
വയനാട് : മേപ്പാടി മണ്ണിടിച്ചിലിൽ ദുരന്തത്തിൽ പോലീസ് കേസെടുത്തു. മേപ്പാടി പോലീസ് ആണ് കേസ് എടുത്തത്. കള്ളാടി പാലത്തിലുണ്ടായ മണ്ണിടിച്ചിൽ മനുഷ്യ നിർമ്മിതമാണെന്നും കളക്ടർ ആവശ്യപ്പെട്ടിട്ടും മണ്ണ് നീക്കം ചെയ്യാത്തതാണ് അപകടത്തിന് കാരണമെന്നും മുഖ്യമന്ത്രി ഉൾപ്പെടെ വിമർശനം ഉന്നയിച്ചിരുന്നു. മണ്ണിടിച്ചിലിൽ അഞ്ചുപേർ മരിക്കുകയും ഏഴോളം പേരെ കാണാതായതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതുവരെയും ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. രക്ഷപ്പെടുത്തിയ ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പി.ഡബ്ല്യു.ഡി നിർദേശം ലംഘിച്ച് നിർമാണ സ്ഥലത്തെ മണ്ണ് കൂട്ടിയിട്ടതാണ് അപകടത്തിന് കാരണമായത്. കഴിഞ്ഞ മാസം ചേർന്ന അവലോകന യോഗത്തിന്റെ മിനുട്സ് പി.ഡബ്ല്യു.ഡി പുറത്തുവിട്ടിരുന്നു. ദുരന്തമേഖലയിൽ ഇരുപത്തി നാല് മണിക്കൂറിനിടെ പെയ്തത് 265 മില്ലിമീറ്റർ മഴയാണ്. മുന്നറിയിപ്പ് നൽകിയിരുന്നതായി പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കി. കൂട്ടിയിട്ട മണ്ണ് നീക്കാനായി ജൂൺ 25 ന് നിർദേശം നൽകിയിരുന്നു. എന്നാൽ ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടും കരാർ കമ്പനി അതിന് തയ്യാറായില്ല.
മണ്ണിടിച്ചിലിൽ മീനാക്ഷിപ്പാലം മണ്ണിനടിയിലാണ്. മേപ്പാടിയെയും ചൂരൽമലയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണിത്. തൊഴിലാളികളെ എത്തിച്ച ബസ് പുഴയിലേക്ക് വീണു. മണ്ണിടിഞ്ഞ് അതിഥി തൊഴിലാളികളുടെ ഷെഡിലേക്ക് പതിക്കുകയായിരുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് നടുക്കിയ ദുരന്തം.






