അറ്റ്‌ലാന്റ: ഒരു ലോകകപ്പില്‍ രണ്ടു തവണ പെനാല്‍റ്റി പാഴാക്കുന്ന ആദ്യ താരമെന്ന ''നേട്ട''വുമായി അര്‍ജന്റീനയുടെ ലയണല്‍ മെസി. ഈജിപ്‌തിനെതിരേ നടന്ന പ്രീ ക്വാര്‍ട്ടറില്‍ മെസിയുടെ കിക്ക് ഗോള്‍ കീപ്പര്‍ മുസ്‌തഫ ഷൊബീര്‍ തടഞ്ഞു.
ഓസ്‌ട്രിയയ്‌ക്കെതിരേ നടന്ന മത്സരത്തിലും മെസിയുടെ കിക്ക് പാഴായിരുന്നു. അന്ന് മെസിയുടെ കിക്ക് പുറത്തേക്കാണു പോയത്. മെസി കരിയറില്‍ ഇതുവരെ 34 പെനാല്‍റ്റികള്‍ പാഴാക്കി. ആകെ 150 പെനാല്‍റ്റികളാണു 39 വയസുകാരനായ മെസി എടുത്തത്. ലോകകപ്പിലെടുത്ത എട്ട് പെനാല്‍റ്റികളില്‍ നാലെണ്ണവും പാഴാക്കി.
2018 ലോകകപ്പില്‍ ഐസ്ലന്‍ഡിനെതിരേയും 2022 ല്‍ പോളണ്ടിനെതിരേയും മെസിയുടെ കിക്ക് ലക്ഷ്യത്തിലെത്തിയില്ല. ഘാനയുടെ അസമോവ ഗ്യാനാണു മെസി കഴിഞ്ഞാല്‍ പെനാല്‍റ്റി പാഴാക്കിയവരില്‍ രണ്ടാമന്‍. ഗ്യാന്‍ രണ്ട് പെനാല്‍റ്റികളാണു പാഴാക്കിയത്. മത്സരത്തില്‍ പെനാല്‍റ്റി നഷ്‌ടപ്പെടുത്തിയെങ്കിലും ടീമിനായി ഗോളും അസിസ്‌റ്റും കുറിക്കാന്‍ മെസിക്കായി. പെനാല്‍റ്റി നഷ്‌ടപ്പെടുത്തിയതിലെ കടുത്ത നിരാശയില്‍ മെസി വികാരാധീനനായിരുന്നു.




