
ഫിലാഡെല്‍ഫിയ: പരാഗ്വേയെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ച് ഫ്രാന്‍സും കാനഡയെ 3-0 ത്തിനു തോല്‍പ്പിച്ച് മൊറോക്കോയും ഫുട്ബോള്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഫിലാഡെല്‍ഫിയ സ്റ്റേഡിയത്തില്‍ പരാഗ്വേയ്ക്കെതിരേ നടന്ന പ്രീ ക്വാര്‍ട്ടറില്‍ കിലിയന്‍ എംബാപ്പെയാണു ഫ്രാന്‍സിനായി ഗോളടിച്ചത്. ഹൂസ്റ്റണ്‍ സ്റ്റേഡിയത്തില്‍ കാനഡയ്ക്കെതിരേ നടന്ന മത്സരത്തില്‍ മൊറോക്കോയ്ക്കായി അസെദിന്‍ ഔനാഹി ഇരട്ട ഗോളടിച്ചു. സൂഫിയാന റഹീമിയാണ് ഒരു ഗോളടിച്ചത്. ക്വാര്‍ട്ടറില്‍ ഫ്രാന്‍സും മൊറോക്കോയും തമ്മില്‍ ഏറ്റുമുട്ടും. ഫ്രാന്‍സും പരാഗ്വേയും തമ്മിലുള്ള പോരാട്ടം പരുക്കനായിരുന്നു. കളിയിലുടനീളം എംബാപ്പെയ്ക്കെതിരേ പരാഗ്വേക്കാര് കടുപ്പന് ടാക്ലിങ്ങുകള്‍ അഴിച്ചുവിട്ടു. ഫൈനല്‍ വിസിലിന് ശേഷം താരങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റം കൈയാങ്കളിയുടെ വക്കിലെത്തി. ഫ്രാന്‍സിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി കിക്ക് തടസപ്പെടുത്താന്‍ കിക്ക് സ്പോട്ട് കേടാക്കാനും പരാഗ്വേ താരങ്ങള്‍ ശ്രമിച്ചു. ഫ്രഞ്ച് താരങ്ങള്‍ മൂന്ന് മഞ്ഞക്കാര്‍ഡുകള്‍ കണ്ടപ്പോള്‍ റഫറി പരാഗ്വേയ്ക്കെതിരേ ഒരുവട്ടം പോലും കാര്ഡുയര്ത്തിയില്ല.
റഫറി ഇല്‍ഗിസ് ടാന്റാഷേവിന്റെ ഈ നടപടി സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനത്തിനു വഴിയായി. ഫ്രഞ്ചുകാരെ ഗോളടിക്കാന്‍ വിടാതിരിക്കുകയെന്ന നയമാണു പരാഗ്വേ കോച്ച് ഗുസ്താവോ അല്‍ഫാറോ സ്വീകരിച്ചത്. ജൂലിയോ എന്‍സിസോയെ മുന്നില്‍ നിര്‍ത്തിയ 5-4-1 ഫോര്‍മേഷനാണു അവര്‍ അവലംബിച്ചത്. അഞ്ച് പേര് പിന്നില്നിന്നത്് എതിരാളിയെ അനങ്ങാന്‍ വിടാത്ത കുപ്രസിദ്ധമായ "ബസ് പാര്‍ക്കിങ്ങായി". ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാംപ്സ് എംബാപ്പെയെ മുന്നില്‍ നിര്‍ത്തിയ 4-2-3-1 ഫോര്‍മേഷനാണു താല്പര്യപ്പെട്ടത്്്. പരുക്കേറ്റ ചൗയാമെനിക്കു പകരം മാനു കോനെ കളത്തിലെത്തി. ബ്രാഡ്ലി ബാര്‍കോള, മൈക്കിള്‍ ഒലിച്, ഒസുമാനെ ഡെംബലെ എന്നിവര്‍ നായകനു പിന്നില്‍ അണിനിരന്നു. കളിയുടെ 76 ശതമാനം സമയത്തും പന്ത് ഫ്രഞ്ച് താരങ്ങളുടെ പക്കലായിരുന്നു. ഫ്രാന്‍സ് പരാഗ്വേ ബോക്സിലേക്ക് 15 ഷോട്ടുകളും ഗോള്‍ മുഖത്തേക്ക് അഞ്ച് ഷോട്ടുകളും പായിച്ചു. ഗോള്‍ കീപ്പര്‍ ഒര്‍ലാന്‍ഡോ ഗില്ലിന്റെ സേവുകളാണ് ഗോള്‍ ഒന്നലൊതുക്കിയത്. പ്രതിരോധത്തില്‍ കൂടുതല്‍ ശ്രദ്ധിച്ച പരാഗ്വേ ഫ്രഞ്ച് ഗോള്‍ കീപ്പര്‍ മൈക്ക് മായ്ഗാനെ ഒരുവട്ടം മാത്രമാണു പരീക്ഷിച്ചത്. മുന്‍ ലോക ചാമ്പ്യന്മാരുടെ ബോക്സിലേക്ക് ആകെ അഞ്ച് ഷോട്ടുകളാണെത്തിയത്്.
ഗോളടിക്കാന്‍ പഴുത് കിട്ടാതെ വലഞ്ഞ ഫ്രാന്‍സിന് 61-ാം മിനിറ്റില്‍ ബാര്‍കോളയ്ക്കു പകരം ഡിസയര്‍ ഡ്യു എത്തിയതോടെയാണു വഴി തുറന്നത്. 68-ാം മിനിറ്റില്‍ പരാഗ്വേ ബോക്സില്‍ ഡീഗോ ഗോമസ് ഡിസയര്‍ ഡ്യുവിനെ വീഴ്ത്തി. റഫറി വാര് പരിശോധിച്ച ശേഷമാണു പെനാല്‍റ്റി വിധിച്ചത്. കിക്ക് സ്പോട്ട് കേടാക്കാനുള്ള പരാഗ്വേ താരങ്ങളുടെ ശ്രമം എംബാപ്പെയ്ക്കു മുന്നില്‍ ഫലിച്ചില്ല. ഗില്ലിനെ തെറ്റായ ദിശയിലേക്കു ഡൈവ് ചെയ്യിച്ച ഫ്രഞ്ച് നായകന് അനായാസം ഗോളടിച്ചു. ഈ ലോകകപ്പില്‍ എംബാപ്പെയുടെ ഏഴാം ഗോളാണിത്. ഗോള്‍ വീണതോടെയാണു പരാഗ്വേ മുന്നേറ്റങ്ങള്‍ തുടങ്ങിയത്. 90-ാം മിനിറ്റില്‍ ഫ്രഞ്ച് ഗോള്‍ കീപ്പര്‍ മൈക്ക് മായ്ഗാന് ആദ്യ സേവും നടത്തി. പിന്നാലെ എംബാപ്പെയ്ക്കെതിരേ ഗില്‍ ഡബിള്‍ സേവുമായി നിറഞ്ഞു. ക്വാര്‍ട്ടറില്‍ മൊറോക്കോയാണു ഫ്രാന്‍സിനെ നേരിടുക.




