
അര്‍ലിങ്ടണ്‍: മുന്‍ ചാമ്പ്യന്‍ സ്പെയിനും ഇതുവരെ ജേതാക്കളാകാത്ത പോര്‍ചുഗലും ഫുട്ബോള്‍ ലോകകപ്പില്‍ മുഖാമുഖം. ഡാളസ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30 മുതലാണ് അയല്‍ക്കാര്‍ കൂടിയായ പോര്‍ചുഗലും സ്പെയിനും തമ്മിലുള്ള മത്സരം.
ഇരുവരും തമ്മില്‍ 41 കളികളില്‍ ഏറ്റുമുട്ടി. 18 ജയം കുറിച്ച സ്പെയിനാണു മുന്‍തൂക്കം. പോര്‍ചുഗല്‍ ഏഴ് തവണയും ജയിച്ചു. 16 മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. ലോകകപ്പില്‍ ഇതുവരെ നാല് മത്സരങ്ങളിലാണ് പോര്‍ചുഗലും സ്പെയിനും ഏറ്റുമുട്ടിയത്. രണ്ട് മത്സരങ്ങള്‍ ജയിച്ച സ്പെയിനാണു മുന്‍തൂക്കം. രണ്ട് മത്സരങ്ങള്‍ സമനിലയായി.
2018 ലോകകപ്പിലെ ഗ്രൂപ്പ് പോരാട്ടം എക്കാലത്തെയും മികച്ച മത്സരങ്ങളിലൊന്നായിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ചുഗലിനായി ഹാട്രിക്കടിച്ചു. ഡീഗോ കോസ്റ്റ സ്പെയിനായി ഇരട്ട ഗോളുമടിച്ചു. മത്സരം 3-3 നു സമനിലയില്‍ അവസാനിച്ചു. കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന നേഷന്‍സ് ലീഗില്‍ സ്പെയിനെ (5-2) പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിക്കാന്‍ പോര്‍ചുഗലിനായി. 41 വയസുകാരനായ ക്രിസ്റ്റ്യാനോയും സ്പെയിന്റെ 18 വയസുകാരന് ലാമിനെ യമാലും തമ്മിലുള്ള തലമുറകളുടെ പോരാട്ടം കൂടിയാണ് ഇന്നത്തെ മത്സരം. 2010 ലെ ലോകകപ്പ് ചാമ്പ്യനാണ് സ്പെയിന്.




