
യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം. സമൂഹമാധ്യമങ്ങളിൽ പി.ഡി.എഫ് രൂപത്തിൽ പ്രചരിച്ച ചോദ്യപ്പേപ്പർ തന്നെയാണ് പരീക്ഷയിൽ വന്നതെന്ന് പരീക്ഷാർഥികൾ ആരോപിച്ചു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും വിമർശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി.
വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തിന് വില നൽകാത്ത സർക്കാരാണിതെന്നും മോദി സർക്കാർ കണ്ണടച്ച് ഉറങ്ങുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ചോർന്നതായി പ്രചരിച്ച ചോദ്യങ്ങളിൽ 90 എണ്ണം യഥാർത്ഥ സോഷ്യോളജി ചോദ്യപ്പേപ്പറുമായി പൊരുത്തപ്പെടുന്നതായും അദ്ദേഹം ആരോപിച്ചു. ബീഹാർ, ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ 2.25 ലക്ഷം രൂപയ്ക്ക് ചോദ്യപ്പേപ്പർ വിറ്റതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
സി.എസ്.ഐ.ആർ-നെറ്റ്, എച്ച്.ടി.ഇ.ടി, എ.ഡി.എ പരീക്ഷകളുടെ ചോദ്യപ്പേപ്പറുകളും ലഭ്യമാക്കാമെന്ന് ഇതേ തട്ടിപ്പുസംഘം അവകാശപ്പെട്ടതായും രാഹുൽ ഗാന്ധി പറഞ്ഞു. മാറ്റത്തിനുള്ള ഏക ആയുധം വിദ്യാർത്ഥികളുടെ കൂട്ടായ ശബ്ദമാണെന്നും രാജ്യവ്യാപക പ്രതിഷേധം വിദ്യാഭ്യാസ രംഗത്ത് മാറ്റത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിൽ എസ്.എഫ്.ഐയും വിമർശനവുമായി രംഗത്തെത്തി. എൻ.ടി.എയുടെ കഴിവുകേട് വീണ്ടും തുറന്നുകാട്ടുന്നതാണ് ഈ സംഭവമെന്ന് സംഘടന ആരോപിച്ചു.






