
ഇന്നത്തെ സമൂഹത്തില്‍ ജാഗ്രത പെണ്‍കുട്ടികള്‍ക്കു മാത്രം മതിയോ? പോരെന്നാണു ദിനംപ്രതി നമുക്കിടയില്‍ നടക്കുന്ന ഓരോരോ സംഭവവികാസങ്ങളും തെളിയിക്കുന്നത്. ഏറ്റവുമൊടുവില്‍ പത്തനംതിട്ടയില്‍ 13 വയസുകാരിയെ സഹപാഠികള്‍ 11 പേര് ചേര്‍ന്നു പീഡിപ്പിച്ചു എന്ന വാര്‍ത്ത ഉദാഹരണം. വളരെ വേദന ഉളവാക്കുന്ന ഒരു വാര്‍ത്തയായിരുന്നു മാധ്യമങ്ങളില്‍ കണ്ടത്. എന്നാല്‍, പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ പീഡനം നടന്നിട്ടില്ലായെന്നു കണ്ടെത്തി. പോലീസ് അന്വേഷണം നടത്തിവരുന്നു. സത്യം പുറത്തുവരട്ടെ. ആണ്‍കുട്ടികള്‍ നിരപരാധികളാണെങ്കില്‍ അവരും കുടുംബങ്ങളും അനുഭവിച്ച മാനസിക വ്യഥയ്ക്ക് എന്തു പകരം കൊടുക്കനാവും?
അതേപോലെ വിവാഹ ബന്ധത്തില്‍ ഉണ്ടാകുന്ന പാകപ്പിഴകളിലും കുട്ടികളെ ഉപയോഗിച്ച് വ്യാജ പോക്സോ കേസുകള്‍ എടുക്കുന്നതായും കോടതി കണ്ടെത്തിയിരുന്നു. ഇതിലെ ഏറ്റവും അപകടകരമായ അവസ്ഥ സാധാരണ ക്രിമിനല്‍ കേസുകളില്‍ പ്രതിക്കെതിരേ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റം തെളിയിക്കേണ്ട ഉത്തരവാദിത്വം പ്രോസിക്യൂഷന് ആണെങ്കില്‍ പോക്സോ കേസുകളില്‍ പ്രതി കുറ്റക്കാരനാണെന്ന അനുമാനത്തോടെയാണു കേസ് ആരംഭിക്കുന്നത്. താന്‍ നിരപരാധിയാണെന്നു തെളിയിക്കേണ്ട ഉത്തരവാദിത്വം പ്രതിക്കു മാത്രമാകുന്നത് നിയമത്തെ കൂടുതല്‍ കര്‍ക്കശമാക്കുന്നു.
ലൈംഗികാതിക്രമങ്ങളില്‍നിന്നു കുട്ടികള്‍ക്കുള്ള സംരക്ഷണ നിയമം 2012 നവംബര്‍ 14ന് പ്രാബല്യത്തില്‍ വന്നതാണ്. എന്നാല്‍, ഇതിലെ ചട്ടങ്ങള്‍ റദ്ദ് ചെയ്തുകൊണ്ട് 2020ല്‍ പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വന്നു. ഇതും ഇക്കാലത്തെ കുട്ടികളുടെ സൗഹൃദത്തിലെ പ്രത്യേകതകളും കൂട്ടിവായിക്കേണ്ടി വരും.ഇപ്പോള്‍ ആണ്, പെണ് വേര്‍തിരിവില്ലാതെയാണ് കുട്ടികള്‍ ജീവിച്ചു വരുന്നത്. അത് വളരെ നല്ലതുമാണ്. പക്ഷേ, ഇതിനിടയില്‍ പ്രണയബദ്ധരാകുന്നവരുണ്ടാകാം. അത് ചിലപ്പോള്‍ അല്പകാലത്തിനു ശേഷം അവസാനിപ്പിച്ച് മറ്റൊരാളുമായി ബന്ധം തുടങ്ങുന്നവരുണ്ട്. ഇക്കാലഘട്ടത്തില്‍ കുട്ടികള്‍ വളരെ മാനസിക സമ്മര്‍ദം അനുഭവിക്കുന്നു. പലരും പുതിയ ചങ്ങാതിയുമായി അമിത സ്നേഹം പ്രകടിപ്പിച്ചുകൊണ്ട് പഴയ ചങ്ങാതിയെ പ്രകോപിപ്പിക്കാന്‍ ഈ സമയത്തു ശ്രമിക്കുന്നു. പഠനത്തില്‍ ശ്രദ്ധിക്കാതെ വരിക, വിഷാദത്തിലേക്ക് വഴുതി വീഴുക, ചിലപ്പോള്‍ ആത്മഹത്യ എന്നതൊക്കെ ഇതിന്റെ പേരില്‍ സംഭവിക്കാം.
18നു മുകളില്‍ പ്രായമുള്ള ആണ്‍കുട്ടികളും അവരുടെ മാതാപിതാക്കളും ശ്രദ്ധിക്കേണ്ട സാഹചര്യമാണിത്. 18നു മുകളില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ 18നു താഴെ പ്രായമുള്ള പെണ്‍കുട്ടികളുമായി പ്രണയിച്ച ശേഷം പിരിഞ്ഞാല്‍ അതിന്റെ വൈരാഗ്യം തീര്‍ക്കാനായി പോക്സോ കേസ് നല്കിയ സംഭവങ്ങളുണ്ട്. ഫോണിലൂടെ അയച്ചുനല്‍കിയ ഫോട്ടോകളും സന്ദേശങ്ങളുമൊക്കെ പലപ്പോഴും പോക്സോ കേസുകളിലേക്കു നയിക്കുന്നു. മാതാപിതാക്കള്‍ ഫോണ്‍ പരിശോധിക്കുമ്പോള്‍ കാണാനിടവരുന്ന ചാറ്റുകളും പലപ്പോഴും കേസിലാണ് ചെന്നു നില്ക്കുക.
18 മുതല്‍ 22 വയസുവരെയുള്ള പ്രായത്തില്‍ ആണ് കുട്ടികള്‍ക്ക് എന്തിനോടും തോന്നുന്ന വലിയതരത്തിലുള്ള ആകര്‍ഷണീയതയും എന്തും നേടിയെടുക്കാമെന്ന ചോരത്തിളപ്പും പിന്നീട് അപകടത്തിലേക്ക് നയിക്കുന്നു. ഇതിനിടയില്‍ പല ആളുകളുമായി ഒരേസമയം ചാറ്റ് ചെയ്യുകയും പരസ്പരം അറിയാതെ ഇതു മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യുന്ന വിരുന്മാരും നമ്മുടെ ഇടയിലുണ്ട്.
ഞാന്‍ നടത്തിയ ഒരു കേസില്‍ പലരുമായി ചാറ്റ് ചെയ്തിരുന്നത് 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടിയായിരുന്നു. പത്തു പേര്‍ക്ക് അവള് നഗ്നഫോട്ടോ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഫോണ്‍ പരിശോധിച്ച് ഇതു കണ്ടെത്തിയ മാതാവ് പോലീസില്‍ പരാതി നല്കി. വിവിധ വകുപ്പുകള്‍ പ്രകാരം എടുത്ത കേസുകളില്‍ അഞ്ചു വര്‍ഷത്തില്‍ താഴെയേ ശിക്ഷയുള്ളു. എങ്കിലും 15 ദിവസത്തിനു മുകളില്‍ ജയിലില്‍ കിടക്കേണ്ടതായി വരുന്നു എന്നത് മറക്കാതിരിക്കുക.
'ഓ ഒരു ഫോട്ടോ ആ പെണ്ണ് എന്റെ മകന് കൊടുത്തു. അത് ഇത്ര വലിയ കാര്യമാണോ' എന്ന് ചോദിക്കുന്ന മാതാപിതാക്കളാണ് ഏറെയും. പക്ഷേ, അത് അത്ര ചെറിയ കാര്യമല്ല. നമ്മുടെ മക്കള്‍ ജയിലില്‍ പോകുന്നതിന് ഇത് കാരണമായേക്കാം.
ആരുടേയും ഫോട്ടോകളും വീഡിയോകളും സ്നേഹമുള്ളപ്പോള്‍ അയച്ചു വാങ്ങുന്നത് ശരിയല്ലായെന്ന് കുട്ടികളെ പറഞ്ഞു മനസിലാക്കണം. അതുപോലെ ആണ്-പെണ് സൗഹൃദം മറ്റുതരത്തിലേക്ക് പോകുന്നത് അപകടമാണ് എന്നും അവരെ ബോധ്യപ്പെടുത്താന്‍ നാം ശ്രദ്ധിക്കണം. എന്റെ മക്കള്‍ യാതൊരു തെറ്റും ചെയ്യില്ല ഞങ്ങള്‍ വളരെ നല്ല രീതിയില്‍ ദൈവഭയത്തോടെയാണ് വളര്‍ത്തുന്നത്. അവന്റെ/അവളുടെ കൂട്ടുകാര്‍ എല്ലാം മോശമാണ്. എന്ന് പറയുന്ന മാതാപിതാക്കള്‍ ഒരുപാടുണ്ട് നമ്മുടെ സമൂഹത്തില്‍. ഇതില്‍ ഏറ്റവും പ്രശ്നക്കാര്‍ സ്വന്തം മക്കള്‍ തന്നെയായിരിക്കും. അത് സമ്മതിച്ചുകൊടുക്കാന്‍ ഒരു മാതാപിതാക്കളും തയാറല്ല.
കുട്ടികള്‍ തമ്മില്‍ നല്ല സൗഹൃദമുള്ളപ്പോള് അയച്ചു വാങ്ങുന്ന ഫോട്ടോകളും വീഡിയോകളും സൗഹൃദം നഷ്ടപ്പെടുമ്പോള്‍ മറ്റുള്ളവര്‍ക്ക് അയച്ചുകൊടുത്ത് വൈരാഗ്യം തീര്‍ക്കുന്ന സംഭവങ്ങളുണ്ട്. ഇതു മൂലം പെണ്‍കുട്ടിക്കു മാനസികപ്രശ്നവും, അവളുടെ വീട്ടുകാര്‍ക്ക് അപമാനവുമാകുനു. ഇതെല്ലാം കേസുകളിലേക്കും ആത്മഹത്യയിലേക്കും നയിക്കുകയും കുട്ടികള്‍ ജയിലിലാകുകയും ചെയ്യുന്നതായാണ് കണ്ടുവരുന്നത്. ഏതെങ്കിലും സാഹചര്യത്തില്‍ കൗമാര പ്രണയം കേസാകുമ്പോള്‍ ആണ്‍കുട്ടിയുടെ പ്രായം 18നു മുകളിലായാല്‍ അവന് കുടുങ്ങി. പിന്നെ പോക്സോ കേസിലെ പ്രതിയായി സമൂഹം അവനെ മുദ്രകുത്തുകയും കുടുംബത്തിന് നാട്ടിലിറങ്ങാന്‍ വയ്യാത്ത സാഹചര്യമുണ്ടാകുകയും ചെയ്യും. ആണ്‍കുട്ടികളുടെ ഏറ്റവും അപകടം നിറഞ്ഞ കാലഘട്ടം 18-22 വയസിനിടയിലാണ് എന്ന് മനസിലാക്കി മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
അഡ്വ. ആര്. മനോജ് പാലാ




