
മെക്‌സിക്കോസിറ്റി: സ്വന്തം കാണികള്‍ക്ക് മുന്നില്‍ കരുത്തരായ ഇംഗ്‌ളണ്ടിനെതിരേ ഉജ്വല പോരാട്ടം നടത്തിയെങ്കിലും ആതിഥേയരായ മെക്‌സിക്കോ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. പ്രീ ക്വാര്‍ട്ടറില്‍ രണ്ടിെനതിരേ മൂന്ന് ഗോളുകള്‍ക്ക് മെക്‌സിക്കോയെ ഇംഗ്‌ളണ്ട് തകര്‍ത്തുവിട്ടു.
ജൂഡ് ബെല്ലിംഗാം ഇരട്ടഗോളുകള്‍ േനടിയപ്പോള്‍ നായകന്‍ ഹാരികെയ്‌നും ഗോള്‍ നേട്ടമുണ്ടാക്കി. മെക്‌സിക്കോയുടെ ഗോളുകള്‍ ക്വിനോനോനസും ജിംനെസും നേടി. അവസാന മിനിറ്റുകളില്‍ മെക്‌സിക്കോ ഉയര്‍ത്തിവിട്ട ആക്രമണത്തിരയെ ഇംഗ്‌ളണ്ട് ഫലപ്രദമായി പ്രതിരോധിച്ചു. ക്വാര്‍ട്ടറില്‍ കരുത്തരായ നോര്‍വേയാണ് ഇംഗ്‌ളണ്ടിന് എതിരാളികളാകുക.
കളിയുടെ ആദ്യപകതിയില്‍ ബെല്ലിംഗാം ഇരട്ടഗോളുകളുമായി ടീമിനെ മുന്നിലെത്തിച്ചിരുന്നു. മുപ്പത്താറാം മിനിറ്റില്‍ സാക്ക നല്‍കിയ പന്തില്‍ ബെല്ലിംഗാമിന്റെ ഡൈവിംഗ് ഹെഡ്ഡര്‍ ഇംഗ്‌ളണ്ടിനെ മുന്നിലെത്തിച്ചു. രണ്ടുമിനിറ്റിന് ശേഷം ബെല്ലിംഗാം വീണ്ടും സ്‌കോര്‍ ചെയ്തു. ഇത്തവണ നായകന്‍ ഹാരി കെയ്ന്‍ നല്‍കിയ പന്തായിരുന്നു റയല്‍മാഡ്രിഡ് താരം വലയിലാക്കിയത്. ഇടവേളയില്‍ ഇംഗ്‌ളണ്ട് രണ്ടുഗോളിന് മുന്നിലായിരുന്നു. രണ്ടാം പകുതിയില്‍ മെക്‌സിക്കോ തിരിച്ചടിച്ചു. ഒരു ഫ്രീകിക്കിനെ പ്രതിരോധിച്ച ഇംഗ്‌ളണ്ട് പ്രതിരോധനിരയുടെ കാലില്‍ തട്ടിവന്ന പന്ത് നിലംതൊടും മുമ്പ് ജൂലിയന്‍ ക്വിനോനസ് ഗോളിലേക്ക് പറത്തിവിട്ടു.
കളിയുടെ 54 ാം മിനിറ്റില്‍ ക്വാന്‍സാ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായത് ഇംഗ്‌ളണ്ടിന് തിരിച്ചടിയായെങ്കിലും സ്‌ട്രൈക്കര്‍മാരെ പിന്‍വലിച്ച് പ്രതിരോധത്തെ ഇറക്കി ഇംഗ്‌ളണ്ട് പരിഹരിക്കുകയായിരുന്നു. ജീസസ് ഗല്ലാര്‍ഡോയെ അപകടകരമായി ഫൗള്‍ ചെയ്തതിനായിരുന്നു ജാറല്‍ ക്വാനാഷിന് ചുവപ്പ് കാര്‍ഡ് കിട്ടിയത്.
പിന്നാലെ ഇംഗ്‌ളണ്ട് വീണ്ടും ലീഡ് എടുത്തു. ആന്റണി ഗോര്‍ദനെ മെക്‌സിക്കാന്‍ ഗോളി ഫൗള്‍ ചെയ്തതിന് പെനാല്‍റ്റി. കെയ്ന്‍ മനോഹരമായി പന്ത് വലയിലേക്ക് വിട്ടു. പത്തുപേരായി ചുരുങ്ങിപ്പോയ ഇംഗ്‌ളണ്ടിനെതിരേ മെക്‌സിക്കോ വീണ്ടും ഗോളടിച്ചു. റൗള്‍ ജിംനസിന്റെ വകയായിരുന്നു പെനാല്‍റ്റിയില്‍ നിന്നുള്ള ഈ ഗോള്‍. ബ്രയാന്‍ ഗുട്ടിറെസിനെ ഇംഗ്‌ളീഷ് നായകന്‍ കെയ്ന്‍ ഫൗള്‍ ചെയ്തതിനായിരുന്നു പെനാല്‍റ്റി.





