ഫിലാഡെല്‍ഫിയ: ഫ്രാന്‍സിനെ ഫുട്ബോള്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തിച്ച നായകന് കിലിയന്‍ എംബാപ്പെ കുറിച്ചത് അപൂര്‍വ നേട്ടം.
ലോകകപ്പ് നോക്കൗട്ടില്‍ ഏറ്റവും കൂടുതല്‍ ഗോളുകളെന്ന നേട്ടമാണ് എംബാപ്പെ കുറിച്ചത്. എംബാപ്പെ ഇതുവരെ 11 ഗോളുകളടിച്ചു. നോക്കൗട്ട് ഗോളുകളില്‍ ഇരട്ട സംഖ്യ കടക്കുന്ന ആദ്യ താരമാണ്. ലോകകപ്പിലെ ടോപ് സ്കോറര്‍ എന്ന ലയണല്‍ മെസിയുടെ (20) റെക്കോഡിനൊപ്പമെത്താന്‍ എംബാപ്പെയ്ക്ക് ഒരുവട്ടം കൂടി ഗോളടിച്ചാല്‍ മതി. മെസി ആറ് ലോകകപ്പുകളിലായാണ് 20 ഗോളുകളടിച്ചത്. എംബാപ്പെയുടെ കരിയറിലെ മൂന്നാമെത്ത ലോകകപ്പാണിത്.
ഫ്രാന്‍സിന്റെ തിയറി ഹെന്റി (ആറ്), ഒലിവര്‍ ഗീറൂഡ് (അഞ്ച്), സിനദിന്‍ സിദാന് (അഞ്ച്), കാരിം ബെന്‍സൈമ (മൂന്ന്) എന്നിവരെ ബഹുദൂരം പിന്നിലാക്കാന്‍ എംബാപ്പെയ്ക്കായി. നാലു പേരും കൂടി നേടിയ ഗോളുകള്ക്കൊപ്പമാണ് അവരുടെ പിന്‍ഗാമി. എംബാപ്പെയുടെ പെനാല്‍റ്റി ഗോളോടെ ഫ്രാന്‍സിന്റെ ലോകകപ്പ് അക്കൗണ്ട് 150 തികഞ്ഞു. ഏറ്റവും കൂടുതല്‍ ഗോളുകളടിച്ച രാജ്യങ്ങളുടെ പട്ടകയില്‍ നാലാം സ്ഥാനത്താണു മുന്‍ ചാമ്പ്യന്മാര്. ബ്രസീല്‍, ജര്‍മനി, അര്‍ജന്റീന എന്നിവരാണു മുന്നില്‍. ഈ ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ടിനായി ലയണല്‍ മെസിയും എംബാപ്പെയും തമ്മില്‍ മത്സരിക്കുകയാണ്. ഇരുവരും ഏഴ് ഗോള്‍ വീതമടിച്ചു. ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയെ നേരിടുമ്പോള്‍ എല്ലാ കണ്ണുകളും എംബാപ്പെയിലായിരിക്കും. ജയിച്ചാല്‍ ഫ്രാന്‍സിന്റെ തുടര്‍ച്ചയായ മൂന്നാം സെമി ഫൈനലായിരിക്കും.




