
ബെംഗളൂരു: രാത്രി സർവീസിനിടെ കർണാടക സർക്കാർ ബസ്സിന്റെ ഹെഡ്ലൈറ്റുകൾ പ്രവർത്തനരഹിതമായതിനെ തുടർന്ന് ബസ് മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ സർവീസ് പൂർത്തിയാക്കി! കർണാടകയിലെ കലബുറഗി-ചിഞ്ചോളി റൂട്ടിൽ ഓടുന്ന 'കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ' ബസ്സിലാണ് ഈ വിചിത്രവും അപകടകരവുമായ സംഭവം നടന്നത്. 84 കിലോമീറ്റർ ദൂരമുള്ള റൂട്ടിലെ അവസാന സർവീസിനിടെയായിരുന്നു ബസ്സിന്റെ ലൈറ്റുകൾ അണഞ്ഞുപോയത്. റോഡ് കാണാൻ മറ്റ് വഴികളില്ലാതെ വന്ന കണ്ടക്ടർ, തന്റെ മൊബൈൽ ഫോണിലെ ഫ്ലാഷ്ലൈറ്റ് തെളിച്ച് ഡ്രൈവർക്ക് വഴി കാണിച്ചുകൊടുക്കുകയായിരുന്നു.
അത്യന്തം അപകടകരമായ ഈ യാത്രയുടെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചും കർണാടകയിലെ സർക്കാർ ബസ്സുകളുടെ ഫിറ്റ്നസ്സിനെക്കുറിച്ചും വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്. ബസിന്റെ കണ്ടക്ടർക്കും ഡ്രൈവർക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് ഗതാഗതവകുപ്പ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഒരു മാസത്തോളമായി ഈ ബസ്സിന് ലൈറ്റിംഗ് സിസ്റ്റത്തിലെ തകരാറുകൾ ഉൾപ്പെടെ നിരവധി സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് യാത്രക്കാർ ആരോപിക്കുന്നു. പലപ്പോഴും ഇരുട്ടിൽ യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും, ഈ ബസ്സ് അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തുകയോ പകരം പുതിയ ബസ്സ് അനുവദിക്കുകയോ ചെയ്യണമെന്ന് അധികൃതരോട് പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും ഇവർ പറയുന്നു. ഗ്രാമീണ മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥികളും തൊഴിലാളികളും ഉൾപ്പെടെയുള്ള സ്ഥിരം യാത്രക്കാരാണ് ഈ റൂട്ടിൽ യാത്ര ചെയ്യുന്നത്.
സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉറപ്പാക്കുന്ന 'ശക്തി' പദ്ധതി പ്രകാരം സർക്കാർ കോർപ്പറേഷനുകൾക്ക് 7,796 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും, ഇനിയും 2,182 കോടി രൂപയോളം കുടിശ്ശികയായി ലഭിക്കാനുണ്ടെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി കഴിഞ്ഞ ദിവസം നിയമസഭാ കൗൺസിലിൽ വ്യക്തമാക്കിയിരുന്നു. തുക ലഭിക്കാത്തത് ബസ്സുകളുടെ കൃത്യമായ അറ്റകുറ്റപ്പണികളെ ബാധിക്കുന്നുണ്ടെന്നാണ് ആക്ഷേപം.






