
ദില്ലി: മഹാരാഷ്ട്രയിലും ഗുജറാത്തിലും തുടരുന്ന കനത്ത മഴയെ തുടർന്ന് പശ്ചിമ റെയിൽവേ മേഖലയിലെ ട്രെയിൻ ഗതാഗതം താറുമാറായി. മുംബൈയിലെ പാൽഘർ, വസയ് മേഖലകളിലും ഗുജറാത്തിലെ നവ്സാരിയിലും റെയിൽവേ ട്രാക്കുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ കേരളത്തിലേക്കുള്ള പ്രധാന ട്രെയിനുകൾ ഉൾപ്പെടെയുള്ള നിരവധി സർവീസുകൾ വഴിതിരിച്ചുവിട്ടു.
ഇൻഡോർ-കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് സൂറത്തിൽ നിന്ന് പൻവേൽ വഴി തിരിച്ചുവിട്ടു. ഇതിന് പിന്നാലെ ഹസ്രത് നിസാമുദ്ദീൻ-തിരുവനന്തപുരം രാജധാനി എക്സ്പ്രസും വഴിതിരിച്ചുവിട്ടു. രാജധാനി എക്സ്പ്രസ് നിലവിൽ 12 മണിക്കൂറിലധികം വൈകിയാണ് സർവീസ് നടത്തുന്നത്. ഗംഗാനഗർ-കൊച്ചുവേളി എക്സ്പ്രസും സൂറത്തിൽ നിന്ന് വഴിതിരിച്ചുവിടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
ട്രാക്കുകളിലെ വെള്ളക്കെട്ടും സർവീസ് ക്രമീകരണങ്ങളിലെ മാറ്റവും മൂലം വാപ്പി, ബോയ്സർ, വസായ് റോഡ് തുടങ്ങിയ സ്റ്റേഷനുകളിൽ യാത്രക്കാർ ദുരിതത്തിലായി. രാജധാനി ഉൾപ്പെടെയുള്ള പ്രധാന ട്രെയിനുകൾ വൈകുകയും റൂട്ട് മാറ്റുകയും ചെയ്തതോടെ കേരളത്തിലേക്ക് യാത്ര ചെയ്യുന്ന നിരവധി മലയാളി യാത്രക്കാരാണ് വിവിധ സ്റ്റേഷനുകളിൽ കുടുങ്ങിയത്.
മേഖലയിൽ അടുത്ത 24 മണിക്കൂറിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. യാത്രക്കാർ റെയിൽവേയുടെ ഔദ്യോഗിക അറിയിപ്പുകൾ പരിശോധിച്ച ശേഷം മാത്രം യാത്ര ആരംഭിക്കണമെന്ന് അധികൃതർ നിർദേശിച്ചു.






