ഫിലാഡെല്‍ഫിയ: ഫ്രാന്‍സ് ഒരു ആക്രമണ ഫുട്ബോള്‍ സംഘമല്ലെന്ന് കിലിയന്‍ എംബാപ്പെ. വേണ്ടി വന്നാല്‍ ശാരീരികക്ഷമത വേണ്ട കടുപ്പമേറിയതുമായ കളിശൈലിയെ നേരിടാനും തങ്ങള്‍ക്കു കഴിയുമെന്ന് എംബാപ്പെ പറഞ്ഞു. പരാഗ്വേയ്ക്കെതിരായ പ്രീ ക്വാര്‍ട്ടറിനു ശേഷം സംസാരിക്കുകയായിരുന്നു ഫ്രഞ്ച് നായകന്.
''കൈകളില്‍ ചെളി പുരട്ടേണ്ടി വന്നാല്‍ അതിനും തയാറാണ്. ഞങ്ങള്‍ ജഴ്സിയുമിട്ട്, വണ്‍-ടു പാസുകളും മനോഹരമായ മുന്നേറ്റങ്ങളുമായി കളിക്കാന്‍ വരുമെന്നാണ് പരാഗ്വേക്കാര് കരുതിയത്. എങ്ങനെ വൃത്തികെട്ട കളി കളിക്കണമെന്നും ഞങ്ങള്‍ക്കറിയാം. ഇന്നലെ ചെയ്തത് അതാണ്, അതില്‍ വിജയിക്കുകയും ചെയ്തു. തരത്തില്‍ കളിച്ചിട്ടും അവരേക്കാള്‍ മികച്ചവര്‍ ഞങ്ങള്‍ തന്നെയായിരുന്നു'' എംബാപ്പെ തുടര്‍ന്നു. പരുക്കന്‍ കളികളിച്ച് ഫ്രാന്‍സിന്റെ താളംതെറ്റിക്കാനായിരുന്നു പരാഗ്വേ ശ്രമിച്ചത്. എതിരാളികളെ പ്രകോപിപ്പിക്കാനുള്ള ശ്രമങ്ങളും അവരുടെ ഭാഗത്തുനിന്നുണ്ടായി. ഇത്തരമൊരു മത്സരമാണ് തങ്ങള്‍ പ്രതീക്ഷിച്ചതെന്ന് എംബാപ്പെ പറഞ്ഞു. ആക്രമണ ഫുട്ബോള്‍ മാത്രമറിയുന്ന ടീമല്ലെന്നു ഞങ്ങള്‍ തെളിയിച്ചെന്നും എംബാപ്പെ പറഞ്ഞു. പരാഗ്വേ താരങ്ങള്‍ എംബാപ്പെ വീഴ്ത്താന്‍ സാധ്യതയുണ്ടെന്നും നായകനു കരുതലായി നില്‍ക്കണമെന്നും ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാംപ്സ് മറ്റു താരങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.




