
അമ്പലപ്പുഴ: വര്ഗവഞ്ചകന് പരാമര്‍ശത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ ആഞ്ഞടിച്ച് ജി. സുധാകരന് എം.എല്‍.എ. പാര്‍ട്ടി നശിക്കട്ടെയെന്ന് നിലപാടെടുക്കുന്ന ഗോവിന്ദന് സംസ്ഥാന സെക്രട്ടറിയായിരിക്കാന്‍ യോഗ്യതയില്ലെന്ന് സുധാകരന് അമ്പലപ്പുഴയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
വര്‍ഗമെന്തെന്നോ വര്‍ഗവഞ്ചന എന്തെന്നോ ഗോവിന്ദന് അറിയില്ല. തെറ്റ് പറ്റിയ സി.പി.എം. തിരുത്തണമെന്നും സുധാകരന് അഭിപ്രായപ്പെട്ടു. നേതൃസ്ഥാനത്ത് ഇരുന്ന് പാര്‍ട്ടിക്കെതിരേ പ്രവര്‍ത്തിക്കുന്ന ഗോവിന്ദന് രാജിവയ്ക്കണം. ഗോവിന്ദന് നാവടക്കുന്നതാണ് നല്ലത്. താന്‍ സി.എച്ച്. കണാരന്റെയും എ.കെ. ജിയുടെയും ഇ.എം. എസിന്റെയും കാലത്ത് പാര്‍ട്ടിയില്‍ വന്നയാളാണ്. അന്നൊന്നും ഗോവിന്ദന് ഇല്ല. ഇതുവരെ ഗോവിന്ദനെതിരേ ഒന്നും സംസാരിക്കേണ്ടി വന്നിട്ടില്ല. കൊത്തി കൊത്തി മുറത്തില്‍ കേറി കൊത്തി തുടങ്ങിയപ്പോഴാണ് പറയേണ്ടി വന്നത്.
ജയരാജന് എന്റെ പേര് പറഞ്ഞില്ല. മറ്റു രണ്ടു പേരുടെ പേരാണ് പറഞ്ഞത്. തെറ്റ് പറ്റിയാല്‍ ആരായാലും തിരുത്തണം. തിരുത്താത്തവര്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണ്. ഗോവിന്ദന് രാഷ്ട്രീയ വകതിരിവ് കാണിക്കണം. ഗോവിന്ദന് സൈദ്ധാന്തികന്‍ ആണെന്ന് പത്രക്കാര് മാത്രം പറയുന്നു. നേതൃസ്ഥാനത്തിരുന്ന് പാര്‍ട്ടിക്കെതിരേ പ്രവര്‍ത്തിക്കുകയാണ്. പാര്‍ട്ടി നശിക്കട്ടെ എന്നാണ് ചിന്ത. മെമ്പര്‍ഷിപ്പ് പുതുക്കാതെ മാറിനിന്നാല്‍ താന്‍ എങ്ങനെ വര്‍ഗ വഞ്ചകന് ആകും. പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കാതിരുന്നത് സ്വന്തം ഇഷ്ടപ്രകാരമാണ്. അതില്‍ മറ്റ് രാഷ്ട്രീയ കാരണങ്ങള്‍ ഇല്ല. താന്‍ സി.പി.എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട ആളല്ല. പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതല്ല. പാര്‍ട്ടി ഭരണഘടനയില്‍ തന്നെ ഒരു മെമ്പര്‍ക്ക് മെമ്പര്‍ഷിപ്പ് ഉപേക്ഷിക്കാന്‍ അവകാശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തിരിക്കാന്‍ അയാള്‍ക്ക് നാണമില്ലേ. അയാള്‍ പറയുന്നത് ആര്‍ക്കെങ്കിലും മനസിലാകുമോ. നാണം ഉണ്ടെങ്കില്‍ രാജിവച്ച് പോകണം.
എല്ലാ തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടിയെ തോല്‍പ്പിച്ചു. ഗോവിന്ദന് പാര്‍ട്ടിയെ നയിക്കാന്‍ കെല്‍പ്പില്ല. കമ്മ്യൂണിസ്റ്റല്ല. അയാള്‍ അധികപ്പറ്റാണ്. കസേരയില്‍ ഇരുന്ന് ആളാവുന്നു. സ്വന്തം ജില്ലയായ കണ്ണൂരില്‍ അഞ്ച് സീറ്റുകളില്‍ യു.ഡി.എഫ.് വിജയിച്ചിട്ടും അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ല. സ്വയം തിരുത്താന്‍ കഴിയാത്ത ആള് എങ്ങനെ മറ്റുള്ളവരെ തിരുത്തും. പ്രതിപക്ഷ നേതാവിനെ സംരക്ഷിക്കാന്‍ ആളില്ല. മുമ്പ് അങ്ങനെ അല്ലായിരുന്നു.
മുമ്പ് സംരക്ഷിക്കാന്‍ ഞങ്ങളൊക്കെ ഉണ്ടായിരുന്നു. കൂടെ ഉള്ളവരെ ചുമക്കേണ്ട ഗതികേടിലാണ് ഇന്ന് പിണറായി. പിണറായിയെ താന്‍ വ്യക്തിപരമായി ആക്ഷേപിക്കില്ല. പിണറായിയുടെ സ്നേഹം മറന്നിട്ടില്ല. രാഷ്ട്രീയ വിയോജിപ്പുകള്‍ മാത്രമാണുള്ളത്. പിണറായി വിജയന് പവര്‍ഫുള്‍ തന്നെ. അദ്ദേഹത്തിന്റെ പവറിന് പ്രശ്നങ്ങളില്ലെന്നും സുധാകരന് പറഞ്ഞു. പിണറായി വിജയന്റെ കുടുംബത്തെക്കുറിച്ച് താന്‍ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും അക്കാര്യത്തില്‍ മാധ്യമങ്ങളില്‍ വന്നത് കള്ള റിപ്പോര്‍ട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.






