
ഫോക്സ്പ്രോ (യു.എസ്്.എ.): ബോസ്റ്റണിലെ ഗില്ലെറ്റ് സ്റ്റേഡിയത്തില്‍ ഇന്നു നടക്കുന്ന ഫുട്ബോള്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനെ നേരിടുന്ന ആഫ്രിക്കന്‍ വമ്പന്‍ മൊറോക്കോയുടെ ലക്ഷ്യം കണക്ക് തീര്‍ക്കല്‍.
2022 ലോകകപ്പ് സെമി ഫൈനല്‍ വരെയെത്തിയ മൊറോക്കോയെ ഫ്രാന്‍സാണു 2-0 ത്തിനു തോല്‍പ്പിച്ചത്. അറ്റ്ലസ് ലയണ്‍സ് എന്ന വിഖ്യാത നാമവുമായി മൊറോക്കോ ഖത്തറില്‍ എതിരാളികള്‍ക്കു പേടിസ്വപ്നമായി. മുഹമ്മദ് ഖാഭിയുടെ ശിഷ്യന്മാര് പ്രതീക്ഷ തെറ്റിച്ചില്ല. മികച്ച ആക്രമണ നിരയുമായാണ് അവര്‍ ലോകകപ്പിനെത്തിയത്. ജേതാക്കളാകുമെന്ന് പ്രതീക്ഷിച്ചിരുന്ന നെതര്‍ലന്‍ഡ്സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴിക്കാന്‍ ആഫ്രിക്കന്‍ ടീമിനായി. കാനഡയെയാണ് (3-0) അവര്‍ പ്രീ ക്വാര്‍ട്ടറില്‍ കെട്ടുകെട്ടിച്ചത്. ദിദിയര്‍ ദെഷാംപ്സിന്റെ ശിഷ്യന്മാരും പ്രതീക്ഷ തെറ്റിച്ചില്ല. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും ജേതാക്കളായി. കിലിയന്‍ എംബാപ്പെയുടെ നേതൃത്വത്തില്‍ കിടിലന്‍ മുന്നേറ്റം പുറത്തെടുക്കുന്ന ഫ്രാന്‍സ് പ്രതിരോധത്തിലും കട്ടിയാണ്. ഇതുവരെ രണ്ട് ഗോളുകള്‍ മാത്രമാണു ഫ്രഞ്ച് വലയില്‍ കയറിയത്. പരാഗ്വേയ്ക്കെതിരേ നടന്ന പ്രീ ക്വാര്‍ട്ടറില്‍ എംബാപ്പെയുടെ മികവ് ടീമിനെ തുണച്ചു. ഇതുവരെ ഏഴ് ഗോളുകളടിച്ച എംബാപ്പെ ഗോള്‍ഡന്‍ ബുട്ടിനുള്ള മത്സരത്തിലുമാണ്. മൊറോക്കോ നായകന് അഷ്റാഫെ ഹാക്കിമി എംബാപ്പെയുടെ അടുത്ത സുഹൃത്താണ്. ഇരുവരും പാരീസ് സെയിന്റ് ജെര്‍മെയ്നില്‍ ഒരുമിച്ചു കളിച്ചിരുന്നു. സെന്‍ട്രല്‍ മിഡ്ഫീല്ഡിലൂടെയാണു മൊറോക്കോ കളി കൊണ്ടു പോകുന്നത്. അവിടെ വിടവുണ്ടാക്കാന്‍ എംബാപ്പെ, ഒസുമാനെ ഡെംബലെ, ബ്രാഡ്ലി ബാര്‍കോള തുടങ്ങിയ വമ്പന്മാര് ഏറെ പരിശ്രമിക്കേണ്ടി വരും. മധ്യനിരയിലെ കരുത്തന് ഔറേലിയന്‍ ചൗയാമെനിയുടെ പരുക്കാണ് ഫ്രഞ്ചുകാരുടെ ദുഃഖ ബിന്ദു. കാല്ത്തുടയ്ക്കേ പരുക്ക് ഭേദമായില്ലെങ്കിലും ചൗയാമെനിക്കു പകരം മാനു കോനെ സ്റ്റാര്‍ട്ടിങ് ഇലവനിലുണ്ടാകും. ഗോളടിച്ചും അടിപ്പിച്ചും തിളങ്ങിനിന്ന സ്ട്രൈക്കര്‍ ഇസ്മായില്‍ സായ്ബാറിയുടെ പരുക്കാണ് മൊറോക്കോയുടെ പ്രതിസന്ധി. പിന് കാല്‍ത്തുടയ്ക്കേറ്റ പരുക്കില്‍നിന്നു സായ്ബാറി മോചിതനായില്ല. കാനഡയ്ക്കെതിരായ മത്സരത്തിനിടെ പരുക്കേറ്റ പ്രതിരോധ താരം ചാഡി റിയാദും ക്വാര്‍ട്ടറില്‍ കളിക്കില്ല.



