
ന്യൂയോര്‍ക്ക്: നോര്‍വേയ്ക്കെതിരേ നടന്ന ഫുട്ബോള്‍ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ബ്രസീല്‍ കോച്ച് കാര്‍ലോ ആന്‍സലോട്ടി മതിയാസ് കുന്യയെ മുന്നില്‍ നിര്‍ത്തിയ 4-2-3-1 ഫോര്‍മേഷനാണ് അവലംബിച്ചത്. പരുക്കേറ്റ പാക്വേറ്റയക്ക് പകരം മാര്ട്ടിനെല്ലിയാണു നടുവിലെത്തിയത്.
സാന്‍ഡര്‍ ബെര്‍ഗിനെ ഹോള്‍ഡിങ് മിഡ്ഫീല്‍ഡറാക്കി 4-1-2-3 ഫോര്‍മേഷനിലാണു സോള്ബാക്കെന് നോര്‍വീജിയന്‍ തന്ത്രങ്ങളൊരുക്കിയത്. കളിയുടെ 66 ശതമാനം സമയത്തും പന്ത് നോര്‍വേക്കാരുടെ പക്കലായിരുന്നു. അവര്‍ 653 പാസുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ബ്രസീലുകാര്‍ 313 പാസുകളാണു പൂര്‍ത്തിയാക്കിയത്. നോര്‍വെയുടെ ടച്ചോടെയാണ് കളിയാരംഭിച്ചത്്. ആസൂത്രിതമല്ലാത്ത ചില നീക്കങ്ങളിലൂടെയാണു കളി പുരോഗമിച്ചത്. നാലാം മിനിറ്റില്‍ തന്നെ പാട്രിക് ബെര്‍ഗിലൂടെ നോര്‍വേ പന്ത് വലയിലാക്കിയെങ്കിലും ഓഫ്സൈഡ് കൊടിയുയര്‍ന്നു. ബ്രസീലിന്റെ ബ്രൂണോ ഗ്വിമറഷും മാര്‍ട്ടിനെല്ലിയും നോര്‍വേ ബോക്സിലും പന്തെത്തിച്ചു. വിനീഷ്യസ് ജൂനിയറും മാര്‍ട്ടിനെല്ലിയും അതിവേഗ നീക്കങ്ങളും നടത്തി. നോര്‍വേക്കാരുടെ ഉയരക്കൂടുതല്‍ കൊണ്ട് ഹൈബോള് തന്ത്രം പുറത്തെടുക്കാന്‍ ബ്രസീലിനായില്ല. മധ്യഭാഗം പൂര്‍ണമായി വരുതിയിലാക്കുന്ന പുത്തന്‍ തന്ത്രമാണു നോര്‍വേ പയറ്റിയത്.
കളിയാരംഭിച്ച് 14-ാം മിനിറ്റില്‍ ബ്രസീലിന് മുന്നിലെത്താനുള്ള സുവര്‍ണാവസരം ലഭിച്ചു. ക്രിസ്റ്റോഫര്‍ അയാര്‍ മതിയാസ് കുന്യയെ ബോക്സില്‍ വീഴ്ത്തിയതിനു പെനാല്‍റ്റി. ആദ്യം പന്തെടുത്ത പെനാല്‍റ്റി സ്പെഷലിസ്റ്റ് വിനീഷ്യസ് അവസരം ബ്രൂണോ ഗ്വിമറഷിന് വച്ചുനീട്ടുന്നു. ചെറിയ പതര്‍ച്ചയോടെ ബ്രസീല്‍ താരം ഗോള്‍ കീപ്പര്‍ ഒര്യാന് നൈലാന്‍ഡ് പ്രതീക്ഷിച്ചിടത്തേക്കു തന്നെയാണ് അടിച്ചത്്്. 40-ാം മിനിറ്റില്‍ ബോക്സിന്റെ അരികില്‍വച്ച് മാര്ട്ടിന് ഒഡേഗാഡില്നിന്നു പന്ത് തട്ടിയെടുത്ത് വിനീഷ്യസ് ഒരു ലോ ഷോട്ട് ഉതിര്‍ത്തു. ഗോള്‍ കീപ്പര്‍ നൈലാന്‍ഡ് ആ ശ്രമവും വിഫലമാക്കി. ഏര്‍ലിങ് ഹാളണ്ട് ഒത്തിണക്കമില്ലാത്ത ബ്രസീല്‍ പ്രതിരോധത്തെ തുടരെ അലോസരപ്പെടുത്തി. ഹാളണ്ടിനെ മാര്‍ക്കു ചെയ്യാനുള്ള ചുമതല ഗബ്രിയേല്‍ മഹ്ലാസിനായിരുന്നു.
ഹാളണ്ടിന്റെ ശാരീരിക വലുപ്പം മഹ്ലാസിന് തലവേദന സൃഷ്ടിച്ചു. ഏരിയല്‍ ബോളുകളില്‍ ഉയരവും കരുത്തും കൂടുതലുള്ള ഹാളണ്ട് വ്യക്തമായ മുന്‍തൂക്കം നേടി. രണ്ടാം പകുതിയില്‍ താളം കണ്ടെത്തിയ ബ്രസീല്‍ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. ബോക്സിന്റെ ഇടതുഭാഗത്തു നിന്നുള്ള മാര്‍ട്ടിനെല്ലിയുടെ ഷോട്ട് നൈലാന്‍ഡ് തട്ടിയകറ്റി. 58-ാം മിനിറ്റില്‍ ആന്‍സലോട്ടിയുടെ ആദ്യ സബ്സ്റ്റിറ്റ്യൂഷനെത്തി. എന്‍ഡ്രിക്ക് കളത്തിലേക്ക്. വന്നപാടെ എന്‍ഡ്രിക്കിനു സുവര്‍ണാവസരം ലഭിച്ചു. ഡിഫന്ഡര്ഗാരെ മറികടന്നെങ്കിലും എന്‍ഡ്രിക്കിന് ഗോള്‍ കീപ്പറെ മറികടക്കാനായില്ല. രണ്ടാം പകുതിയിലെ ഹൈഡ്രേഷന് ബ്രേക്കിന് തൊട്ടുമുമ്പ് നെയ്മറെ കളത്തിലക്കി. മാര്‍ട്ടിനെല്ലിയെയും റയാനെയും പിന്‍വലിച്ചാണ് ആന്‍സലോട്ടി നെയ്മറെയും ഡാനിലോ സാന്റോസിനെയും ഇറക്കിയത്. 79-ാം മിനിറ്റില്‍ ആദ്യ ഗോളെത്തി. അലക്സാണ്ടര്‍ സെര്ലോത് മറിച്ചു നല്കിയ പന്തിനെ വായുവിലുയര്‍ന്നു ചാടിയ ഹാളണ്ട് ഗോളിലേക്കു വഴിതിരിച്ചു വിട്ടു. ഗോള്‍ കീപ്പര്‍ അലിസണ് ബെക്കറിനു പന്ത് കാണാന്‍ കഴിഞ്ഞില്ല. കളിയുടെ അവസാന മിനിറ്റില്‍
ഹാളണ്ട് ലീഡ് ഇരട്ടിയാക്കി. ബോക്സിന് പുറത്തു നിന്നുള്ള ഇടംകാലന്‍ വെടിയുണ്ട പോസ്റ്റിന്റെ വലത്തേ മൂലയില്‍ തറച്ചു. ഇൗ ലോകകപ്പിലെ ഹാളണ്ടിന്റെ ഏഴാമത്തെ ഗോളായിരുന്നു അത്. ഇഞ്ചുറി ടൈമില്‍ ബ്രസീലിന് മറ്റൊരു പെനാല്‍റ്റി കൂടി. നോര്‍വേ ബോക്സില്‍ ഒസ്റ്റിഗാഡ് കാസെമിറോയെ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. ഇത്തവണ നോര്‍വീജിയന്‍ ഗോള്‍ കീപ്പര്‍ക്ക് നെയ്മറുടെ പരിചയ സമ്പത്തിനു മുന്നില്‍ തലകുനിക്കേണ്ടി വന്നു. ബ്രസീലിന്റെ സമനിലയ്ക്കായുള്ള തുടരന് ശ്രമങ്ങള്‍ നോര്‍വീജിയന്‍ ഗോള്‍ കീപ്പറിനു മുന്നില്‍ വിഫലം. അതോടെ ഒരു യുഗാന്ത്യമായി. നോര്‍വേ ആദ്യമായി ഫുട്ബോള്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്.




