
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സര്‍ക്കാര്‍ ബസുകള്‍ക്കും നിറംമാറ്റം. ഇടതുമുന്നണി ഭരണകാലത്ത് സര്‍ക്കാര്‍ ബസുകള്‍ക്ക് ചുവപ്പ് നിറമായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നപ്പോള്‍ നീലയും വെള്ളയും നിറവും അവയ്ക്കു ലഭിച്ചു. ബി.ജെ.പി ഭരണത്തിലേറിയതോടെ കാവി നിറത്തിലേക്ക് മാറുകയാണ്.
കഴിഞ്ഞ ആഴ്ച സോനാര്പൂരിനെ ന്യൂ ടൗണിലെ ഇക്കോ സ്പേസുമായി ബന്ധിപ്പിക്കുന്ന എസി-58 റൂട്ടില്‍ സര്‍ക്കാര്‍ നടത്തുന്ന എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചതോടെയാണു നിറംമാറ്റം പ്രകടമായത്. പരിചിതമായ നീല നിറം പ്രതീക്ഷിച്ച യാത്രക്കാരെ കാത്തിരുന്നത് തിളങ്ങുന്ന കാവി നിറത്തിലുള്ള ബസുകളായിരുന്നു. തൊട്ടടുത്ത ദിവസം, തെക്കന്‍ 24 പര്‍ഗാനാസിലെ ഘട്ടക്പൂരിനും ഹൗറയിലെ സാന്ത്രാഗച്ചിക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന പുതിയ സ്വകാര്യ ബസുകളും കാവിയും വെള്ളയും കലര്‍ന്ന നിറത്തില്‍ നിരത്തിലിറങ്ങി. പണ്ടുമുതലേ ചുവപ്പ് നിറം ഇടതുപക്ഷ രാഷ്ട്രീയവുമായി ബന്ധപ്പെട്ടിരിക്കുന്നു.
കാവി ബി.ജെ.പിയുമായും ബന്ധപ്പെട്ടിരിക്കുന്നുവെങ്കിലും നീല തൃണമൂലിന്റെ സ്വന്തം നിറമല്ല. എങ്കിലും തൃണമൂലിന്റെ 15 വര്‍ഷത്തെ ഭരണത്തിന്റെ പ്രതീകമായി മാറിയത് ഈ നീലയും വെള്ളയും നിറമായിരുന്നു. ' ഗതാഗത ശൃംഖല കാലത്തിനനുസരിച്ച് മാറേണ്ടതുണ്ട്,' ഗതാഗത മന്ത്രി അര്ജുന് സിങ് പറഞ്ഞു.
'കാവി നിറം ഊര്‍ജസ്വലമായ ഡബിള്‍ എന്ജിന് ഭരണത്തെ മാത്രമല്ല പ്രതിനിധീകരിക്കുന്നത്, അത് ആധുനികവല്‍ക്കരണത്തിന്റെയും പരിസ്ഥിതി സൗഹൃദ ഗതാഗതത്തിലേക്കുള്ള മാറ്റത്തിന്റെയും പ്രതീകം കൂടിയാണ്. കൊല്‍ക്കത്തയ്ക്ക് വൃത്തിയുള്ളതും ആധുനികവുമായ ഒരു യാത്രാ മുഖം നല്കാന് രൂപകല്‍പ്പന ചെയ്ത പുരോഗമനപരമായ റീബ്രാന്ഡിങ്ങാണിത്.'- അദ്ദേഹം തുടര്‍ന്നു.
പശ്ചിമ ബംഗാള്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെയും (ഡ.ബ്ല്യു.ബി.ടി.സി.) സൗത്ത് ബംഗാള്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെയും (എസ്.ബി.എസ്.ടി.സി.) വര്‍ക്ക്ഷോപ്പുകളില്‍ ഈ നിറംമാറ്റം നിശബ്ദമായി പുരോഗമിക്കുകയാണ്. യാത്രക്കാരുടെ ഇ-ടിക്കറ്റുകളിലെ ഡിജിറ്റല്‍ വാട്ടര്‍മാര്‍ക്കും നീലയില്‍നിന്ന് കാവിയിലേക്ക് മാറിയിട്ടുണ്ട്. ഗതാഗത വകുപ്പിന്റെ നിറം സ്ഥിരമായി മാറ്റാന്‍ നയപരമായ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് ഒരു ഡ.ബ്ല്യു.ബി.ടി.സി. ഉദ്യോഗസ്ഥന് പറഞ്ഞു.
ബസിന്റെ നിറം നീലയില്നിന്നു കാവിയാക്കുന്നത് ഡ്രൈവര്‍മാരുടെയും മെയിന്റനന്‍സ് ജീവനക്കാരുടെയും ക്ഷാമം പരിഹരിക്കാന്‍ ഒട്ടും സഹായിക്കില്ലെന്നു ട്രാന്‍സ്പോര്‍ട്ട് യൂണിയന് നേതാവ് തപന്‍ ദാസ് പരിഹസിച്ചു.






