
ഹൂസ്റ്റണ്‍: ഫുട്ബോള്‍ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ മൊറോക്കോ കാനഡയെ അക്ഷരാര്‍ഥത്തില്‍ ഗോളടിക്കാന്‍ പഠിപ്പിക്കുകയായിരുന്നു. ഹൂസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ 44 ശതമാനം സമയത്ത് പന്ത് കാല്ക്കലുണ്ടായിരുന്നെങ്കിലും കാനഡക്കാര്‍ക്കു ഗോളടിക്കാനായില്ല.
ആകെ പത്ത് ഷോട്ടുകളാണ് അവര്‍ മൊറോക്കന്‍ ബോക്സിലേക്കു പായിച്ചത്. മൂന്നെണ്ണം ഗോളിലേക്കുള്ള ഷോട്ടുകളുമായി. ഗോള്‍ കീപ്പര്‍ യാസിനോ ബൗസിന്റെ മികവിനു മുന്നില്‍ അതെല്ലാം പരാജയമായി. മൊറോക്കോ അഞ്ചുവട്ടമാണു കനേഡിയന്‍ ബോക്സിലേക്കു ഷോട്ടെടുത്തത്്. ഗോളിലേക്കുള്ള നാല് ഷോട്ടുകളില്‍ ഒരെണ്ണം മാത്രം വിഫലമായി. കനേഡിയന്‍ കോച്ച് ജെസെ മാര്‍ഷ് 4-4-2 ഫോര്‍മേഷനും മൊറോക്കോയുടെ കോച്ച് മുഹമ്മദ് ക്വാഭി ഇസ്മായില്‍ സായ്ബാരിയെ മുന്നില്‍ നിര്‍ത്തിയ 4-2-3-1 ഫോര്‍മേഷനും ഒരുക്കി. മത്സരത്തിലുടനീളം മൊറോക്കോ മികച്ച മുന്നേറ്റങ്ങള്‍ നടത്തി.
രണ്ടാം പകുതിയിലാണ് മൂന്നു ഗോളുകളും വീണത്. മത്സരം ആരംഭിച്ചതു മുതല്‍ തന്നെ വിട്ടുകൊടുക്കാതെയുള്ള പോരാട്ടമായിരുന്നു ഇരുടീമുകളും കാഴ്ചവെച്ചത്. ആദ്യ മിനിറ്റുകളില്‍ തന്നെ ഇരു ടീമുകളും മുന്നേറി. അഞ്ചാം മിനിറ്റില്‍ കാനഡയ്ക്കായി ജൊനാതന്‍ ഡേവിഡിന് മികച്ച അവസരം കിട്ടി. ഗോള്‍ കീപ്പര്‍ യാസിന് ബൗനുവിന്റെ കൃത്യമായ ഇടപെടല്‍ ഗോള്‍ വിഫലമാക്കി. 10-ാം മിനിറ്റില്‍ ടാനി ഒലുവാസെയുടെ ഗോള്‍ ശ്രമവും ബൗനു സേവ് ചെയ്തു. ആദ്യ 20 മിനിറ്റില്‍ കാനഡയായിരുന്നു കൂടുതല്‍ മുന്നേറ്റങ്ങള്‍ നടത്തിയത്.
പിന്നീട് മൊറോക്കോയും മുന്നേറ്റങ്ങള്‍ നടത്തി. ഇരു ടീമുകളിലേയും താരങ്ങള്‍ കടുത്ത ഫൗളിന് വിധേയമായി. കളി പരുക്കനായി മാറി. ഒന്നാം പകുതിയുടെ അവസാനം ഉന്തും തള്ളുമുണ്ടായി. അതോടെ റഫറി മഞ്ഞക്കാര്‍ഡ് പുറത്തെടുത്തു. ഇരുടീമുകള്‍ക്കും നാല് വീതം മഞ്ഞക്കാര്‍ഡ് കിട്ടി.
ഒന്നാം പകുതി ഗോള്‍രഹിതമായാണ് അവസാനിച്ചത്. 50-ാം മിനിറ്റില്‍ മൊറോക്കോ മുന്നിലുമെത്തി. അഷ്റഫ് ഹക്കിമിയുടെ പാസിനെ തകര്‍പ്പന്‍ ഷോട്ടിലൂടെ അസെദിന്‍ ഔനാഹി ഗോളാക്കി. ഗോള്‍ കീപ്പര്‍ മാക്സിമെ ക്രെപു കാഴ്ചക്കാരന് മാത്രമായി. ഗോള്‍ വീണതോടെ കളി കടുത്തു. തിരിച്ചടിക്കാന്‍ കാനഡ ആഞ്ഞുശ്രമിച്ചതോടെ മൊറോക്കോ പ്രതിരോധമുയര്‍ത്തി.
കളി തീരാന്‍ എട്ട് മിനിറ്റ് ശേഷിക്കേ കനേഡിയന്‍ വലയില്‍ വീണ്ടും പന്തെത്തി. മികച്ച പ്രത്യാക്രമണത്തിലൂടെയാണു ഗോള്‍ പിറന്നത്. വലതുവിങ്ങില്‍ നിന്ന് ബ്രാഹിം ഡയസ് നല്കിയ പാസ് ഔനാഹി ലക്ഷ്യത്തിലെത്തിച്ചു. ഗോള്‍ പിറന്ന ശേഷവും മൊറോക്കോ മികച്ച നീക്കങ്ങള്‍ നടത്തി. മറുവശത്ത് കാനഡയുടെ ഗോള്‍ശ്രമങ്ങളെല്ലാം ബൗനുവും സംഘവും പ്രതിരോധിച്ചു. ഇഞ്ചുറി ടൈമില്‍ സൂഫിയാന റഹീമി മൂന്നാം ഗോളുമടിച്ചതോടെ കാനഡ സഹ ആതിഥേയര്‍ മാത്രമായി കളി കാണും.




