
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഇന്ത്യയെ സംബന്ധിച്ച പരാമർശത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ്. സ്വയം 'വിശ്വഗുരു' എന്ന് വിശേഷിപ്പിക്കുന്ന മോദിയുടെ മൗനം ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യത്തോടുള്ള വഞ്ചനയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആരോപിച്ചു.
ഇസ്രായേലിന്റെ ഏക ശക്തമായ സഖ്യകക്ഷി അമേരിക്കയാണെന്ന യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നിലപാട് തള്ളിയാണ് നെതന്യാഹു പ്രതികരിച്ചത്. അമേരിക്കയ്ക്ക് പുറമെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ശക്തമായ പിന്തുണ തങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. 140 കോടി ജനങ്ങളുള്ള ഇന്ത്യയിൽ നിന്ന് ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും നെതന്യാഹു അവകാശപ്പെട്ടു.






