
ഡാളസ്: സ്‌പെയിനിനു മുന്നില്‍ ഒറ്റഗോളിനു മുട്ടുകുത്തി ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് പ്രീ-ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ പുറത്തായതോടെ ഇതിഹാസതാരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയ്‌ക്കു വിശ്വകിരീടമില്ലാതെ മടക്കം. 90 മിനിറ്റും ഇരുപകുതികളിലേക്കും പന്ത് കയറിയിറങ്ങിയെങ്കിലും വലകുലുക്കാനാകാതിരുന്ന പോരാട്ടത്തില്‍ ഇന്‍ജുറി സമയത്തിന്റെ ആദ്യമിനിറ്റില്‍ത്തന്നെ പറങ്കിപ്പടയുടെ നെഞ്ചകം കീറിയ ഗോളില്‍ മിക്കേല്‍ മെറിനോ സ്‌പെയിനിന്റെ വീരനായകനായി. 85-ാം മിനിറ്റില്‍ പകരക്കാരനായിറങ്ങി ആറുമിനിറ്റിനുള്ളിലായിരുന്നു മെറീനോയുടെ ഗോള്‍. ഈ ലോകകപ്പില്‍ ഒറ്റഗോളും വഴങ്ങാതെയാണ് സ്‌പെയിനിന്റെ കുതിപ്പ്. ഇന്നലെ പുലര്‍ച്ചെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ആതിഥേയരായ അമേരിക്കയെ ഒന്നിനെതിരേ നാലു ഗോളിനു മുക്കി ബെല്‍ജിയം ക്വാര്‍ട്ടര്‍ പ്രവേശം രാജകീയമാക്കി. ചാള്‍സ് ഡി കെറ്റലാരെ ഇരട്ടഗോളുമായി ബെല്‍ജിയം ജയത്തിനു ചുക്കാന്‍ പിടിച്ചപ്പോള്‍ ഹാന്‍സ് വനാകനും റൊമേലു ലുക്കാക്കുവും ചേര്‍ന്ന് പട്ടിക പൂര്‍ത്തിയാക്കി. മാലിക് ടില്‍മാന്റെ ഫ്രീകിക്ക് ഗോള്‍ യു.എസിന്റെ പരാജയഭാരം കുറച്ചു. 11 നു പുലര്‍ച്ചെ 12.30 നു നടക്കുന്ന ക്വാര്‍ട്ടറില്‍ സ്‌പെയിനും ബെല്‍ജിയവും ഏറ്റുമുട്ടും.
41-ാം വയസിലും പോരാട്ടവീര്യം ചോരാത്ത പ്രകടനത്തിലൂടെ ഫുട്‌ബോള്‍ ലോകത്തെ പോര്‍ച്ചുഗലിന്റെ അടയാളമായ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് ലോകകപ്പെന്നതു കിട്ടാക്കനിയായത് സ്‌പെയിന്റെ ജയത്തിലും ആരാധകര്‍ക്കു നൊമ്പരമായി. മികച്ച താരങ്ങളാല്‍ സമ്പന്നമായിരുന്നെങ്കിലും ഫിനിഷിങ്ങിലെ പിഴവാണ് പോര്‍ച്ചുഗലിന് തിരിച്ചടിയായത്. മികച്ച ഫോമിലുള്ള മിക്കേല്‍ ഒയര്‍സബാല്‍, ലമീന്‍ യമാല്‍, ഡാനി ഒള്‍മോ, അലക്‌സ് ബയേന തുടങ്ങിയ സ്‌പാനിഷ് യുവരക്‌തത്തിന് ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ, ജാവോ ഫെലിക്‌സ്, ബ്രൂണോ ഫെര്‍ണാണ്ടസ്, വിറ്റീഞ്ഞ അടക്കമുള്ളവരായിരുന്നു പോര്‍ച്ചുഗലിന്റെ മറുപടി. ഒയര്‍സബാല്‍ പോര്‍ച്ചുഗല്‍ ഗോള്‍മുഖത്ത് നടത്തിയ റെയ്‌ഡും ജാവോ കാന്‍സലോ പോസ്‌റ്റിനു മുകളിലൂടെ പറത്തിയ വെടിയുണ്ടയും മത്സരത്തുടക്കം ആവേശഭരിതമാക്കി. പിന്നാലെ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളെന്നുറച്ച ഷോട്ട് തടുത്ത് സ്‌പാനിഷ് ഗോളി ഉനായ് സിമോണും മറുതലയ്‌ക്കല്‍ ഇരട്ടരക്ഷപ്പെടുത്തലുമായി പോര്‍ച്ചുഗലിന്റെ കാവല്‍ക്കാരന്‍ ഡിയാഗോ കോസ്‌റ്റയും ആരോധകരുടെ നെഞ്ചിടിപ്പേറ്റി. മത്സരത്തിലുടനീളം ഈ താളം നിലനിര്‍ത്താനായെങ്കിലും വലയനങ്ങാന്‍ 91 മിനിറ്റ് കാത്തിരിക്കേണ്ടിവന്നു. സ്‌പാനിഷ് സൂപ്പര്‍സബ് മിക്കേല്‍ മെറീനോയുടെ പ്രഹരത്തില്‍ മുറിവേറ്റ് പോര്‍ച്ചുഗല്‍ പുറത്തേക്ക്... മുമ്പേ മടങ്ങിയ ജര്‍മനിക്കും ക്ര?യേഷ്യയ്‌ക്കും ബ്രസീലിനുമൊപ്പം... മാനുവല്‍ ന്യൂയര്‍, ലൂക്കാ മോഡ്രിച്ച്, നെയ്‌മര്‍ ജൂനിയര്‍...മോഹഭംഗത്തില്‍ മൈതാനത്തു മിഴിനീര്‍വാര്‍ത്തുനിന്ന താരങ്ങളുടെ പട്ടികയിലേക്ക് ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ ദോസ് സാന്റോസ് അവേരിയോ എന്ന സി.ആര്‍. 7ന്റെ പേരുകൂടി ഏഴുതിച്ചേര്‍ത്താണ് സ്‌പെയിന്‍-പോര്‍ച്ചുഗല്‍ പോരാട്ടത്തിനു നീണ്ട വിസില്‍ മുഴങ്ങിയത്.




