
ഡാളസ്: ഈ ലോകകപ്പ് കരിയറിലെ അവസാനത്തേതായിരിക്കുമെന്ന് ലോകകപ്പ് തുടങ്ങും മുമ്പ് തന്നെ റൊണാള്‍ഡോയുടെ കാര്യത്തില്‍ ഫുട്‌ബോള്‍ വിദഗ്ദ്ധര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ലോകകപ്പ എന്ന കിരീടമില്ലാതെ പടിയിറങ്ങുകയാണ് പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്ത്യാനോ റൊണാള്‍ഡോ. തന്റെ 'ലാസ്റ്റ് ഡാന്‍സ്' അവിസ്മരണീയമാക്കാന്‍ റൊണാള്‍ഡോയ്ക്ക് സാധിച്ചില്ല. സ്പാനിഷ് പ്രതിരോധ കോട്ടയായ റൂബന്‍ ഡയസും സംഘവും റൊണാള്‍ഡോയെ മത്സരത്തിലുടനീളം നിഷ്പ്രഭനാക്കി.
കളിയിലുടനീളം റൊണാള്‍ഡോ മങ്ങിപ്പോയിരുന്നു. ആകെ 19 ടച്ചുകള്‍ മാത്രമായിരുന്നു താരത്തിന് കിട്ടിയത്. ഇതില്‍ മൂന്നെണ്ണം മാത്രമായിരുന്നു ബോക്‌സിനുള്ളില്‍ പന്തു തൊട്ടത്. 12-ാം മിനിറ്റില്‍ ഉനായ് സിമോനെ പരീക്ഷിച്ച ഒരു ഷോട്ട് മാത്രമാണ് താരത്തിന്റെ കാലുകളില്‍ നിന്നും സ്പാനിഷ് ഗോള്‍മുഖത്ത് എത്തിയത്. 2025 ജൂണില്‍ നടന്ന യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ സ്‌പെയിനിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച പോര്‍ച്ചുഗലിന് ആ ആധിപത്യം ഇത്തവണ ആവര്‍ത്തിക്കാനായില്ല. ലോകകപ്പില്‍ കഴിഞ്ഞ 609 മിനിറ്റുകളായി ഗോള്‍ വഴങ്ങാത്ത സ്പാനിഷ് കീപ്പര്‍ ഉനായ് സിമോനെ മറികടക്കാന്‍ റൊണാള്‍ഡോയ്ക്കും സംഘത്തിനും കഴിഞ്ഞതുമില്ല.
മത്സരത്തിന് ശേഷം കണ്ണീരണഞ്ഞു നിന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്‌പെയിനിന്റെ 18 വയസ്സുകാരന്‍ യുവതാരം ലാമിന്‍ യമാല്‍ ആശ്വസിപ്പിക്കുന്ന ദൃശ്യം ഫുട്‌ബോള്‍ ലോകത്തെ ഒരു വലിയ തലമുറമാറ്റത്തിന്റെ പ്രതീകാത്മക നിമിഷമായി മാറി. ഒരു ഇതിഹാസത്തിന്റെ യുഗം അവസാനിക്കുമ്പോള്‍, ഫുട്‌ബോള്‍ ലോകം പുതിയൊരു സൂപ്പര്‍താരത്തിന്റെ ഉദയത്തിന് സാക്ഷ്യം വഹിക്കുകയാണ്.




