
ന്യൂയോര്‍ക്ക്: ആരാധകര്‍ക്കു മറക്കാനാകാത്ത ഒട്ടേറെ ഓര്‍മകള്‍ സമ്മാനിച്ച ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മര്‍ രാജ്യാന്തര ഫുട്ബോളില്‍നിന്നു വിരമിച്ചു. ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ നോര്‍വേയോട് 2-1 നു തോറ്റതോടെയാണു 34 വയസുകാരനായ നെയ്മറുടെ പ്രഖ്യാപനം.
ന്യൂജഴ്സി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നോര്‍വേയ്ക്കായി ഏര്‍ലിങ് ഹാളണ്ട് ഇരട്ട ഗോളടിച്ചു. ഇഞ്ചുറി ടൈമില്‍ നെയ്മര്‍ പെനാല്‍റ്റി ഗോളാക്കി ബ്രസീലിനു പ്രതീക്ഷ നല്കി. ഫൈനല്‍ വിസിലിനു ശേഷം പൊട്ടിക്കരഞ്ഞ് മൈതാനത്തിരുന്ന നെയ്മറിനെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ സഹതാരങ്ങള്‍ കുഴങ്ങി.
67-ാം മിനിറ്റിലാണു കോച്ച് കാര്‍ലോ ആന്‍സലോട്ടി നെയ്മറിനെ പകരക്കാരനായി കളത്തിലിറക്കിയത്. 14-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ബ്രൂണോ ഗ്വിമറേസ് പാഴാക്കിയത് ബ്രസീലിനു തിരിച്ചടിയായി. ഗ്വിമറേസിന്റെ കിക്ക് നോര്‍വേ ഗോള്‍ കീപ്പര്‍ ഒര്യാന് നൈലന്‍ഡ് തടുത്തു.
" പരമാവധി ശ്രമിച്ചു, എല്ലാം തുടങ്ങിയതും അവസാനിച്ചതും അതേ സ്റ്റേഡിയത്തില്‍, എല്ലാം അവസാനിച്ചു" എന്ന് കുറിപ്പ് പങ്കുവച്ചായിരുന്നു നെയ്മറുടെ വിരമിക്കല്‍ പ്രഖ്യാപനം. 139 കളികളില്‍നിന്ന് 80 ഗോളുകളടിച്ച നെയ്മറാണു ബ്രസീലിന്റെ ടോപ് സ്കോറര്‍. 59 അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്. കരിയറിലുടനീളം പരുക്കുകള്‍ നെയ്മറിനെ പിന്തുടര്ന്നു. നിരന്തര ശസ്ത്രക്രിയകളും ചികിത്സകളും തളര്‍ത്തിയപ്പോള്‍ ആ പോരാളി പിന്മാറിയില്ല. പരുക്ക് കാരണം രണ്ട് വര്‍ഷം കളിക്കളത്തിനു പുറത്തിരുന്ന ശേഷമാണ് ടീമിലെത്തിയത്. പരുക്കില്‍നിന്നു പൂര്‍ണമായും ഭേദമാകാത്ത കാല്വണ്ണയുമായാണു ലോകകപ്പിനെത്തിയത്.
മൈതാനത്ത് ആകെ ചെലവഴിച്ചത് 50 മിനിറ്റില്‍ താഴെ. 2010 ല്‍ അരങ്ങേറിയ നെയ്മര്‍ നാല് ലോകകപ്പുകളില്‍ കളിച്ചു. 2016 ല്‍ ബ്രസീലിനെ ഒളിമ്പിക്സ് ചാമ്പ്യന്മാരാക്കി. 2012 ഒളിമ്പിക്സില്‍ വെള്ളിയും നേടി. 2013 ലെ കോണ്‍ഫെഡറേഷന്‍ കപ്പിലും ബ്രസീലിനെ ജേതാക്കളാക്കി. ഈ ലോകകപ്പിലെ രണ്ട് മത്സരങ്ങളിലും കളിച്ചത് പകരക്കാരനായായിരുന്നു. നിലവില്‍ ബ്രസീലിലെ സാന്റോസിന്റെ താരമാണ്. സാന്റോസില്‍ കളിച്ചു തുടങ്ങിയ നെയ്മര്‍ സ്പെയിനിലെ ബാഴ്സലോണ, ഫ്രാന്‍സിലെ പാരീസ് സെയിന്റ് ജെര്‍മേയ്ന്‍, സൗദി പ്രോ ലീഗിലെ അല്‍ ഹിലാല്‍ എന്നീ ക്ലബുകള്‍ക്കായും കളിച്ചു.
സ്വതസിദ്ധമായ ശൈലിയും പ്രതിഭയും കൊണ്ട് ഒരു തലമുറയെ സ്വാധീനിച്ച താരമാണ്. പെലേ, റൊമാരിയോ, റൊണാള്‍ഡോ, റൊണാള്‍ഡീഞ്ഞോ, കക്ക എന്നിവരുടെ ബ്രസീല്‍ പാരമ്പര്യം കാത്തു സൂക്ഷിക്കാനും ശ്രമിച്ചു. മെക്സിക്കോ സിറ്റിയില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ട് ലോകകപ്പിന്റെ സഹ ആതിഥേയര്‍ മെക്സിക്കോയെ 3-2 നു തോല്‍പ്പിച്ചു. ഇംഗ്ലണ്ടിനായി ജൂഡ് ബെല്ലിങാം ഇരട്ട ഗോളുകളും ഹാരി കെയ്ന്‍ ഒരു ഗോളുമടിച്ചു.
മെക്സിക്കോയ്ക്കായി ജൂലിയന്‍ ക്വിനോസും റൗള്‍ ഹിമെനസും ഗോളടിച്ചു. ജാറല്‍ ക്വാന്‍സ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായതിനാല്‍ ഇംണ്ട് പത്തു പേരുമായാണു മത്സരം പൂര്‍ത്തിയാക്കിയത്.




