
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യു കൊല്ലപ്പെട്ട കേസിൽ വിചാരണ നടപടികൾക്ക് മുന്നോടിയായി പ്രതികൾക്ക് കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. എസ്.ഡി.പി.ഐ-പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 16 പ്രതികളാണ് എറണാകുളം സെഷൻസ് കോടതിയിൽ ഹാജരായത്. പൊലീസ് ചുമത്തിയ കുറ്റങ്ങൾ ചെയ്തിട്ടില്ലെന്ന് പ്രതികൾ കോടതിയെ അറിയിച്ചു.
ആകെ 26 പ്രതികൾക്കെതിരായ കുറ്റപത്രമാണ് പ്രോസിക്യൂഷൻ സമർപ്പിച്ചിരിക്കുന്നത്. 2018 ജൂലൈ 2-ന് ക്യാമ്പസിലെ ചുവരെഴുത്ത് സംബന്ധിച്ച തർക്കത്തിനിടെയാണ് അഭിമന്യു കുത്തേറ്റ് കൊല്ലപ്പെട്ടത്.കേസിലെ നിർണായക രേഖകൾ കോടതി കസ്റ്റഡിയിൽ നിന്ന് കാണാതായ സംഭവം വലിയ വിവാദമായിരുന്നു. തുടർന്ന് രേഖകൾ വീണ്ടും തയ്യാറാക്കിയാണ് വിചാരണ നടപടികൾ പുനരാരംഭിച്ചത്. വിചാരണ വൈകുന്നതിനെതിരെ അഭിമന്യുവിന്റെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന്, ഒൻപത് മാസത്തിനകം നടപടികൾ പൂർത്തിയാക്കാൻ കോടതി നിർദേശിച്ചിരുന്നു.






