
പതിനൊന്നാം വിവാഹവാർഷിക ദിനത്തിൽ ഒരു പഴയ ഓർമ്മച്ചിത്രം പങ്കുവെച്ച് ഭർത്താവും നടനുമായ ഷാഹിദ് കപൂറിന് ആശംസകൾ നേർന്ന് മിറ രജ്പുത് കപൂർ. ലണ്ടനിലെ മാഡം തുസ്സാഡ്സ് മ്യൂസിയം സന്ദർശിച്ചപ്പോഴുള്ള ചിത്രമാണ് മിറ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഷാഹിദ് കപൂറിനും അദ്ദേഹത്തിന്റെ മെഴുക് പ്രതിമയ്ക്കും നടുവിൽ നിൽക്കുന്ന മിറയെ ചിത്രത്തിൽ കാണാം.
വരകളുള്ള ഫോർമൽ സ്യൂട്ടിൽ ഷാഹിദും, കറുപ്പും വെളുപ്പും ടക്സീഡോയിൽ മെഴുക് പ്രതിമയും തിളങ്ങുമ്പോൾ, സ്ലീവ്ലെസ് കറുത്ത ഗൗണിൽ അതീവ സുന്ദരിയായാണ് മിറ ചിത്രത്തിലുള്ളത്. '1+1 = 11 ആകുമ്പോൾ, എന്റെ ജീവിതത്തിന്റെ സ്നേഹത്തിന് വിവാഹ വാർഷിക ആശംസകൾ!' എന്ന രസകരമായ അടിക്കുറിപ്പോടെയാണ് മിറ ചിത്രം പങ്കുവെച്ചത്. താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് ദമ്പതികൾക്ക് ആശംസകളുമായി രംഗത്തെത്തുന്നത്.
2015 ജൂലൈ 7 നായിരുന്നു ഷാഹിദിന്റെയും മിറയുടെയും വിവാഹം. ഡൽഹിയിൽ വെച്ച് നടത്തിയ സ്വകാര്യ ചടങ്ങിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. മിഷ, സെയ്ൻ എന്നിങ്ങനെ രണ്ട് മക്കളാണ് ഈ ദമ്പതികൾക്കുള്ളത്. അതേസമയം കോക്ടെയിൽ 2, ഓ റോമിയോ എന്നിവയാണ് ഷാഹിദിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ.






