
കഴിഞ്ഞ പത്ത് വർഷത്തിനിടെ ആരോഗ്യവകുപ്പിൽ നടന്ന പർച്ചേസുകൾ പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാൻ ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. മുതിർന്ന ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും ഉൾപ്പെടുന്ന സമിതി അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് മന്ത്രി ആവശ്യപ്പെട്ടു.
ഉത്തരവാദികളെ കണ്ടെത്തുകയും തുടർനടപടികൾക്കുള്ള ശുപാർശകൾ ഉൾപ്പെടുത്തുകയും ചെയ്യുന്ന വിശദമായ റിപ്പോർട്ടാണ് സമർപ്പിക്കേണ്ടത്.
സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽ കോളജുകളിലും സർക്കാർ ആശുപത്രികളിലും ആരോഗ്യവകുപ്പിന് കീഴിലുള്ള മറ്റ് സ്ഥാപനങ്ങളിലുമായി അന്വേഷണം വ്യാപിപ്പിക്കണമെന്നും നിർദേശമുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടെ വാങ്ങിയ മെഡിക്കൽ ഉപകരണങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വാങ്ങൽ, സ്ഥാപിക്കൽ, കമ്മീഷനിംഗ്, ഉപയോഗം, പരിപാലനം, നിലവിലെ സ്ഥിതി എന്നിവ സമഗ്രമായി പരിശോധിക്കും.
പ്ലാൻ ഫണ്ട്, പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (പി.എം.എസ്.എസ്.വൈ), മറ്റ് കേന്ദ്രാവിഷ്കൃത പദ്ധതികൾ എന്നിവയിലൂടെ വാങ്ങിയ ഉപകരണങ്ങളും, കോവിഡ് കാലത്ത് കേന്ദ്ര സർക്കാർ വിതരണം ചെയ്ത ഉപകരണങ്ങളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും മന്ത്രി നിർദേശിച്ചു.






