
വാഷിങ്‌ടണ്‍: തകര്‍പ്പന്‍ പ്രകടനത്തിലൂടെ ബെല്‍ജിയം ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ക്വാര്‍ട്ടറില്‍. ഇന്നലെ പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ലോകകപ്പിന്റെ സഹ ആതിഥേയരായ അമേരിക്കയെ നിലംപരിശാക്കിയാണ് ബെല്‍ജിയം അവസാന എട്ടിലേക്കു കുതിച്ചെത്തിയത്. പോര്‍ച്ചുഗലിനെ മറികടന്നെത്തിയ സ്‌പെയിനാണ് ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിന്റെ എതിരാളികള്‍.
ഒന്നിനെതിരേ നാലു ഗോളിനായിരുന്നു ബെല്‍ജിയത്തിന്റെ ജയം. യുവതാരം ചാള്‍സ് ഡി കെറ്റലാരെയുടെ ഇരട്ടഗോളുകള്‍ അവരുടെ ജയത്തിന് അടിത്തറയിട്ടു. ഹാന്‍സ് വനാകനു പുറമേ ഇന്‍ജുറി സമയത്ത് സ്‌റ്റാര്‍ സ്‌ട്രൈക്കര്‍ റൊമേലു ലുക്കാക്കു നേടിയ ഗോളും ബെന്‍ജിയത്തിന്റെ പട്ടികയിലുണ്ട്. മാലിക് ടില്‍മാന്‍ ആതിഥേയരുടെ പരാജയഭാരം കുറച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലില്‍ യു.എസ്. താരം ഫൊളാരില്‍ ബലോഗന്റെ ചുവപ്പുകാര്‍ഡ് പിന്‍വലിക്കല്‍ വിവാദമായ പശ്‌ചാത്തലത്തിലായിരുന്നു ബെല്‍ജിയം-യു.എസ്. പ്രീ ക്വാര്‍ട്ടര്‍. യുവത്വത്തിനും പരിചയസമ്പത്തിനും മുന്‍തൂക്കം നല്‍കിയാണ് പരിശീലകന്‍ റൂഡി ഗാര്‍സിയ ബെല്‍ജിയത്തെ കളത്തിലിറക്കിയത്.
കെവിന്‍ ഡിബ്രൂയ്‌നെ, റൊമേലു ലുക്കാക്കു, ജെറമി ഡോക്കു, വിറ്റ്‌സ്കല്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആദ്യഇലവനില്‍ സ്‌ഥാനമില്ലാതിരുന്നത് അമ്പരപ്പിച്ചു. പക്ഷേ, പകരം അണിനിരത്തിയവര്‍ കളം നിറഞ്ഞാടിയതോടെ ബെല്‍ജിയം തുടക്കത്തില്‍ത്തന്നെ ഗോള്‍മണത്തു. ലിയനാര്‍ഡോ ട്ര?സാര്‍ഡ്, യൂറി ടിലെമാന്‍സ്, ചാള്‍സ് ഡി കെറ്റലാരെ എന്നിവര്‍ തുടരെ അമേരിക്കന്‍ പ്രതിരോധത്തെ പരീക്ഷിച്ചു. സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ ഒന്‍പതാം മിനിറ്റില്‍ കെറ്റലാരെ ആദ്യ വെടിപൊട്ടിച്ചു.
നിക്കോളാസ് റാസ്‌കിന്റെ പാസിലായിരുന്നു താരത്തിന്റെ മത്സരത്തിലെ ആദ്യഗോള്‍. ആക്രമണമൂഡ് തുടര്‍ന്ന ബെല്‍ജിയത്തിന് മധ്യനിരയിലെ അമാദു ഒനാനയ്‌ക്ക് പരുക്കേറ്റത് ആദ്യം ആശങ്കയും പിന്നീട് അനുഗ്രഹവുമായി. ഒനാനയ്‌ക്കു പകരമെത്തിയ ഹാന്‍സ് വനാകന്‍ യു.എസിന്റെ സമനിലഗോളിന് വഴിവച്ച് ആദ്യം വില്ലന്‍ പരിവേഷത്തിന് അര്‍ഹനായി.
31-ാം മിനിറ്റിലെ ഫ്രീകിക്കെടുത്ത മാലിക് ടില്‍മാന്റെ ഷോട്ട് വനാകാന്റെ ശരീരത്തില്‍ത്തട്ടി ഗോള്‍വലയില്‍ പതിക്കുകയായിരുന്നു. വിവാദതാരം ഫൊളോരില്‍ ബലോഗനെ ഫൗള്‍ ചെയ്‌തതിനായിരുന്നു ഫ്രീകിക്ക് അനുവദിച്ചത്.
സമനിലഗോളിന്റെ ആരവം അടങ്ങുംമുമ്പേ ബെല്‍ജിയം വീണ്ടും മുന്നിലെത്തി. ട്ര?സാര്‍ഡിന്റെ ക്രോസില്‍ കെറ്റലാരെയുടെ ഹെഡറാണ് ബെല്‍ജിയത്തിനു രണ്ടാം ഗോള്‍ സമ്മാനിച്ചത്. 33-ാം മിനിറ്റിലായിരുന്നു താരത്തിന്റെ മത്സരത്തിലെ രണ്ടാം ഗോള്‍.
രണ്ടാം പകുതി തുടങ്ങി 12 മിനിറ്റിനുള്ളില്‍ ഹന്‍സ് വനാകന്‍ നേരത്തെ വഴങ്ങിയ ഗോളിന്റെ ക്ഷീണം തീര്‍ത്ത് ബെല്‍ജിയത്തിന്റെ മൂന്നാ ഗോളിന് അവകാശിയായി. അമേരിക്കന്‍ ഗോള്‍ കീപ്പര്‍ ഫ്രീസിന്റെ അമിത ആത്മവിശ്വാസമാണ് ഗോളിനു വഴിതുറന്നത്. ബോക്‌സിനുപുറത്തുവച്ച് ഫ്രീസ് പന്ത് വരുതിയിലാക്കിയെങ്കിലും പിന്നിലൂടെയെത്തി കെറ്റലാരെ തട്ടിയെടുത്ത് വനാകനു കൈമാറി. പന്ത് ഒഴിഞ്ഞ പോസ്‌റ്റിലേക്കു നിറയൊഴിച്ച് വനാകന്‍ ദൗത്യം പൂര്‍ത്തിയാക്കിയതോടെ ബെല്‍ജിയം 3-1 നു മുന്നില്‍.
വിജയം ഉറപ്പിച്ചെങ്കിലും ഗോള്‍ദാഹം അടങ്ങാതെ ബെല്‍ജിയം പകരക്കാരന്‍ റൊമേലു ലുക്കാക്കുവിലൂടെ പട്ടിക പൂര്‍ത്തിയാക്കി. യു.എസ്. താരം റിച്ചാര്‍ഡ്‌സണില്‍നിന്ന് പന്തു പിടിച്ച് ലുക്കാക്കു തൊടുത്ത വലംകാല്‍ ഷോട്ടിന് ഗോള്‍കീപ്പര്‍ ഫ്രീസിനു മറുപടിയുണ്ടായിരുന്നില്ല.
ഇന്‍ജുറി സമയത്തിന്റെ മൂന്നാം മിനിറ്റിലെ ഈ ഗോളില്‍ ബെല്‍ജിയം ക്വാര്‍ട്ടറിലേക്കുള്ള പ്രവേശം രാജകീയമാക്കി.




