അമേരിക്കയും ഇസ്രായേലും ഇറാനെതിരേ നടത്തിയ സൈനിക നടപടികള്‍ ഗള്‍ഫ് മേഖലയിലെ സുരക്ഷാ സമവാക്യങ്ങളെ വീണ്ടും ചര്‍ച്ചാവിഷയമാക്കിയിരിക്കുകയാണ്. എന്നാല്‍, ഈ ചര്‍ച്ചകളില്‍ സൈനിക സഖ്യങ്ങള്‍ക്കും ആയുധശേഖരങ്ങള്‍ക്കും ലഭിക്കുന്ന പ്രാധാന്യം സാമ്പത്തിക സഹകരണത്തിന് ലഭിക്കുന്നില്ല. യഥാര്‍ഥത്തില്‍ ഗള്‍ഫിന്റെ ദീര്‍ഘകാല സുരക്ഷ നിര്‍ണയിക്കുക സൈനിക ശക്തിയല്ല, രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക പരസ്പരാശ്രിതത്വമായിരിക്കും.
ഒമാനും ഇറാനും വ്യാപാരം വികസിപ്പിക്കാനുള്ള നീക്കങ്ങളും സൗദി അറേബ്യയെ തുര്‍ക്കിയുമായി ബന്ധിപ്പിക്കുന്ന ഹിജാസ് റെയില്‍പാത പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികളും സാമ്പത്തിക സഹകരണത്തിന് പുതിയ സാധ്യതകള്‍ തുറക്കുന്നു. വ്യാപാരവും നിക്ഷേപവും അടിസ്ഥാനസൗകര്യങ്ങളും പരസ്പരം കൂടുതല്‍ ബന്ധിക്കപ്പെടുമ്പോള്‍ യുദ്ധത്തിന്റെ സാമ്പത്തിക ചെലവ് ഉയരും. അപ്പോള്‍ സംഘര്‍ഷത്തേക്കാള്‍ സഹകരണം രാജ്യങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനകരമാകും.
ഇപ്പോള്‍ ഗള്‍ഫ് മേഖല ഒരു വൈരുധ്യത്തിലാണ്. ഊര്‍ജ അടിസ്ഥാനസൗകര്യങ്ങളും കടല്‍ഗതാഗതവും ധനകാര്യവിപണികളും പരസ്പരം ബന്ധിക്കപ്പെട്ട ഒരൊറ്റ സാമ്പത്തിക മേഖലയാണെങ്കിലും രാഷ്ട്രീയമായി അത് മത്സരിക്കുന്ന ശക്തികേന്ദ്രങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. അതിന്റെ ഫലമായി അടിസ്ഥാനസൗകര്യങ്ങള്‍ക്കെതിരായ ആക്രമണങ്ങളും പ്രോക്സി യുദ്ധങ്ങളും മുഴുവന്‍ മേഖലയുടെയും സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുന്നു.
രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങള്‍ കൂടുതല്‍ ശക്തമായാല്‍ ഈ അവസ്ഥ മാറും. വ്യാപാരവും നിക്ഷേപവും വര്‍ധിക്കുമ്പോള്‍ പരസ്പര ആശ്രിതത്വവും ഉയരും. അത്തരമൊരു സാഹചര്യത്തില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നത് എല്ലാവര്ക്കും വലിയ സാമ്പത്തിക നഷ്ടമാകും. അങ്ങനെ സുരക്ഷ പുറത്തുനിന്ന് ലഭിക്കുന്ന ഒന്നല്ല, സാമ്പത്തിക ബന്ധങ്ങളുടെ സ്വാഭാവിക ഫലമായി രൂപപ്പെടുന്ന ഘടകമായി മാറും.
പതിറ്റാണ്ടുകളായി ഗള്‍ഫിലെ സുരക്ഷ പ്രധാനമായും അമേരിക്കന്‍ സൈനിക സംരക്ഷണത്തെ ആശ്രയിച്ചായിരുന്നു. എന്നാല്‍, ലോകത്തിലെ ഏറ്റവും കൂടുതല്‍ സൈനികവല്‍ക്കരിക്കപ്പെട്ട മേഖലകളിലൊന്നായിട്ടും ഗള്‍ഫ് ഇന്നും സുരക്ഷിതമല്ല. ഡ്രോണ്‍ യുദ്ധങ്ങളും കുറഞ്ഞ ചെലവില്‍ നടത്താവുന്ന ആക്രമണങ്ങളും കോടിക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന അടിസ്ഥാനസൗകര്യങ്ങളെ പോലും എളുപ്പത്തില്‍ തകര്‍ക്കുന്ന പുതിയ യാഥാര്‍ഥ്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുകയോ പുതിയ സുരക്ഷാ സഖ്യങ്ങള്‍ രൂപപ്പെടുത്തുകയോ മാത്രം ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാകില്ല.
ഇറാനും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം യാഥാര്‍ഥ്യമല്ലെന്ന വാദം ചരിത്രം നിഷേധിക്കുന്നു. നൂറ്റാണ്ടുകളായി ഇരുകരകളിലുമുള്ള തുറമുഖങ്ങള്‍ തമ്മില്‍ ശക്തമായ വ്യാപാരബന്ധങ്ങളും മനുഷ്യബന്ധങ്ങളും നിലനിന്നിരുന്നു. ഇന്ന് ദുബായ് മധ്യപൂര്‍വേഷ്യയിലെ പ്രധാന വാണിജ്യകേന്ദ്രമായി വളര്‍ന്നതും ഈ ചരിത്രത്തിന്റെ തുടര്‍ച്ചയാണ്. ഖത്തറും ഇറാനും ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക നിക്ഷേപങ്ങളിലൊന്ന് സംയുക്തമായി വികസിപ്പിക്കുന്നതും ഒമാന്‍ ദീര്‍ഘകാലമായി ഇറാനും അറബ് രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-നയതന്ത്ര പാലമായി പ്രവര്‍ത്തിക്കുന്നതും രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയിലും സാമ്പത്തിക സഹകരണം സാധ്യമാണെന്ന് തെളിയിക്കുന്നു.
ജി.സി.സി. രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥകള് രാജ്യാന്തര വ്യാപാരത്തെയും തുറന്ന സാമ്പത്തിക ശൃംഖലകളെയും ആശ്രയിച്ചാണ് വളരുന്നത്. അതിനാല്‍ അവരുടെ സുരക്ഷയുടെ അടിത്തറയും സാമ്പത്തിക ബന്ധങ്ങളിലൂടെ കൂടുതല്‍ വൈവിധ്യവല്‍ക്കരിക്കേണ്ടതുണ്ട്. സമുദ്രസുരക്ഷ, പരിസ്ഥിതി സംരക്ഷണം, ലോജിസ്റ്റിക്സ്, അടിസ്ഥാനസൗകര്യങ്ങള്‍, കാര്‍ഷികം, ഔഷധനിര്‍മാണം തുടങ്ങിയ മേഖലകളില്‍ ഘട്ടംഘട്ടമായി സഹകരണം വികസിപ്പിക്കാനാകും. ഇതിന് സമഗ്ര രാഷ്ര്ടീയ ധാരണകള്‍ ആവശ്യമില്ല.
ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ (ജി.സി.സി.) രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയും സമൃദ്ധിയും രാജ്യാന്തര വ്യാപാരത്തെയും മൂലധനത്തിന്റെ സ്വതന്ത്ര സഞ്ചാരത്തെയും ആഗോള നിക്ഷേപ ശൃംഖലകളെയും ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. അതുകൊണ്ടുതന്നെ മേഖലയിലെ ദീര്‍ഘകാല അസ്ഥിരത അവരുടെ സാമ്പത്തിക താല്പര്യങ്ങള്ക്ക് നേരിട്ടുള്ള ഭീഷണിയാണ്. സുരക്ഷയെ സൈനിക ചെലവുകളിലൂടെ മാത്രം ഉറപ്പാക്കാനുള്ള സമീപനം ഇനി പ്രായോഗികമല്ലെന്ന് പുതിയ സാഹചര്യങ്ങള്‍ തെളിയിക്കുന്നു.
സമുദ്രസുരക്ഷ, ചരക്കുനീക്കം, ഊര്‍ജ അടിസ്ഥാനസൗകര്യങ്ങള്‍, പരിസ്ഥിതി സംരക്ഷണം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളില്‍ ഘട്ടംഘട്ടമായി സഹകരണം വര്‍ധിപ്പിച്ചാല്‍ രാഷ്ര്ടീയ ഭിന്നതകള്‍ നിലനില്‍ക്കുമ്പോഴും സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താനാകും. കാര്‍ഷികം, ഔഷധനിര്‍മാണം, ലോജിസ്റ്റിക്സ് തുടങ്ങിയ വിവാദങ്ങള്‍ കുറഞ്ഞ മേഖലകളില്‍ നിക്ഷേപ സംരക്ഷണ കരാറുകളും സംയുക്ത പദ്ധതികളും ആരംഭിക്കുന്നതും പ്രായോഗികമായ ആദ്യ ചുവടുവയ്പ്പായിരിക്കും. ഇത്തരം ചെറിയ സഹകരണങ്ങള്‍ കാലക്രമേണ പരസ്പര ആശ്രിതത്വം വര്‍ധിപ്പിക്കുകയും സംഘര്‍ഷത്തിന്റെ സാമ്പത്തിക വില ഉയര്‍ത്തുകയും ചെയ്യും.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യൂറോപ്പില്‍ രൂപപ്പെട്ട സാമ്പത്തിക ഏകീകരണത്തിന്റെ അനുഭവം ഗള്‍ഫ് മേഖലയ്ക്ക് പ്രസക്തമായ മാതൃകയാണ്. നൂറ്റാണ്ടുകളോളം പരസ്പരം യുദ്ധം ചെയ്ത രാജ്യങ്ങള്‍ ആദ്യം രാഷ്ര്ടീയ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാനല്ല ശ്രമിച്ചത്. പകരം കല്‍ക്കരി, ഉരുക്ക് തുടങ്ങിയ തന്ത്രപ്രധാന മേഖലകളില്‍ സഹകരണം ആരംഭിക്കുകയും പൊതുവിപണികള്‍ സൃഷ്ടിക്കുകയും ചെയ്തു. സാമ്പത്തിക താല്പര്യങ്ങള് പരസ്പരം കെട്ടുപിണഞ്ഞതോടെ യുദ്ധം ക്രമേണ എല്ലാവര്ക്കും നഷ്ടമുണ്ടാക്കുന്ന തീരുമാനമായി മാറി.
അതേ പാഠം ഗള്‍ഫ് മേഖലയ്ക്കും ബാധകമാണ്. വിശ്വാസം രൂപപ്പെട്ടതിനുശേഷം മാത്രമേ സഹകരണം സാധ്യമാകൂ എന്ന ധാരണ ചരിത്രം ശരിവയ്ക്കുന്നില്ല. മറിച്ച്, പരിമിതമായ മേഖലകളില്‍ ആരംഭിക്കുന്ന പ്രായോഗിക സാമ്പത്തിക സഹകരണമാണ് കാലക്രമേണ വിശ്വാസവും സ്ഥിരതയും വളര്‍ത്തുന്നത്. അതുകൊണ്ട് ഇറാനും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ഇടപെടലുകളെ രാഷ്ട്രീയ അനുരഞ്ജനത്തിന്റെ അവസാനഘട്ടമായി കാണാതെ, ദീര്‍ഘകാല സമാധാനത്തിലേക്കും സാമ്പത്തിക ശക്തിപ്പെടലിലേക്കും നയിക്കുന്ന ആദ്യ ചുവടുവയ്പായി കാണുന്നതാണ് കൂടുതല്‍ യാഥാര്‍ഥ്യബോധമുള്ള സമീപനം.
സാമ്പത്തിക സഹകരണം ഇറാനോടുള്ള വിട്ടുവീഴ്ചയല്ല;ഗള്‍ഫ് രാജ്യങ്ങളുടെ സ്വന്തം സുരക്ഷയ്ക്കും സമൃദ്ധിക്കും വേണ്ടിയുള്ള ദീര്‍ഘകാല നിക്ഷേപമാണ്. ഭാവിയിലെ ഗള്‍ഫിന്റെ സ്ഥിരത നിര്‍ണയിക്കുക ആയുധങ്ങളോ സൈനിക സഖ്യങ്ങളോ മാത്രമല്ല, പരസ്പര സാമ്പത്തിക ബന്ധങ്ങളെ എത്രത്തോളം ശക്തിപ്പെടുത്താന്‍ അവിടുത്തെ രാജ്യങ്ങള്‍ തയ്യാറാകുന്നു എന്നതായിരിക്കും.
(അദീല്‍ മാലിക് ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ വികസന സാമ്പത്തികശാസ്ത്ര വിഭാഗത്തിലെ അസോസിയേറ്റ് പ്രഫസറാണ്. ജമാല്‍ ഇബ്രാഹിം ഹൈദര്‍ ലബനീസ് അമേരിക്കന്‍ സര്‍വകലാശാലയിലെ സാമ്പത്തികശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രഫസറും വകുപ്പ് ചെയര്‍മാനുമാണ്)
അബ്ദീല്‍ മാലിക്
ജമാല്‍ ഇബ്രാഹിം ഹൈദര്‍
പകര്‍പ്പവകാശം: പ്രോജക്ട് സിന്‍ഡിക്കേറ്റ്
ന്ദന്ദന്ദ.ണ്മത്സഗ്നത്ഥനു്യന്ധന്ഥത്നദ്ധ്ര്യന്റന്ധനു.ഗ്നത്സദ്ദ




