
കള്ളാടി മണ്ണിടിച്ചിലിനെ തുടർന്ന് മേപ്പാടി പൊളിടെക്നിക്ക് കോളജിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മണ്ണിടിച്ചിൽ ഉണ്ടായതിന് സമീപത്തെ മീനാക്ഷി എസ്റ്റേറ്റ്, അരണമല ഉന്നതി എന്നിവിടങ്ങളിലെ കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റിയത്.നിലവിൽ 27 കുടുംബങ്ങളിൽ നിന്നുള്ള 94 പേരെയാണ് ക്യാമ്പിലേക്ക് മാറ്റിയത്.
ആദ്യം GLP സ്കൂളിലാണ് ക്യാമ്പ് ആരംഭിച്ചത്. കൂടുതൽ സൗകര്യം പരിഗണിച്ചാണ് ക്യാമ്പ് മേപ്പാടി പൊളിടെക്നിക്ക് കോളജിലേക്ക് മാറ്റിയത്. ദുരിത ബാധിതർക്കുള്ള സൗകര്യങ്ങൾ ഒരുക്കിയതായി അധികൃതർ വ്യക്തമാക്കി. മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് ജില്ലാതല കണ്ട്രോൾ റൂം നമ്പർ 04936-288750.
അതേസമയം വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണം അഞ്ചായി. മരിച്ചവർ അതിഥി തൊഴിലാളികളാണ്. കാണാതായ ഏഴുപേർക്കായി തിരച്ചിൽ തുടരുകയാണ്. പരുക്കേറ്റ ഏഴുപേർ മേപ്പാടി വിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. അതിൽ തന്നെ ICU-വിലുള്ള രണ്ടുപേരിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. 19 കാരനായ മധ്യപ്രദേശ് സ്വദേശി ദിലീപിന്റെ ശസ്ത്രക്രിയ ഇന്ന് തന്നെ നടക്കും. ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ ഊർജിത രക്ഷാപ്രവർത്തനം സ്ഥലത്ത് നടക്കുകയാണ്.






