
ഡാളസ്: ഫുട്ബോള്‍ ലോകകപ്പ് കിരീടമെന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മോഹങ്ങള്‍ എരിച്ച് പോര്‍ച്ചുഗലിനു മടക്കട്ടിക്കറ്റ് സമ്മാനിച്ച് സ്പെയിന്. ഇന്നലെ നടന്ന പ്രീ-ക്വാര്‍ട്ടറില്‍ ഏകപക്ഷീയമായ ഒരുഗോളിനായിരുന്നു സ്പാനിഷ് പട പോര്‍ച്ചുഗലിനെ പരാജയപ്പെടുത്തിയത്. സൈഡ് ബെഞ്ചില്‍നിന്ന് കളത്തിലിറങ്ങി 91-ാം മിനിറ്റില്‍ സമനിലപ്പൂട്ടുപൊട്ടിച്ച് മിക്കേല്‍ മെറീനോ സ്പെയിനിനു സന്തോഷവും പോര്‍ച്ചുഗലിന് നൊമ്പരവും സമ്മാനിച്ചു.
86-ാം മിനിറ്റില്‍ ഡാനി ഒല്മോയ്ക്കു പകരക്കാരനായാണ് മെറീനോ മൈതാനത്തെത്തിയത്. മത്സരം എക്സ്ട്രാടൈമിലേക്കു നീങ്ങുമെന്നു കരുതിയിടത്തായിരുന്നു സ്പെയിനിന്റെ രക്ഷകനായി മെറീനോ അവതരിച്ചത്. ഇന്‍ജുറി സമയത്തിന്റെ ആദ്യമിനിറ്റില്‍ ലഭിച്ച ഫ്രീകിക്കാണ് ഗോളിലേക്കുള്ള വഴിതുറന്നത്. പോര്‍ച്ചുഗല്‍ താരങ്ങള്‍ പ്രതിരോധം തീര്‍ക്കാന്‍ എത്തുംമുമ്പേ ധൃതഗതിയില്‍ കിക്കെടുത്ത് ഫെറാന്‍ ടോറസ് പന്ത് മെറീനോയ്ക്കു കൈമാറി. രണ്ടു പോര്‍ച്ചുഗല്‍ താരങ്ങളെ മറികടന്ന് പന്തുമായി പാഞ്ഞ മെറിനോയുടെ ഇടംകാല് പ്രഹരം വലയില്‍ മുത്തമിട്ടു. അതുവരെ കീഴടങ്ങാതിരുന്ന പോര്‍ച്ചുഗല്‍ ഗോള്‍കീപ്പര്‍ ഡിയാഗോ കോസ്റ്റയുടെ മുഴുനീള ഡൈവും വിഫലമാക്കിയായിരുന്നു ഗോളിന്റെ പിറവി.
ഈ ലോകകപ്പില്‍ ഇന്‍ജുറി സമയത്തു വീണ അന്പതാമതു ഗോളായിരുന്നു അത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നിലവിലെ ജേതാക്കളായ ആഴ്സണല്‍ താരമായ മിക്കേല്‍ മെറീനോ സൂപ്പര്സബ്ബെന്ന ഖ്യാതിയും ഇതോടെ അന്വര്‍ഥമാക്കി. സീസണില്‍ ആഴ്സണല്‍ കിരീടം ചൂടിയതിനു പിന്നിലെ നിര്‍ണായക ചാലകശക്തിയായ മെറീനോ ഇതാദ്യമായല്ല ഇന്‍ജുറി അല്ലെങ്കില്‍ എക്സ്ട്രാടൈമില് വലകുലുക്കി സ്പെയിനിനു ജീവശ്വാസം നല്‍കുന്നത്. 2024 യൂറോ കപ്പില്‍ ജര്‍മനിക്കെതിരേ 119-ാം മിനിറ്റില്‍ ഗോളടിച്ച ചരിത്രം മെറീനോയ്ക്കുണ്ട്. നേഷന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹോളണ്ടിനെതിരേ 93-ാം മിനിറ്റില്‍ താരം ടീമിന്റെ സമനിലഗോളിന് അവകാശിയായി. നേഷന്‍സ് ലീഗ് സെമിഫൈനലില്‍ മെറീനോയുടെ ഗോളില്‍ 'ഇന്‍ജുറി' സംഭവിച്ചത് ഫ്രാന്‍സിനായിരുന്നു.
മെറീനോ ഗോളിനുപിന്നാലെ സമനിലയ്ക്കായി പോര്‍ച്ചുഗല്‍ ആഞ്ഞുപിടിച്ചെങ്കിലും പ്രതിരോധം കടുപ്പിച്ച് സ്പെയിന് പിടിച്ചുനിന്നു. നിര്‍ഭാഗ്യവും പറങ്കിപ്പടയുടെ സമനില ഗോളിന്റെ പിറവിക്കു തടസമായി. ഒടുവില്‍ റഫറി ആന്റണി ടെയ്ലറുടെ നീണ്ട വിസില്‍ മുഴങ്ങുമ്പോള്‍ ആരാധകരുടെ സ്വന്തം സി.ആര്. 7 ഇച്ഛാഭംഗത്തോടെ തലകുനിച്ച് കണ്ണീര്വാര്ത്തുനിന്നു.
നേരത്തെ സ്പാനിഷ് മുന്നേറ്റത്തോടെയാണു പന്തുരുണ്ടത്. പക്ഷേ, ആറാം മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ ജാവോ കാന്‍സെലോ തൊടുത്ത തകര്‍പ്പന്‍ ഷോട്ട് സ്പാനിഷ് നിരയില്‍ ആശങ്കവിതച്ച് ബാറിനെ തൊട്ടുരുമ്മി പുറത്തേക്കുപോയി. പിന്നാലെ മൈക്കല്‍ ഒയര്‍സബാല്‍ ഓഫ്സൈഡ് കെണിയെ അതിജീവിച്ച് പോര്‍ച്ചുഗല്‍ പോസ്റ്റ് ലക്ഷ്യം വച്ചെങ്കിലും വലകുലുങ്ങിയില്ല. ഗോള്‍കീപ്പര്‍ ഡിയാഗോ കോസ്റ്റയുടെ മുഴുനീള ഡൈവ് മറികടന്ന് പന്ത് പുറത്തേക്കുപോയി.
അധികം വൈകാതെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കു സ്കോര്‍ ചെയ്യാന്‍ അവസരം കിട്ടിയെങ്കിലും സ്പാനിഷ് ഗോള്‍കീപ്പര്‍ ഉനായ് സിമോണ്‍ കീഴടങ്ങിയില്ല. ലമീന്‍ യമാലും ഡാനി ഒള്‍മോയും അലക്സ് ബയേനയും ചേര്‍ന്ന യുവനിര പോര്‍ച്ചുഗല്‍ പ്രതിരോധത്തിനു നിരന്തരം വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ഗോള്‍മാത്രം പിറന്നില്ല. 41-ാം മിനറ്റില്‍ നൂനോ മെന്‍ഡിസിന്റെ തകര്‍പ്പന്‍ ഷോട്ട് പോസ്റ്റില്‍ തട്ടി തെറിച്ചത് പോര്‍ച്ചുഗല്‍ ആരാധകര്‍ക്ക് വിശ്വസിക്കാനായില്ല. രണ്ടാം പകുതിയിലും റൊണാള്‍ഡോ ഉള്‍പ്പെടെയുള്ളവര്‍ക്ക് അവസരം കിട്ടിയെങ്കിലും മുതലാക്കാനായില്ല. എക്സ്ട്രാ ടൈം പ്രതീക്ഷിച്ച് ഇരുടീമുകളും മുന്നേറുന്നതിനിടെയാണ് ആറുമിനിറ്റ് ഇന്‍ജുറി സമയത്തിന്റെ ആദ്യമിനിറ്റില്‍ മെറീനോയുടെ ഗോളെത്തിയത്.




