
പൊന്നാനി: ഹെവി വെഹിക്കിള്‍ ഡ്രൈവിങ് സീറ്റില്‍ 22 വയസുകാരി അഫിയ അനീസ് മാറ്റത്തിന്റെ പുതുചരിത്രം രചിച്ചിരിക്കുന്നു. കെ.എസ്.ആര്.ടി.സിയില്‍നിന്ന് ഹെവി വെഹിക്കിള്‍ ലൈസന്‍സ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത കൂടിയാണ് ഈ പൊന്നാനിക്കാരി. പൊന്നാനിയിലെ കെ.എസ്.ആര്.ടി.സി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിങ് ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ചില്‍ ഒരു മാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയാണ് അഫിയ ലൈസന്‍സ് സ്വന്തമാക്കിയിരിക്കുന്നത്.
മെന്റര്‍ രമേശിന്റെ കീഴിലായിരുന്നു പരിശീലനം. മലേഷ്യയിലെ ഏഷ്യാപസഫിക് യൂണിവേഴ്സിറ്റിയില്‍നിന്ന് ക്ലൗഡ് എന്‍ജിനീയറിങ്ങില്‍ ഐടി സ്പെഷ്യലൈസ്ഡ് ബിരുദം നേടിയ അഫിയ ഇപ്പോള്‍ ഐ.ഐടി റൂര്‍ക്കിയില്‍ എ.ഐയില്‍ കോഴ്സ് ചെയ്യുകയാണ്. കെ.എസ്.ആര്.ടി.സിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിങ് ട്രെയിനിംഗ് ആന്‍ഡ് റിസര്‍ച്ചില്‍നിന്ന് ഹെവി ലൈസന്‍സ് നേടിയ പിതൃസഹോദരന് പി.വി. യാസിറാണ് ഹെവി വെഹിക്കിള്‍ പരിശീലനത്തിന് തന്നെ പ്രേരിപ്പിച്ചതെന്ന് അഫിയ പറഞ്ഞു.
18 വയസുമുതല്‍ ഇരുചക്രവാഹനങ്ങളും കാറുകളും ഓടിക്കുന്ന അഫിയ ഹെവി വെഹിക്കിള്‍ പരിശീലന പരിപാടിയില്‍ ചേര്‍ന്നത് വാഹനങ്ങളോടുള്ള താല്‍പര്യത്തില്‍നിന്നാണ്. ഹെവി വെഹിക്കിള്‍ ലൈസന്‍സിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 21 ആണ്. ഈ പ്രായം പിന്നിട്ടയുടന്‍ ഹെവി വെഹിക്കിള്‍ ലൈസന്‍സിനായുള്ള ശ്രമങ്ങളിലേക്ക് കടന്നു. കെ.എസ്.ആര്.ടി.സിയുടെ ഐ.ഡി.ടി.ആറില്‍നിന്ന് ഹെവി വെഹിക്കിള്‍ ലൈസന്‍സ് നേടിയ ആദ്യ വനിതയായ ആര്യ നന്ദയാണ് അഫിയയെ ഈ മേഖലയിലേക്ക് പ്രവേശിക്കാന്‍ പ്രചോദനമായത്. ഹെവി വെഹിക്കിള്‍ ലൈസന്‍സ് നേടാനുള്ള തന്റെ ആഗ്രഹത്തിന് മാതാപിതാക്കളായ പി.വി. അനീസും ഷാഹിദ സലീമും പൂര്‍ണ പിന്തുണയാണ് നല്‍കിയതെന്നും അഫിയ പറഞ്ഞു.






