
യുഡിഎഫിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളിൽ ഇടപെടില്ലെന്ന് വ്യക്തമാക്കി ജോസ് കെ മാണി. എന്നാൽ ഭരണ പ്രതിസന്ധി ഉണ്ടായാൽ പാലാ നഗരസഭയെ അനാഥമാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആറുമാസമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ പാലായുടെ വികസനത്തെ ബാധിച്ചിട്ടുണ്ടെന്ന് ജനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു. പാലാ നഗരസഭയുമായി ബന്ധപ്പെട്ട വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് പ്രാദേശിക നേതൃത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വതന്ത്ര കൂട്ടായ്മയുമായി യാതൊരു തരത്തിലുള്ള സഹകരണവും ഉണ്ടാകില്ലെന്നും വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും ജോസ് കെ മാണി പറഞ്ഞു. നിലവിൽ നടക്കുന്നത് കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്നമാണെന്നും, ഇത്തരമൊരു സാഹചര്യം ഉണ്ടാകുമെന്ന് നേരത്തേ അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസുമായി യോജിച്ച് മുന്നോട്ടുപോകുമോയെന്ന ചോദ്യം മുൻവിധിയോടെയുള്ളതാണെന്നും ജോസ് കെ മാണി പ്രതികരിച്ചു.






