണ്ടുകളായി നിലനിര്‍ത്തിയത് ഈ ഭരണഘടനാ സ്ഥാപനമാണ്. അതുകൊണ്ടുതന്നെ പി.എസ്.സിയെ ചുറ്റിപ്പറ്റി ഉയരുന്ന ഓരോ ആരോപണവും ഒരു സ്ഥാപനത്തിന്റെ പ്രതിച്ഛായയെ മാത്രമല്ല, കേരളത്തിന്റെ മെറിറ്റ് അധിഷ്ഠിത നിയമന സംവിധാനത്തെയും ബാധിക്കുന്നതാണ്.
അത്തരമൊരു പശ്ചാത്തലത്തിലാണ് ഒഴിവുകള്‍ മൂന്നാഴ്ചയ്ക്കകം പി.എസ്.സിക്ക് നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യണമെന്ന് എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സര്‍ക്കാര്‍ നല്കിയ കര്‍ശന നിര്‍ദേശവും, പി.എസ്.സിയുമായി ബന്ധപ്പെട്ട പരാതികളില്‍ സര്‍ക്കാര്‍ നേരിട്ട് പ്രാഥമിക പരിശോധന നടത്തി ആവശ്യമെങ്കില്‍ അന്വേഷണം നടത്തുമെന്ന തീരുമാനവും ശ്രദ്ധേയമാകുന്നത്. ഈ നടപടികള്‍ പി.എസ്.സിയുടെ ഭരണഘടനാപരമായ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാനുള്ള ശ്രമമല്ല;മറിച്ച് അതിന്റെ വിശ്വാസ്യത പുനഃസ്ഥാപിക്കാനുള്ള അടിയന്തര ഇടപെടലായി കാണേണ്ടതാണ്.
കാലങ്ങളായി സര്‍ക്കാര്‍ വകുപ്പുകളില്‍ ഒഴിവുകള്‍ യഥാസമയം പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാത്തത് കേരളത്തിലെ നിയമന സംവിധാനത്തിന്റെ വലിയ പോരായ്മകളിലൊന്നാണ്. തസ്തികകള്‍ ഒഴിവുണ്ടായിട്ടും മാസങ്ങളോ വര്‍ഷങ്ങളോ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയും, അതിനിടയില്‍ താല്‍ക്കാലിക നിയമനങ്ങള്‍ തുടരുകയും ചെയ്യുന്ന രീതി പതിവായി മാറി. സ്ഥിരനിയമനങ്ങള്‍ വൈകുമ്പോള്‍ അതിന്റെ ആഘാതം അനുഭവിക്കുന്നത് പരീക്ഷ എഴുതി റാങ്ക് പട്ടികയില്‍ കാത്തിരിക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളാണ്. ഒഴിവുകള്‍ മറച്ചുവയ്ക്കുന്നതും വൈകിപ്പിക്കുന്നതും തുല്യാവകാശത്തെ ബാധിക്കുന്ന പ്രശ്നമാണ്. അതിനാല്‍ വകുപ്പ് മേധാവികള്‍ക്ക് വ്യക്തമായ ഉത്തരവാദിത്വം നിശ്ചയിച്ച സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണ്.
എന്നാല്‍, ഇപ്പോഴത്തെ പ്രതിസന്ധിയുടെ വേരുകള്‍ അതിനേക്കാള്‍ ആഴത്തിലാണ്. പി.എസ്.സിയുടെ വിവിധ പരീക്ഷകളും നിയമനങ്ങളും സംബന്ധിച്ച് ഉയര്‍ന്നുവന്ന പരാതികള്‍ ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്ന പ്രതീതിയാണ് രൂപപ്പെട്ടിരിക്കുന്നത്. ആസൂത്രണ ബോര്‍ഡിലെ ഉയര്‍ന്ന തസ്തികകളിലേക്കുള്ള പരീക്ഷയില്‍ യോഗ്യതാ മാനദണ്ഡം നിശ്ചയിച്ചതിലെ വീഴ്ചയെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. അതിന് പിന്നാലെ ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ റിസര്‍ച്ച് ഓഫീസര്‍ പരീക്ഷയിലെ ചോദ്യങ്ങളുടെ നിലവാരവും ഉത്തരസൂചിക തയാറാക്കിയ രീതിയും സംബന്ധിച്ച് ഗുരുതര ആരോപണങ്ങളാണ് ഉദ്യോഗാര്‍ഥികള്‍ ഉന്നയിച്ചിരിക്കുന്നത്. ബിരുദാനന്തര ബിരുദം അടിസ്ഥാന യോഗ്യതയായ പരീക്ഷയില്‍ പ്ലസ് ടു നിലവാരത്തിലുള്ള ചോദ്യങ്ങളാണുണ്ടായിരുന്നതെന്നും, അസാധാരണമായ രീതിയില്‍ ഒരേ ഓപ്ഷന് ആവര്‍ത്തിക്കുന്ന ഉത്തരസൂചികയാണ് തയാറാക്കിയതെന്നുമുള്ള ആക്ഷേപങ്ങള്‍ അന്വേഷിക്കപ്പെടേണ്ടതാണ്.
ഫിഷറീസ് വകുപ്പിലെ നിയമനങ്ങളിലും സമാനമായ പരാതികളുണ്ട്. പ്രത്യേക സര്‍വകലാശാലയുമായി ബന്ധപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അസ്വാഭാവികമായ മുന്‍തൂക്കം ലഭിച്ചുവെന്ന ആക്ഷേപം, ചോദ്യപേപ്പര്‍ തയാറാക്കിയവരും അഭിമുഖ ബോര്ഡിലുണ്ടായിരുന്നവരും അതേ സ്ഥാപനവുമായി ബന്ധപ്പെട്ടവരാണെന്ന ആരോപണം, പുറത്തുള്ള ഏജന്‍സിയെക്കൊണ്ട് അന്വേഷിക്കണമെന്ന ശിപാര്‍ശ പോലും നടപ്പാകാതിരുന്നത് തുടങ്ങിയ കാര്യങ്ങള്‍ ഉദ്യോഗാര്‍ഥികളില്‍ സംശയം ശക്തിപ്പെടുത്തിയിട്ടുണ്ട്. പ്ലാനിങ് ബോര്‍ഡിലെ പരീക്ഷയില്‍ ചില ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ പരിശോധിക്കാതെ ഫലം പ്രസിദ്ധീകരിച്ചുവെന്ന വിവരാവകാശ രേഖകളും ഈ സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.
ഇതിലേറെ ഗൗരവമുള്ളത് പി.എസ്.സിയുടെ സ്വന്തം ഭരണക്രമവുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ്. ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് റാങ്ക് പട്ടിക നിലവിലുണ്ടായിട്ടും വര്‍ഷങ്ങളായി കരാര്‍ ജീവനക്കാരെ തുടര്ന്നുവെച്ചത്, കരാര്‍ നിയമനങ്ങളില്‍ ബന്ധുത്വത്തിന്റെയും രാഷ്ട്രീയ സ്വാധീനത്തിന്റെയും ആരോപണങ്ങള്‍ ഉയര്‍ന്നത്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിക്കപ്പെട്ടില്ലെന്ന വിമര്‍ശനം തുടങ്ങിയവ പൊതുസമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. ആരോപണങ്ങള്‍ തെളിയിക്കപ്പെടേണ്ടതുണ്ട്;എന്നാല്‍, അവയെ നിഷ്പക്ഷമായി അന്വേഷിക്കേണ്ടത് അതിനുമപ്പുറം പ്രധാനമാണ്.
പരാതികള്‍ കൈകാര്യം ചെയ്യുന്ന രീതിയും വിമര്‍ശനവിധേയമാണ്. നേരിട്ട് നല്കുന്ന പരാതികള്‍ക്ക് രസീത് നല്‍കാതിരിക്കുക, ഇ-ഓഫീസ് സംവിധാനത്തിലൂടെ പരാതി പിന്തുടരാനുള്ള സൗകര്യം ഒഴിവാക്കുക, വര്‍ഷങ്ങളായി പരാതികള്‍ തീര്‍പ്പാക്കാതെ കിടക്കുന്നതായി ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാണിക്കുക എന്നിവ ഒരു ഭരണഘടനാ സ്ഥാപനത്തിന് ചേര്‍ന്ന രീതികളല്ല. സുതാര്യത ഉറപ്പാക്കാന്‍ സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടിടത്ത് പരാതി സമര്പ്പിച്ചവര്ക്കുതന്നെ വിവരങ്ങള്‍ ലഭിക്കാത്ത സാഹചര്യം രൂപപ്പെട്ടത് ആശങ്കാജനകമാണ്.
അതേസമയം, ഒരു കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. പി.എസ്.സി. എന്ന സ്ഥാപനം കേരളത്തിന്റെ ഭരണസംവിധാനത്തിന്റെ അടിസ്ഥാന തൂണുകളില്‍ ഒന്നാണ്. ഏതാനും നിയമനങ്ങളെ ചൊല്ലിയുള്ള ആരോപണങ്ങളുടെ പേരില്‍ മുഴുവന്‍ സ്ഥാപനത്തെയും അവിശ്വാസത്തിന്റെ നിഴലിലാക്കുന്നത് സമൂഹത്തിന് ഗുണകരമല്ല. ആയിരക്കണക്കിന് നിയമനങ്ങള്‍ സുതാര്യമായി നടന്നിട്ടുള്ള ചരിത്രവും ഈ സ്ഥാപനത്തിനുണ്ട്. അതുകൊണ്ട് സ്ഥാപനത്തെ സംരക്ഷിക്കുന്നതും അതിലെ ക്രമക്കേടുകള്‍ തുറന്നുകാട്ടുന്നതും പരസ്പരവിരുദ്ധമായ കാര്യങ്ങളല്ല. മറിച്ച്, രണ്ടും ഒരുപോലെ ആവശ്യമാണ്.
സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന പുതിയ സമീപനം അതുകൊണ്ടുതന്നെ നിര്‍ണായകമാണ്. എന്നാല്‍, അന്വേഷണം രാഷ്ട്രീയനിറം പൂശിയ പ്രതികാര നടപടിയായി മാറരുത്. പരാതികള്‍ക്ക് സമയബന്ധിതമായ തീര്‍പ്പ് ഉറപ്പാക്കണം. പരീക്ഷാ ചോദ്യക്കടലാസ് തയാറാക്കുന്നതു മുതല്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതുവരെയുള്ള ഓരോ ഘട്ടത്തിലും സ്വതന്ത്ര പരിശോധനാ സംവിധാനം വേണം. മൂല്യനിര്‍ണയ രീതി, ഡിജിറ്റല്‍ പ്രക്രിയകള്‍, അഭിമുഖ നടപടിക്രമങ്ങള്‍ എന്നിവയെല്ലാം വിദഗ്ധ സമിതി വിലയിരുത്തണം. ഓരോ പരാതിക്കും ട്രാക്കിങ് നമ്പര്‍, നിശ്ചിത സമയത്തിനുള്ള മറുപടി, അന്വേഷണ റിപ്പോര്‍ട്ടുകള്‍ പരമാവധി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കല്‍ എന്നിവയും നടപ്പാക്കേണ്ടതാണ്.
ഒരു സര്‍ക്കാര്‍ ജോലി കേരളത്തില്‍ ഇന്നും ആയിരക്കണക്കിന് കുടുംബങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ ഉയര്‍ച്ചയുടെ പ്രധാന വഴിയാണ്. അതുകൊണ്ടുതന്നെ പി.എസ്.സിയുടെ വിശ്വാസ്യത യുവതലമുറയുടെ പ്രതീക്ഷയുടെ അടിത്തറയാണ്. ആ വിശ്വാസം ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ അത് വീണ്ടെടുക്കുക അത്യന്തം ദുഷ്കരമാണ്. അതിനാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടികള്‍ പ്രഖ്യാപനങ്ങളില്‍ ഒതുങ്ങരുത്. ഉയര്‍ന്നിട്ടുള്ള എല്ലാ ആരോപണങ്ങളും നിഷ്പക്ഷമായി അന്വേഷിക്കുകയും, ഉത്തരവാദികള്‍ക്കെതിരേ നടപടിയെടുക്കുകയും, സുതാര്യവും ഉത്തരവാദിത്വമുള്ളതുമായ നിയമന സംവിധാനം പുനഃസ്ഥാപിക്കുകയും ചെയ്യേണ്ടത് കാലത്തിന്റെ ആവശ്യമാണ്. പി.എസ്.സിയുടെ മഹത്തായ പാരമ്പര്യം സംരക്ഷിക്കാനുള്ള ഏക മാര്‍ഗവും അതുതന്നെയാണ്.




