
കൊച്ചി: നടി അൻസിബ ഹസന്റെ പരാതിയിൽ നടി ലക്ഷ്മിപ്രിയയ്ക്കും ഭർത്താവിനും വനിതാ സെൽ എസ്‌ഐക്കുമെതിരെ രജിസ്റ്റർ ചെയ്ത കേസിലെ എഫ്‌ഐആർ വിവരങ്ങൾ പുറത്ത്. ലക്ഷ്മിപ്രിയ നൽകിയ പരാതിയുടെ പേരിൽ അൻസിബയെ ജയിലിലടയ്ക്കുമെന്ന് എസ്‌ഐ രേഷ്മ ഭീഷണിപ്പെടുത്തിയതായി എഫ്‌ഐആറിൽ ആരോപിക്കുന്നു.
എസ്‌ഐയുടെ സാന്നിധ്യത്തിൽ ലക്ഷ്മിപ്രിയ പൊലീസ് സ്റ്റേഷനിൽ വെച്ച് അൻസിബയെ ചോദ്യം ചെയ്തെന്നും, നിയമവിരുദ്ധമായി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി തടഞ്ഞുവെച്ചെന്നും എഫ്‌ഐആറിൽ പറയുന്നു. സ്റ്റേഷൻ രേഖകളിൽ ഒപ്പിടാൻ ഭീഷണിപ്പെടുത്തി നിർബന്ധിച്ചെന്നും അൻസിബയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി രേഖകൾ തയ്യാറാക്കി ഉപയോഗിച്ചെന്നും പരാതിയിൽ ആരോപണമുണ്ട്.
പത്തോളം വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കോടതി നിർദേശത്തെ തുടർന്നാണ് അൻസിബയുടെ പരാതിയിൽ ലക്ഷ്മിപ്രിയ, ഭർത്താവ് ജയേഷ്, തൃപ്പൂണിത്തുറ വനിതാ സെൽ എസ്‌ഐ രേഷ്മ എന്നിവർക്കെതിരെ കേസെടുത്തത്.
അൻസിബയെ തൃപ്പൂണിത്തുറ വനിതാ സെല്ലിൽ അനധികൃതമായി തടഞ്ഞുവെച്ചെന്നും, സ്റ്റേഷൻ രേഖയിൽ മാപ്പ് എഴുതി ഒപ്പിടാൻ നിർബന്ധിച്ചെന്നും പിന്നീട് ആ രേഖയിൽ പ്രതികൾക്ക് അനുകൂലമായി അൻസിബ അറിയാതെ തിരുത്തലുകൾ വരുത്തിയെന്നുമാണ് പരാതി.
സംഭവത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും അൻസിബ പരാതി നൽകിയിരുന്നെങ്കിലും കേസെടുക്കാൻ മതിയായ കാരണങ്ങളില്ലെന്നായിരുന്നു പൊലീസിന്റെ നിലപാട്. ഇതിന് പിന്നാലെയാണ് അൻസിബ കോടതിയെ സമീപിച്ചത്. തുടർന്ന് കോടതി നിർദേശ പ്രകാരമാണ് കേസെടുത്തത്.






