
കൊച്ചി: സ്ത്രീകള്‍ക്കായി യു.ഡി.എഫ്. സര്‍ക്കാര്‍ ആവിഷ്കരിച്ച 'പ്രിയദര്‍ശിനി' സൗജന്യ യാത്രാപദ്ധതിയില്ത്തട്ടി സ്വകാര്യബസ് വ്യവസായം നിലനില്‍പ്പുഭീഷണിയില്‍. കെ.എസ്.ആര്.ടി.സി. ഓര്ഡിനറികളിലേക്കു വനിതകള്‍ കൂട്ടത്തോടെ കൂടുമാറിയതോടെ സ്വകാര്യ ബസുകളില്‍ യാത്രക്കാര്‍ കുത്തനെ കുറഞ്ഞു. ഇതു സ്വകാര്യ ബസുകളുടെ വരുമാനത്തില്‍ വരുത്തിയത് വന്‍ കുറവ്.
നഗര-ഗ്രാമ വ്യത്യാസമില്ലാതെ സ്ത്രീകളായിരുന്നു ചെറുറൂട്ടുകളിലടക്കം സര്‍വീസ് നടത്തുന്ന സ്വകാര്യബസുകളിലെ യാത്രക്കാരില്‍ നല്ലൊരു പങ്കും. 'പ്രിയദര്‍ശിനി' പദ്ധതി നടപ്പായതോടെ ഇവരില്‍ വലിയൊരുവിഭാഗം കെ.എസ്.ആര്.ടി.സിയിലേക്കു മാറി. സ്വകാര്യ ബസുകളുടെ പ്രതിദിന വരുമാനത്തില്‍ 2,000 മുതല്‍ 3,000 രൂപയുടെ വരെ കുറവിന് ഇതു വഴിവച്ചു. ഡീസല്‍, സ്പെയര്‍ പാര്‍ട്സ്, ഇന്‍ഷുറന്‍സ്, ഫിറ്റ്നസ്, നികുതി, ജീവനക്കാരുടെ ശമ്പളം തുടങ്ങിയ ചെലവുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ വരുമാനനഷ്ടം ഇരുട്ടടിയാണെന്ന് ഉടമകള്‍ വ്യക്തമാക്കി.
കോട്ടയം, പത്തനംതിട്ട, കൊല്ലം, തൃശൂര്‍, വയനാട്, കാസര്‍ഗോഡ്് ജില്ലകളിലാണു പ്രതിസന്ധി കൂടുതല്‍. വരുമാനനഷ്ടം ചൂണ്ടിക്കാട്ടി കാസര്‍ഗോഡ് ജില്ലയില്‍ 450 സ്വകാര്യ ബസുകള്‍ ഇന്നലെ പണിമുടക്കി. സാമ്പത്തികമായി നേട്ടമില്ലാത്തതിനാല്‍ എറണാകുളം ജില്ലയില്‍മാത്രം ഏകദേശം 30 സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചിട്ടുണ്ട്.
അതിനിടെ വരുമാനനഷ്ടം മറികടക്കാന്‍ ചിലയിടങ്ങളില്‍ സ്വകാര്യബസുകാര്‍ സ്വന്തംനിലയില്‍ നിരക്കു വര്‍ധിപ്പിക്കാനുള്ള നീക്കവും തുടങ്ങി. വയനാട്ടില്‍ വിദ്യാര്‍ഥികളുടെ കുറഞ്ഞ കണ്സഷന് നിരക്ക് ഒരു രൂപയില്‍നിന്ന് മൂന്നാക്കി ഉയര്‍ത്തിയത് പ്രതിഷേധത്തിനു കാരണമായി. പ്രതിസന്ധിയുടെ ഭാരം തങ്ങളില്മാത്രം അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നു വിദ്യാര്‍ഥികള്‍ പറയുന്നു.
സംസ്ഥാനത്ത് 11,936 സ്വകാര്യ ബസുകളാണ് സര്‍വീസ് നടത്തുന്നത്. സര്‍ക്കാര്‍ സൗജന്യ യാത്രാപദ്ധതി ആരംഭിച്ച് 21 ദിവസത്തിനുള്ളില്‍ 40 കോടി രൂപയുടെ നഷ്ടം സ്വകാര്യബസ് മേഖലയ്ക്കുണ്ടായെന്നാണു ബസ് ഉടമകളുടെ കണക്ക്. വരുമാന ഇടിവു തുടര്‍ന്നാല്‍ കൂടുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കേണ്ട സാഹചര്യമുണ്ടാകുമെന്നും അത് ഗ്രാമപ്രദേശങ്ങളിലടക്കം പൊതുഗതാഗതത്തെ പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സാമൂഹികക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതിനൊപ്പം സ്വകാര്യ ബസ് മേഖലയുടെ നിലനില്‍പ്പ് ഉറപ്പാക്കുന്ന തരത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നാണ് ആവശ്യം.






