
അറ്റ്ലാന്റ: ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ അർജന്റീനയ്ക്കെതിരായ മത്സരത്തിൽ റഫറിയിങ് പിഴവുകൾ ഉണ്ടായെന്നാരോപിച്ച് ഈജിപ്ത് ഫുട്ബോൾ അസോസിയേഷൻ ഫിഫയ്ക്ക് ഔദ്യോഗിക പരാതി നൽകി. മത്സരം നിയന്ത്രിച്ച ഫ്രഞ്ച് റഫറി ഫ്രാൻസ്വ ലെറ്റെക്സിയറുടെ തീരുമാനങ്ങളാണ് പരാതിയുടെ കേന്ദ്രബിന്ദു.
അറ്റ്ലാന്റയിൽ നടന്ന മത്സരത്തിൽ രണ്ട് ഗോളിന് മുന്നിലായിരുന്ന ഈജിപ്ത് ഒടുവിൽ 3-2ന് തോൽവി വഴങ്ങുകയായിരുന്നു. മത്സരഫലത്തെ നിർണായകമായി സ്വാധീനിച്ചത് റഫറിയിങ് പിഴവുകളാണെന്നാണ് ഈജിപ്ത് ഫുട്ബോൾ അസോസിയേഷന്റെ ആരോപണം.
വാർ പരിശോധനയ്ക്ക് പിന്നാലെ ഈജിപ്തിന്റെ രണ്ടാം ഗോൾ അനുവദിക്കാതിരുന്നതും, മത്സരാവസാനത്തിൽ പെനാൽറ്റി നിഷേധിച്ചതും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. അർജന്റീനയുടെ വിജയഗോളിന് മുൻപുണ്ടായ മുഹമ്മദ് സലാഹിന്റെയും ഹംദി ഫാത്തിയുടെയും മുന്നേറ്റങ്ങളിൽ വാർ പരിശോധിക്കാതിരുന്നതും, വാർ ഉപയോഗത്തിൽ സംഭവിച്ച വീഴ്ചകളും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈജിപ്ത് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ഹാനി അബോ റിദയാണ് ഫിഫയ്ക്ക് പരാതി സമർപ്പിച്ചത്. ഗുരുതര പിഴവുകൾ വരുത്തിയ ഫ്രഞ്ച് മാച്ച് ഒഫീഷ്യലുകളെ ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് മാറ്റിനിർത്തണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടു.





