
യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ വന്ന് ബോളിവുഡിലെ മികച്ച നടിമാരിൽ ഒരാളായി കൈയടി നേടുന്ന നടിയാണ് കൃതി സനോണ്‍. തെലുങ്ക് സൈക്കോളജിക്കൽ ആക്ഷൻ ത്രില്ലർ 1: നെനോക്കാഡിനിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച താരം അതേ വര്‍ഷം ഹീറോപന്തിയിലൂടെ ബോളിവുഡിൽ തുടക്കം കുറിച്ചു. പിന്നീടിങ്ങോട്ട് ദില്‍വാലേ, ബറേലി കി ബര്‍ഫി, ലൂക്ക ചൂപ്പി, ഹൗസ്ഫുള്‍ 4 തുടങ്ങിയ ചിത്രങ്ങളിലൂടെ താരം ബോളിവുഡില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു. ഡ്രാമഡി ചിത്രമായ ‘മിമി’യിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാർഡും താരം നേടി. ഒരു പതിറ്റാണ്ടിലേറെയായി ബോളിവുഡില്‍ മികച്ച കഥാപാത്രങ്ങളിലൂടെ തിളങ്ങി നില്‍ക്കുകയാണ് താരം.
ഇപ്പോഴിതാ തന്റെ സഹനടന്റെ മനോഭാവം കാരണം ഒരു സിനിമയുടെ പ്രമോഷണൽ കാമ്പെയ്‌നിൽ നിന്ന് താൻ അകന്നു നിൽക്കാൻ തീരുമാനിച്ചതായി പറയുകയാണ് കൃതി സനോണ്‍. സ്ത്രീകളേക്കാള്‍ പുരുഷന്മാർക്ക് മുൻഗണന നൽകുന്ന രീതിയിലാണ് സിനിമ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിലും സെറ്റിലെ സമീപനങ്ങളിലും വരെ ഈ വിവേചനം പ്രകടമാണെന്നും കൃതി സനോണ്‍ ആരോപിക്കുകയാണ്.
‘‘എനിക്ക് ഒട്ടും വിലയില്ല എന്ന് തോന്നിയ ചില നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. അങ്ങനെ ഒടുവിൽ എനിക്ക് വേണ്ടി തന്നെ ഞാൻ സംസാരിക്കേണ്ടി വന്ന ഒരു ഘട്ടത്തിൽ ഞാൻ എത്തിച്ചേർന്നു. ഒരു സിനിമയുടെ പ്രൊമോഷൻ നടക്കുന്ന സമയമായിരുന്നു അത്. എന്നാൽ ആ പ്രൊമോഷൻ ഒരു ന്യായമായ രീതിയിലല്ല നടക്കുന്നത് എന്ന് എനിക്ക് തോന്നി. പ്രൊമോഷനുകളിൽ ഞാൻ എവിടെ വരണം, എവിടെ വരാൻ പാടില്ല എന്ന് തീരുമാനിക്കുന്നത് ആ സിനിമയിലെ പ്രധാന നടനായിരുന്നു. പെട്ടെന്ന് എനിക്കത് വളരെ വിചിത്രവും അനാദരവുമാണെന്ന് തോന്നി. എന്നെ ഒട്ടും ബഹുമാനിക്കാത്ത രീതിയിലുള്ള ഒന്നായിട്ടാണ് എനിക്കത് അനുഭവപ്പെട്ടത്. അപ്പോൾ ഞാൻ വിചാരിച്ചു, ‘ശരി, പ്രൊമോഷന് നിങ്ങൾക്ക് എന്റെ ആവശ്യമില്ല എന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ, നിങ്ങൾ തന്നെ ഒറ്റയ്ക്ക് അത് ചെയ്തോളൂ.’ എന്ന്. അങ്ങനെ ഞാൻ അതിൽ നിന്നും പതുക്കെ പിന്മാറി. അതെ, ഒറ്റയ്ക്ക് ചെയ്തോളൂ, കുഴപ്പമില്ല, എല്ലാം നിങ്ങൾ തന്നെ എടുത്തോളൂ എന്ന് വിചാരിച്ചു.
ഒരു പരിധി വരെ അയാളത് ഒറ്റയ്ക്ക് തന്നെ ചെയ്തു. അതിനുശേഷം ചിത്രത്തിന്റെ സംവിധായകൻ എന്നെ വിളിച്ചു. ഒരു ഇവന്റിന് അല്ലെങ്കിൽ ഒരു കാര്യത്തിന് മാത്രമായി വരാൻ അദ്ദേഹം എന്നോട് വ്യക്തിപരമായി അഭ്യർത്ഥിച്ചു. ഞാൻ അതിന് പോവുകയും ചെയ്തു, കാരണം തങ്ങളുടെ നിയന്ത്രണത്തിന് അതീതമായ സാഹചര്യങ്ങൾ കാരണം ചലച്ചിത്ര നിർമ്മാതാവ് കഷ്ടപ്പെടാൻ ഞാന്‍ ആഗ്രഹിക്കുന്നില്ല. അടിസ്ഥാനപരമായി ഞാൻ എന്റെ ധാർമ്മികതയ്ക്ക് പ്രാധാന്യം നൽകുന്ന ആളാണ്. അപ്പോൾ ഞാൻ വിചാരിച്ചു, ‘ശരി, ഇപ്പോൾ അദ്ദേഹം വിളിക്കുകയാണ്, അത്രയും അഭ്യർത്ഥിക്കുകയാണ്, അദ്ദേഹത്തിന്റെ മുഖത്ത് നോക്കി എനിക്ക് ഇല്ല എന്ന് പറയാൻ കഴിയില്ല, കാരണം ഇതിൽ അദ്ദേഹത്തിന്റെ തെറ്റല്ലല്ലോ...’ എന്ന്. അതുകൊണ്ട് പിന്നീട് ഞാൻ ആ ഒരു കാര്യത്തിന് വേണ്ടി പോയി. എങ്കിലും അതിൽ ഭൂരിഭാഗം കാര്യങ്ങളിൽ നിന്നും ഞാൻ പിന്മാറുകയാണ് ചെയ്തത്...’’ കൃതി പറഞ്ഞു. ലില്ലി സിങ്ങിന്റെ പോഡ്‌കാസ്റ്റിലാണ് കൃതി ഇക്കാര്യം പറഞ്ഞത്.
സിനിമയുടെയോ നായകന്റെയോ പേര് കൃതി പരാമര്‍ശിക്കാത്തതിനാല്‍ ഈ വെളിപ്പെടുത്തൽ തൽക്ഷണം ഓൺലൈനിൽ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഏത് സിനിമയെയും നടനെയുമാണ് കൃതി പരാമര്‍ശിക്കുന്നതെന്നറിയാന്‍ സോഷ്യൽ മീഡിയ ഉപയോക്താക്കൾ താരത്തിന്റെ മുൻ പ്രോജക്ടുകള്‍ നോക്കുകയാണ്. ചർച്ചകളിൽ ആവർത്തിച്ച് ഉയർന്നുവന്ന പേരുകളിൽ ഷെഹ്‌സാദയിലെ സഹതാരം കാർത്തിക് ആര്യൻ, തേരി ബാത്തോൺ മേൻ ഐസ ഉൽജ ജിയയിലെ ഷാഹിദ് കപൂർ, ആദിപുരുഷിലെ പ്രഭാസ് എന്നിവരടക്കമുണ്ട്.
2024 ല്‍ ശശാങ്ക ചതുർവേദി സംവിധാനം ചെയ്ത നെറ്റ്ഫ്ലിക്സ് ഇന്ത്യ ത്രില്ലർ ദോ പാട്ടിയുടെ പിന്തുണയോടെ കൃതി തന്റെ നിർമ്മാണ കമ്പനിയായ ബ്ലൂ ബട്ടർഫ്ലൈ ഫിലിംസ് ആരംഭിച്ചു. കഴിഞ്ഞ വർഷം, ധനുഷിനൊപ്പം ആനന്ദ് എൽ റായിയുടെ റൊമാന്റിക് ഡ്രാമയായ തേരേ ഇഷ്ക് മേൻ എന്ന ചിത്രത്തിലൂടെ താരം ഒരു ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ ഭാഗമായി. ഷാഹിദിനൊപ്പം ഹോമി അദജാനിയയുടെ റൊമാന്റിക്-കോം കോക്ക്ടെയിൽ 2 എന്ന ചിത്രത്തിലായിരുന്നു താരം അവസാനമായി അഭിനയിച്ചത്.






