
ന്യൂജഴ്സി: ഒരു ഫുട്ബോള്‍ മൈതാനത്ത് ഏറ്റവും എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുന്ന ഒന്നാണ് എര്‍ലിങ് ഹാളണ്ടിന്റെ ആടിയുലയുന്ന സ്വര്‍ണ്ണത്തലമുടി. മിക്കപ്പോഴും, പ്രതിരോധനിരക്കാര്‍ പിന്നാലെ പായുമ്പോള്‍ അദ്ദേഹം പൂര്‍ണ്ണ വേഗതയില്‍ തുറന്ന ഇടങ്ങളിലേക്ക് കുതിക്കുന്നത് കാണാം. ഞായറാഴ്ചയും അത് അങ്ങിനെ തന്നെയായിരുന്നു. കിട്ടിയ നാലു ടച്ചില്‍ രണ്ടും അദ്ദേഹം ഗോളടിച്ചു ടീമിനെ ക്വാര്‍ട്ടറിലേക്ക് നടത്തി.
ബ്രസീലിനെതിരേ ഇരട്ടഗോളോടെ ഹാളണ്ടിന്റെ ഗോള്‍നേട്ടം ഏഴായി ടോപ് സ്കോറര്‍മാരില്‍ മെസ്സിക്കും എംബാപ്പേയ്ക്കും ഒപ്പമായിട്ടുണ്ട്. കഴിഞ്ഞ നാലു മത്സരങ്ങളില്‍ നിന്നുമാണ് ഈ നേട്ടം ഉണ്ടാക്കിയത്. നോര്‍വേയ്ക്കായി ഹാളണ്ടിന്റെ അമ്പരപ്പിക്കുന്ന ചില കണക്കുകളുണ്ട്. നാര്വേയ്ക്കായി കളിച്ച ഓരോ 0.88 മത്സരത്തിലും ശരാശരി ഒരു ഗോള്‍ വീതം ഹാളണ്ട് നേടുന്നുണ്ട്. ഹാളണ്ടിന്റെ അന്താരാഷ്ട്ര കരിയറില്‍ മാള്ഡോവയ്ക്കെതിരെ അഞ്ച് ഗോളുകള്‍ നേടിയ റെക്കോര്‍ഡും മറ്റ് അഞ്ച് ഹാട്രിക്കുകളും ഇതിലുണ്ട്.
നാല് മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകളുമായി ഹാളണ്ട് ലോകവേദിയില്‍ കഴിവ് തെളിയിച്ചിരിക്കുന്ന ഈ 25 കാരന് ഗ്രൂപ്പ് ഘട്ടത്തില്‍ ഇറാഖ്, സെനഗല്‍ എന്നിവര്‍ക്കെതിരെ രണ്ട് ഗോളുകള്‍ വീതം നേടി. പിന്നീട് ഫ്രാന്‍സിനോട് വന്‍ തോല്‍വി ഏറ്റുവാങ്ങിയ മത്സരത്തില്‍ അദ്ദേഹത്തിന് ടീം വിശ്രമം അനുവദിച്ചിരുന്നു. അതിന് ശേഷമാണ് പ്രീ-ക്വാര്‍ട്ടറില്‍ ബ്രസീലിനെതിരെ കളിക്കാനിറങ്ങിയത്. അപ്പോള്‍ അത് ഇരട്ടഗോളുമായി. ഇതിന് മുമ്പ് 32 മത്സരത്തില്‍ ഐവറി കോസ്റ്റിനെതിരെ വിജയഗോള്‍ നേടിയത് ഹാളണ്ടായിരുന്നു.
നോര്‍വേയ്ക്കായി ഹാളണ്ട് 54 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 62 ഗോളുകള്‍ നേടിയിട്ടുണ്ട് അതായത് ശരാശരി ഓരോ 71 മിനിറ്റിലും ഒരു ഗോള്‍. ഇതില്‍ ആറെണ്ണം മാത്രമാണ് പെനാല്‍റ്റിയിലൂടെ നേടിയത്. നോര്‍വേയ്ക്കായി കളിച്ചപ്പോള്‍ ഗോള്‍ നേടാതിരുന്ന ഏക ഔദ്യോഗിക മത്സരം 2024 ഒക്ടോബറിലെ നേഷന്‍സ് ലീഗില്‍ ഓസ്ട്രിയക്കെതിരായ നടന്നതാണ്്. ബ്രസീലിനെതിരേ നടന്ന മത്സരം ഹാളണ്ടും ബ്രസീലിയന്‍ പ്രതിരോധക്കാരന് ഗബ്രിയേലും തമ്മിലുള്ള മത്സരമായി വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ മത്സരത്തില്‍ രണ്ടുഗോളുകള്‍ നേടിക്കൊണ്ടാണ് ഹാളണ്ട് താരമായി മാറിയത്.
നോര്‍വേയെ മുന്നിലെത്തിച്ച ഹെഡ്ഡര്‍ നേടുമ്പോള്‍ ഹാളണ്ട് ഗബ്രിയേലിനെയാണ് മറികടന്നത്, എന്നാല്‍ രണ്ടാമത്തെ ഗോള്‍ നേടുമ്പോള്‍ ബ്രസീലിയന്‍ ഡിഫന്‍ഡര്‍ ഒരു കാഴ്ചക്കാരന് മാത്രമായിരുന്നു. മത്സരത്തില്‍ മുഴുവനായും ഹാളണ്ടിന് 30 ടച്ചുകളാണ് ആകെ ലഭിച്ചത് . പൂര്‍ത്തിയാക്കിയത് വെറും 13 പാസുകള്‍ മാത്രം.





