
ഗസയിലെ ഭരണസമിതി പിരിച്ചുവിട്ടതായി പലസ്തീൻ പ്രസ്ഥാനമായ ഹമാസ് പ്രഖ്യാപിച്ചു. 20 വർഷത്തെ ഭരണത്തിന് ശേഷമാണ് ഹമാസ് പിന്മാറുന്നത്. ഗസയുടെ ഭരണം ഇനി പലസ്തീൻ ടെക്നോക്രാറ്റുകളുടെ സമിതിക്കായ നാഷണൽ കമ്മിറ്റി ഫോർ ദി അഡ്മിനിസ്ട്രേഷൻ ഓഫ് ഗസ ഏറ്റെടുക്കും.
ഹമാസ് സർക്കാരിന്റെ അടിയന്തര സമിതി തലവൻ മുഹമ്മദ് അൽ-ഫറ ഔദ്യോഗികമായി രാജി സമർപ്പിച്ചു. പലസ്തീൻ ഉദ്യോഗസ്ഥനായ അലി ഷാത്തിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഇനി ഭരണച്ചുമതല വഹിക്കുക.
ആറു മാസം മുമ്പ് ട്രംപ് സ്ഥാപിച്ച ബോർഡ് ഓഫ് പീസ് രൂപീകരിച്ച നാഷണൽ കമ്മിറ്റി ഫോർ ദി അഡ്മിനിസ്ട്രേഷൻ ഓഫ് ഗസയ്ക്കാണ് ഭരണം കൈമാറുന്നത്. കഴിഞ്ഞ ഒക്ടോബറിലെ വെടിനിർത്തൽ കരാറിലെ പ്രധാന വ്യവസ്ഥകളിലൊന്നായിരുന്നു ഭരണം ടെക്നോക്രാറ്റുകളുടെ സമിതിക്ക് കൈമാറുക എന്നത്. ഈജിപ്തിലെ കെയ്റോയിൽ മറ്റ് പലസ്തീൻ സംഘടനകളുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഹമാസ് ഈ തീരുമാനം എടുത്തത്.






