
ഭക്ഷണം കഴിക്കാനുള്ള അവകാശം മാത്രം സ്വന്തം. കണ്ണുകളെയും കൈകാലുകളെയും മറ്റുള്ളവര്‍ നിയന്ത്രിക്കും. ഈ വല്ലാത്ത അവസ്ഥ തല്ക്കാലം നേരിടേണ്ടിവരിക പാറ്റകള്ക്കാണ്. എങ്കിലും അവര്‍ സൂപ്പര്‍ പാറ്റകളാകും. മറ്റു പാറ്റകള്ക്കില്ലാത്ത ചില ശക്തി അവര്‍ക്കു ലഭിക്കുമെന്നു മാത്രം. വൈകാതെ ചീവിടുകളും വണ്ടുകള്ക്കുമൊക്കെ മറ്റുള്ളവരുടെ 'താളത്തിനൊത്ത് തുള്ളും', പിന്നെ 'സൂപ്പര്‍ വണ്ടുകളാകും'... സൂപ്പര്‍മാനെ അനുസ്മരിപ്പിക്കുംവിധം സൂപ്പര്പാറ്റകള്ക്കായി ഒരു സ്യൂട്ടും തയാറാക്കിയിട്ടുണ്ട്. സിംഗപ്പൂരിലെ എന്‍.ടി.യു, ജപ്പാനിലെ വസേഡ സര്‍വകലാശാല എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര്‍ ചേര്‍ന്നാണു സൈബോര്‍ഗ് പാറ്റകള്‍ക്കായി 'ഡൈവിങ് സ്യൂട്ട്' വികസിപ്പിച്ചെടുത്തത്. ഇത് അവയെ വെള്ളത്തിനടിയിലും ഓക്സിജന്‍ കുറഞ്ഞ അന്തരീക്ഷത്തിലും മൂന്ന് മണിക്കൂര്‍ വരെ ജീവനോടെയിരിക്കാനും ചലിക്കാനും സഹായിക്കും.
****************************
ചലനങ്ങളെ നിയന്ത്രിക്കുന്ന ഇലക്ട്രോണിക് കണ്ട്രോളറുകള് ഘടിപ്പിച്ച ജീവനുള്ള പ്രാണികളാണു സൈബോര്‍ഗ് പ്രാണികള്‍. ഇവ ചലിക്കാന്‍ സ്വന്തം പേശികളെ തന്നെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ ചെറിയ റൊബോട്ടുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ഊര്‍ജം മാത്രമേ ഇവയ്ക്ക് ആവശ്യമുള്ളൂ. സാധാരണ റൊബോട്ടുകള്‍ക്ക് നിരവധി സെന്‍സറുകളും മോട്ടോറുകളും ആവശ്യമാണ്. അതു പ്രവര്‍ത്തിപ്പിക്കാന്‍ ബാറ്ററികളും വേണം.
ഭക്ഷണത്തിലൂടെ കണ്ടെത്തുന്ന ഊര്‍ജം ഉപയോഗിക്കുന്ന സൈബോര്ഗുകള് ശാസ്ത്രജ്ഞര്‍ക്ക് ആവേശമാകുന്നത് അങ്ങനെയാണ്. സൈബോര്‍ഗ് പ്രാണികളെ ഉപയോഗിച്ചുള്ള തെരച്ചിലും രക്ഷാപ്രവര്‍ത്തനവും ദുരന്തബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും. പ്രത്യേകിച്ച്, വെള്ളക്കെട്ടുകളിലും സാധാരണ റൊബോട്ടുകള്‍ക്ക് കടന്നുചെല്ലാന്‍ കഴിയാത്ത ഇടങ്ങളിലും അവയ്ക്ക് പ്രവര്‍ത്തിക്കാനാകും.
കഴിവ് കൂടും, സ്വാതന്ത്ര്യം കുറയും
പാറ്റ സൈബോര്‍ഗുകള്‍ക്കു വളരെക്കുറിച്ചു സ്വാതന്ത്ര്യം മാത്രമാണു മനുഷ്യര്‍ അനുവദിക്കുന്നത്. സൈബോര്‍ഗ് പ്രാണികള്‍ ശ്വസനത്തിനായി അവയുടെ പ്രകൃതിദത്തമായ ശ്വസനവ്യവസ്ഥയെയാണ് ആശ്രയിക്കുന്നത്. 'സ്പൈറക്കിളുകള്' എന്നറിയപ്പെടുന്ന ചെറിയ സുഷിരങ്ങളിലൂടെയാണ് പാറ്റകള്‍ വായു ഉള്ളിലേക്ക് എടുക്കുന്നത്. ഊര്‍ജത്തിനായി അവയ്ക്ക് സ്വാഭാവിക ഭക്ഷണം കഴിക്കാനാകും. പക്ഷേ, അവയെ സൂപ്പര്‍ പാറ്റകളാക്കാന്‍ അതു പോരാ. വെള്ളത്തില്‍ മുങ്ങിക്കിടക്കുമ്പോള്‍ ഓക്സിജന്‍ വേര്‍തിരിച്ചെടുക്കാന്‍ സാധാരണ പാറ്റകള്‍ക്ക് കഴിയില്ല.
പരീക്ഷണങ്ങളുടെ ഭാഗമായി ശാസ്ത്രജ്ഞര്‍ വിവിധ അന്തരീക്ഷങ്ങള്‍ പുനഃസൃഷ്ടിക്കുന്ന പ്ലാസ്റ്റിക് ട്യൂബുകള്‍ നിര്‍മിച്ചു. ഓക്സിജന്‍ കുറഞ്ഞ അന്തരീക്ഷം ഉണ്ടാക്കാന്‍ കാര്‍ബണ്‍ ഡയോക്സൈഡ് നിറഞ്ഞ ടണലുകള്‍ ഉപയോഗിച്ചു. ഗവേഷകര്‍ തയാറാക്കിയ ഡൈവിങ് സ്യൂട്ട് ധരിച്ചതോടെ സൈബോര്‍ഗ് പാറ്റകള്‍ക്കു വെള്ളത്തിനടിയില്‍ മൂന്ന് മണിക്കൂര്‍ വരെ ചലിക്കാന്‍ സാധിച്ചു. അവ സൂപ്പര്‍ പാറ്റകളായി മാറി. പക്ഷേ, ബട്ടണ്‍ ഉപയോഗിച്ച് അവയുടെ ദിശ നിയന്ത്രിക്കാന്‍ മനുഷ്യര്‍ക്കാകും.
രക്ഷാപ്രവര്‍ത്തനം
'ഞങ്ങളുടെ പുതിയ ഇന്‍സെക്റ്റ് ഡൈവിങ് സ്യൂട്ട് മനുഷ്യര്‍ക്കുള്ള ഓക്സിജന്‍ സിലിണ്ടര്‍ പോലെയാണ്. അത് ഓക്സിജന്‍ ഉത്പാദിപ്പിച്ച് പ്രാണികളുടെ ശ്വസന സുഷിരങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്നു. ഇത് വെള്ളത്തിനടിയിലും ഓക്സിജന്‍ കുറഞ്ഞ സ്ഥലങ്ങളിലും ജീവിക്കാന്‍ പാറ്റകളെ സഹായിക്കും.'- പഠനത്തിന് നേതൃത്വം നല്കിയ എന്‍.ടി.യു സിംഗപ്പൂരിലെ സ്കൂള്‍ ഓഫ് മെക്കാനിക്കല്‍ ആന്‍ഡ് എയറോസ്പേസ് എന്‍ജിനീയറിങ്ങിലെ പ്രഫസര്‍ ഹിരോതാക സാത്തോ പറഞ്ഞു.
'ദുരന്ത സ്ഥലങ്ങളില്‍ മനുഷ്യസഞ്ചാരത്തിനു പരിമിതികളുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍, ഓടകള്‍, ഇടുങ്ങിയ വിടവുകള്‍ എന്നിവയാകും ചിലപ്പോള്‍ ഇരയിലേക്കു വഴികാട്ടുക. ചിലപ്പോള്‍ ആ പാത വെള്ളത്തില്‍ മുങ്ങിയ നിലയിലാകും. വെള്ളത്തിനടിയിലൂടെയുള്ള സഞ്ചാരം കൂടി സാധ്യമാക്കുന്നതിലൂടെ സൈബോര്‍ഗ് പ്രാണികള്‍ക്ക് രക്ഷാപ്രവര്‍ത്തനങ്ങളില്‍ വലിയ പങ്ക് വഹിക്കാന്‍ കഴിയും.
'പ്രാണികള്‍ക്ക് ധരിക്കാന്‍ പാകത്തിലുള്ള ചെറുതും ഭാരം കുറഞ്ഞതും വഴക്കമുള്ളതുമായ സംവിധാനം നിര്‍മിക്കുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. വെള്ളത്തിനടിയിലെ ദീര്‍ഘനേരത്തെ ചലനത്തിന് ആവശ്യമായ ഓക്സിജന്‍ ഉത്പാദിപ്പിക്കുകയും വേണമായിരുന്നു.'- വസേഡ സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ക്രിയേറ്റീവ് സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്ങിലെ പ്രഫസര്‍ ഷിന്‍ജിറോ ഉമേസു പറഞ്ഞു.
ഡൈവിങ് സ്യൂട്ട്
സൂപ്പര്‍ പാറ്റയുടെ അണ്ടര്‍വാട്ടര്‍ സ്യൂട്ടിന് മൂന്ന് ഭാഗങ്ങളുണ്ട്. ഒരു ഓക്സിജന്‍ ഉത്പാദന ടാങ്ക്, ഫ്ലെക്സിബിള്‍ ഷെല്‍, നാല് സിലിക്കണ്‍ ഓക്സിജന്‍ വിതരണ ട്യൂബുകള്‍. ഇവയെല്ലാം ചേര്‍ന്ന് വെള്ളം അകത്തുകയറാത്ത ഒരു സംവിധാനം രൂപീകരിക്കുന്നു. ഇത് പാറ്റകളുടെ ശ്വസന സുഷിരങ്ങളിലേക്ക് നേരിട്ട് ഓക്സിജന്‍ എത്തിക്കുന്നു.
സുതാര്യവും പ്ലാസ്റ്റിക് പോലുള്ളതുമായ പി.എം.എം.എ. ടൈപ്പ് റസിന് ഉപയോഗിച്ച് 3ഡി പ്രിന്റ് ചെയ്താണ് ഓക്സിജന്‍ ജനറേഷന് ടാങ്ക്. ഈ ടാങ്കിനുള്ളില്‍ മാംഗനീസ് ഡയോക്സൈഡ് പൂശിയ ഒരു സ്പോഞ്ച് ഗവേഷകര്‍ സ്ഥാപിച്ചു, ഇത് ഒരു കാറ്റലിസ്റ്റായി പ്രവര്‍ത്തിക്കുന്നു.
ഓക്സിജന്‍ വിതരണം ആരംഭിക്കുന്നതിനായി ടാങ്കിലേക്ക് ചെറിയ അളവില്‍ ലയിപ്പിച്ച ഹൈഡ്രജന്‍ പെറോക്സൈഡ് കുത്തിവച്ചു. തുടര്‍ന്നു ദ്രാവകം പുറത്തേക്ക് ഒഴുകാതിരിക്കാന്‍ ദ്വാരം അടച്ചു.
ടാങ്കിനുള്ളില്വച്ച് മാംഗനീസ് ഡയോക്സൈഡ്, ഹൈഡ്രജന്‍ പെറോക്സൈഡിനെ സാവധാനം വിഘടിപ്പിച്ച് ഓക്സിജന്‍ പുറത്തുവിടും. ഈ ഓക്സിജന്‍ പിന്നീട് ഫ്ലെക്സിബിള്‍ ഷെല്ലിലൂടെയും സിലിക്കണ്‍ ട്യൂബുകളിലൂടെയും പാറ്റയുടെ ശ്വസന സുഷിരങ്ങളിലേക്ക് എത്തിക്കുന്നു, അതു വെള്ളത്തിനടിയില്‍ ശ്വസിക്കാന്‍ അവയെ സഹായിക്കും.
ആ ട്യൂബുകള്‍ പ്രാണികളുടെ നെഞ്ച് ഭാഗത്തുള്ള ശ്വസന സുഷിരങ്ങളിലാണു ഘടിപ്പിച്ചിരിക്കുന്നത്. അവ പിന്നീട് പ്രാണികള്‍ക്ക് വേദനയോ ദോഷമോ വരുത്താതെ മാറ്റാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറഞ്ഞു.
വലിപ്പം, കരുത്ത്, ചിറകുകളുടെ അഭാവം എന്നിവ കാരണം സൈബോര്‍ഗ് ഗവേഷണങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന മഡഗാസ്കര്‍ ഹിസിങ് പാറ്റകളിലാണ് ഗവേഷകര്‍ ഈ സ്യൂട്ട് പരീക്ഷിച്ചത്. ഇത് കരയില്‍ ജീവിക്കുന്ന സൈബോര്‍ഗ് പ്രാണിയെ വരണ്ടതും ഈര്‍പ്പമുള്ളതുമായ പ്രദേശങ്ങളില്‍ ഒരേപോലെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ജീവിയായി മാറ്റുന്നു.
വണ്ടുകളും സൂപ്പറാകും
എന്‍.ടി.യുവിലെ ഒരു ദശാബ്ദത്തിലേറെ നീണ്ട സൈബോര്‍ഗ് പ്രാണികളുടെ ഗവേഷണത്തിന്റെ തുടര്‍ച്ചയാണു സൂപ്പര്‍ പാറ്റകള്‍. പ്രഫസര്‍ സാത്തോ കരയിലും കടലിലും ആകാശത്തും ഉപയോഗിക്കാവുന്ന സൈബോര്‍ഗ് പ്രാണികളെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. മാര്‍ച്ച് 28ന് മ്യാന്‍മറിലുണ്ടായ ഭൂകമ്പത്തിലെ 'ഓപ്പറേഷന് ലയണ്‍ഹാര്‍ട്ട്' പോലുള്ള യഥാര്‍ത്ഥ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഇദ്ദേഹത്തിന്റെ സൈബോര്‍ഗ് പ്രാണികളെ വിന്യസിച്ചിട്ടുണ്ട്.
കൃത്രിമമായി നിര്‍മിച്ച ദുരന്ത സാഹചര്യങ്ങളില്‍ സൈബോര്‍ഗ് പ്രാണികളുടെ ഡൈവിങ് സ്യൂട്ട് പരീക്ഷിക്കുന്നതിനും അതിന്റെ ഈട് മെച്ചപ്പെടുത്തുന്നതിനും സെന്‍സറുകളും നാവിഗേഷന്‍ സംവിധാനങ്ങളും സംയോജിപ്പിക്കുന്നതിനുമുള്ള കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ, വെള്ളം നിറഞ്ഞ പൈപ്പുകള്‍, ഓടകള്‍, തുരങ്കങ്ങള്‍, മറ്റ് സൗകര്യങ്ങള്‍ എന്നിവ പരിശോധിക്കുന്നതിനും ഈ കണ്ടെത്തല്‍ ഉപയോഗപ്രദമാകും.
ഭാവിയില്‍, ഈ ഡൈവിങ് സ്യൂട്ട് ആശയം മറ്റ് ഇനം പാറ്റകള്‍, വെട്ടുകിളികള്‍, വണ്ടുകള്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് പ്രാണികളിലും പ്രയോഗിക്കാന്‍ കഴിഞ്ഞേക്കും. ഈ പ്രാണികള്‍ക്കെല്ലാം സമാനമായ ശരീരഘടനയും ശ്വസനവ്യവസ്ഥയുമാണുള്ളത്.
സൂപ്പര്മാനെത്താന് വൈകില്ല
സൈബര്‍നെറ്റിക് ഓര്‍ഗാനിസം എന്നതിന്റെ ചുരുക്കരൂപമാണ് സൈബോര്‍ഗ്. കൃത്രിമ ഘടകങ്ങള്‍ ഉപയോഗിച്ച് ജൈവിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയോ വീണ്ടെടുക്കുകയോ ചെയ്ത ഏതൊരു ജീവിയെയും സൂചിപ്പിക്കാന്‍ ഈ പദം ഉപയോഗിക്കാം. കൃത്രിമ ഭാഗങ്ങള്‍ മെക്കാനിക്കലോ, ഇലക്ട്രോണിക്കോ അല്ലെങ്കില്‍ ഡിജിറ്റലോ ആകാം. പൂര്‍ണമായും യന്ത്രങ്ങളായ റൊബോട്ടുകളുമായി താരതന്യം ചെയ്യുമ്പോള്‍, സൈബോര്ഗുകള് പകുതി ജീവിയും പകുതി യന്ത്രവുമാണ്. സാങ്കേതികവിദ്യയുടെ സഹായത്തോടെ കഴിവുകള്‍ വര്‍ധിപ്പിച്ച യഥാര്‍ത്ഥ ജീവികളാണവ. മനുഷ്യരെ സൈബോര്ഗാക്കാനുള്ള ഗവേഷണം നടക്കുന്നുണ്ട്.
സൈബോര്‍ഗ് എന്ന ആശയത്തിനു പതിറ്റാണ്ടുകള്‍ പഴക്കമുണ്ട്. 1960ല്‍ മാന്‍ഫ്രെഡ് ക്ലൈന്‍സും നാഥന് കൈ്ലനും ചേര്‍ന്നാണ് ഈ വാക്ക് ആദ്യമായി ഉപയോഗിച്ചത്. ബഹിരാകാശ യാത്രകള്‍ക്കായി മനുഷ്യരെ പ്രാപ്തരാക്കുന്നതിനുള്ള വഴികള്‍ വിവരിക്കുമ്പോഴായിരുന്നു അത്.
മനുഷ്യശരീരത്തിലേക്ക് മെക്കാനിക്കല്‍, കെമിക്കല്‍ സംവിധാനങ്ങള്‍ സംയോജിപ്പിക്കുന്നത് ബഹിരാകാശത്തെ കഠിനമായ സാഹചര്യങ്ങളെ അതിജീവിക്കാന്‍ മനുഷ്യരെ സഹായിക്കുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. മനുഷ്യ ശരീരത്തെ സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുക എന്ന ആശയം ശാസ്ത്രജ്ഞരുടെയും എഴുത്തുകാരുടെയും ചലച്ചിത്ര പ്രവര്‍ത്തകരുടെയും ഭാവനയെ ആകര്‍ഷിച്ചു.
'റോബോകോപ്പ്', 'ദ് ടെര്‍മിനേറ്റര്‍', കൂടാതെ മാര്‍വലിന്റെ 'സൈബോര്‍ഗ്' തുടങ്ങിയ കഥാപാത്രങ്ങള്‍ ആ ആശയത്തെ ജനപ്രിയമാക്കി.




