
ന്യൂജഴ്സി: ലോകകപ്പ് പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ നോര്‍വേയോട് തോറ്റതിന് പിന്നാലെ ബ്രസീല്‍താരം നെയ്മര്‍ ജുനിയര്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കാനൊരുങ്ങുന്നു. ബ്രസീലിന്റെ ലോകകപ്പ് യാത്ര അവസാനിച്ചതിന് പിന്നാലെയാണ് നെയ്മര്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ബ്രസീലിന്റെ ആറാം ലോകകപ്പ് കിരീടമെന്ന സ്വപ്നം ദീര്‍ഘകാലമായി ചുമലിലേറ്റിയ 34 കാരനായ താരം മത്സരശേഷം വികാരാധീനനാവുകയും ദേശീയ ടീമിനൊപ്പമുള്ള തന്റെ യാത്ര അവസാനിച്ചതായി സൂചിപ്പിക്കുകയും ചെയ്യുകയായിരുന്നു. 'ഞാന്‍ ശ്രമിച്ചു, പരമാവധി ശ്രമിച്ചു. ഇപ്പോള്‍ എല്ലാം അവസാനിച്ചു. ഞാന്‍ ഇവിടെയാണ് തുടങ്ങിയത്, ഇവിടെത്തന്നെ ഇത് അവസാനിപ്പിക്കുന്നു.' തോല്‍വിക്ക് ശേഷം ജിഇടിവിയോട് സംസാരിക്കവെ നെയ്മര്‍ പറഞ്ഞു.
2010-ല്‍ അമേരിക്കയ്ക്കെതിരെ നെയ്മര്‍ തന്റെ സീനിയര്‍ ബ്രസീല്‍ അരങ്ങേറ്റം കുറിച്ച മെറ്റ്ലൈഫ് സ്റ്റേഡിയത്തെക്കുറിച്ചായിരുന്നു ആ പരാമര്‍ശം. പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം, അതേ സ്റ്റേഡിയത്തില്‍, നോര്‍വേയുടെ കൈകളാല്‍ ബ്രസീല്‍ പുറത്തായതോടെ അദ്ദേഹത്തിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് വിരാമമായി. വലിയ പ്രതീക്ഷകളോടെയാണ് ബ്രസീല്‍ നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നത്, എന്നാല്‍ നോര്‍വേ അവര്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചു. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി നെയ്മര്‍ ബ്രസീലിന്റെ ഏക ഗോള്‍ നേടിയിരുന്നു.
കരിയറില്‍ ഇതുവരെ നേടാനാകാത്ത ഒരേയൊരു കിരീടം സ്വന്തമാക്കാനുള്ള നെയ്മറുടെ അവസാനത്തെ യഥാര്‍ത്ഥ അവസരമായാണ് 2026 ലെ ലോകകപ്പ് പരക്കെ വിലയിരുത്തപ്പെട്ടത്. പരിക്കുകള്‍ കാരണം ടൂര്‍ണമെന്റിന് മുമ്പുള്ള വര്‍ഷങ്ങളില്‍ അന്താരാഷ്ട്ര ഫുട്ബോളിലെ ഭൂരിഭാഗം മത്സരങ്ങളും അദ്ദേഹത്തിന് നഷ്ടമായിരുന്നു. ദേശീയ ടീമിനായി 129 മത്സരങ്ങളില്‍ നിന്ന് 80 ഗോളുകള്‍ നേടിയ നെയ്മര്‍, പെലെയുടെ ഔദ്യോഗിക ഗോള്‍ റെക്കോര്‍ഡിനെ മറികടന്ന് ബ്രസീല്‍ പുരുഷ ടീമിന്റെ എക്കാലത്തെയും മികച്ച ടോപ്പ് സ്കോററായാണ് കരിയര്‍ അവസാനിപ്പിക്കുന്നത്.
കൗമാരക്കാരനായി അരങ്ങേറ്റം കുറിച്ചതുമുതല്‍ നാല് ലോകകപ്പുകളില്‍ ബ്രസീലിന്റെ മുന്നേറ്റ നിരയുടെ പ്രധാന മുഖമായിരുന്നു നെയ്മര്‍. നാലു ലോകകപ്പ് ടൂര്‍ണമെന്റില്‍ കളിച്ചിട്ടുള്ള താരത്തിന് പക്ഷേ ലോകകപ്പ് ഇപ്പോഴും കിട്ടാക്കനിയാണ്. 2014-ല്‍ പരിക്കിനെ തുടര്‍ന്ന് ടൂര്‍ണമെന്റിന്റെ പാതിവഴിയില്‍ അദ്ദേഹത്തിന് കളം വിടേണ്ടി വന്നു. പിന്നാലെ ജര്‍മ്മനിക്കെതിരായ സെമിഫൈനലില്‍ ബ്രസീല്‍ തകര്‍ന്നടിഞ്ഞു. 2018-ല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തോട് തോറ്റ് ബ്രസീല്‍ പുറത്തായി. 2022-ല്‍ ക്രൊയേഷ്യയ്ക്കെതിരെ അധികസമയത്ത് നെയ്മര്‍ മികച്ചൊരു ഗോള്‍ നേടിയിട്ടും പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബ്രസീല്‍ പരാജയപ്പെട്ടു. 2026-ല്‍ പ്രതീക്ഷിച്ചതിലും നേരത്തെ നോര്‍വേ ബ്രസീലിന്റെ വഴി അടച്ചു.
ബ്രസീലിനൊപ്പം 2016 റിയോ ഒളിമ്പിക്സ് സ്വര്‍ണ്ണവും 2013 ലെ കോണ്‍ഫെഡറേഷന്‍സ് കപ്പും നെയ്മര്‍ നേടിയിട്ടുണ്ട്. നോര്‍വേയ്ക്കെതിരായ തോല്‍വിക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ അവസാന വാക്കുകള്‍ ഒരു താല്‍ക്കാലിക പ്രതികരണമല്ല, മറിച്ച് ഒരു വിടപറച്ചില്‍ പോലെയാണ് തോന്നിയത്.





