
ന്യൂജഴ്സി: ഒരുപക്ഷേ ഈ ലോകകപ്പില്‍ ആരും നേരിടാന്‍ ആഗ്രഹിക്കാത്ത സ്ട്രൈക്കര്‍ നോര്‍വേയുടെ എര്‍ലിംഗ് ഹാളണ്ടായിരിക്കും എന്ന കാര്യത്തില്‍ തര്‍ക്കം ഉണ്ടാകില്ല. കരുത്തരായ ബ്രസീലിനെ 2-1 ന് പരാജയപ്പെടുത്തി നോര്‍വേ ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
ഈ പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബോക്സിനുള്ളില്‍ വെറും നാല് തവണ മാത്രമാണ് ഈ 25-കാരന് പന്ത് തൊടാനായത്. എന്നാല്‍ അതിലൊന്നിലൂടെ, കളിയുടെ 79-ാം മിനിറ്റില്‍ അദ്ദേഹം നോര്‍വേയ്ക്ക് നിര്‍ണായക ലീഡ് സമ്മാനിച്ചു. 11 മിനിറ്റുകള്‍ക്ക് ശേഷം ബോക്സിന് പുറത്ത് നിന്നുള്ള ഒരു ലോങ് ഡ്രൈവിലൂടെ നേടിയ രണ്ടാമത്തെ ഗോള്‍ ക്ലിനിക്കല്‍ ഫിനിഷിങ് ശൈലിക്ക് അടിവരയിടുന്നതായിരുന്നു.
ഈ ഗോളോടെ ഏഴ് ഗോളുകളുമായി ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ, അര്‍ജന്റീനയുടെ ലയണല്‍ മെസ്സി എന്നിവര്‍ക്കൊപ്പം ഹാളണ്ട് ഒന്നാമതെത്തി. ഹാളണ്ടിന്റെ ഗോളുകള്‍ തെക്കേ അമേരിക്കന്‍ കരുത്തര്‍ക്കെതിരെ നോര്‍വേയ്ക്ക് ചരിത്രപരമായ വിജയമാണ് സമ്മാനിച്ചത്. 1998-ന് ശേഷം ആദ്യമായി ലോകകപ്പില്‍ മത്സരിക്കുന്ന സ്റ്റാലെ സോല്‍ബാക്കന്റെ ടീം, അവിശ്വസനീയമായ ഒരു ലോകകിരീടത്തിലേക്ക് ഇനി വെറും മൂന്ന് വിജയങ്ങള്‍ മാത്രം അകലെയാണ്.
ഇത് നോര്‍വേയുടെ നാലാമത്തെ ലോകകപ്പ് ആയിരുന്നു. ഇതിന് മുമ്പ് അവര്‍ പ്രീക്വാര്‍ട്ടറില്‍ എത്തിയത് 1998 ന് ശേഷമാണ്. കഴിഞ്ഞ ചൊവ്വാഴ്ച വരെ അവര്‍ ഒരു ലോകകപ്പ് നോക്കൗട്ട് മത്സരം പോലും ജയിച്ചിരുന്നില്ല. ഇപ്പോള്‍ അവര്‍ തുടര്‍ച്ചയായി രണ്ട് മത്സരങ്ങളാണ് ജയിച്ചു കയറിയിരിക്കുന്നത്. ഏറ്റവും ഒടുവിലത്തെ വിജയം ഏറ്റവും മധുരതരമാണ്. അഞ്ച് തവണ ചാമ്പ്യന്മാരായ, ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമിനെതിരെയാണ് നോര്‍വേ വിജയത്തിന്റെ സന്തോഷം നുണഞ്ഞിരിക്കുന്നത്.




