
മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടി സ്വാതി റെഡ്ഡി. ഫഹദ് ഫാസിൽ നായകനായ 'ആമേൻ' എന്ന ചിത്രത്തിലൂടെയാണ് സ്വാതി മലയാളത്തിലേക്ക് ചുവടുവെച്ചത്. ഇപ്പോഴതാ നടി വീണ്ടും വിവാഹിതയായിരിക്കുകയാണ്. ബുധനാഴ്ച നടന്ന സ്വകാര്യമായ ചടങ്ങിലായിരുന്നു വിവാഹം.
'ഹിച്ച്ഡ്' എന്ന ക്യാപ്ഷനോടെയാണ് വിവാഹചിത്രങ്ങൾ നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. തെലുങ്ക് സംവിധായകൻ ശ്രീകാന്ത് നഗോതിയാണ് വരൻ. വരനെ പോസ്റ്റിൽ ടാഗ് ചെയ്തിട്ടുമുണ്ട്. പോസ്റ്റിന് താഴെ നിരവധിപ്പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ചെത്തുന്നത്.
പരമ്പരാഗതമായ വസ്ത്രങ്ങളാണ് ഇരുവരും ധരിച്ചിരുന്നത്. വിവാഹ ചടങ്ങിന്റെ ഭാഗമായുള്ള ഹോമം ശ്രീകാന്ത് ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ കൈ പിടിച്ച് സമീപത്തിരിക്കുന്ന സ്വാതിയെയാണ് ഒരു ചിത്രത്തിൽ കാണാനാകുക. പൂജാവേളയിൽ ഇരുവരുടെയും പിന്നിൽ നിന്നുള്ള മറ്റൊരു ചിത്രവും സ്വാതി പങ്കുവെച്ചു.
പതിനാറാം വയസ്സിൽ ഒരു ടെലിവിഷൻ ഷോ ചെയ്തുകൊണ്ടാണ് സ്വാതി തന്റെ കരിയറിന് തുടക്കമിടുന്നത്. ഈ ഷോ നൽകിയ ജനപ്രീതിയിലൂടെയാണ് താരം സിനിമയിലെത്തുന്നത്. 2005 ൽ പുറത്തിറങ്ങിയ 'ഡെയ്ഞ്ചർ' എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് 2008 ൽ പുറത്തിറങ്ങിയ 'സുബ്രഹ്മണ്യപുരം' എന്ന തമിഴ് സിനിമയിലൂടെ സ്വാതി കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.
'ആമേൻ' എന്ന ചിത്രത്തിന് ശേഷം നോർത്ത് 24 കാതം, മോസയിലെ കുതിരമീനുകൾ, ഡബിൾ ബാരൽ, തൃശ്ശൂർ പൂരം, ആട് എന്നീ മലയാള സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. വിവിധ ഭാഷകളിലായി മുപ്പതോളം സിനിമകളിൽ താരം ഭാഗമായിട്ടുണ്ട്.
സ്വാതിയുടെ രണ്ടാം വിവാഹമാണിത്. മലയാളിയും പൈലറ്റുമായ വികാസ് ആയിരുന്നു ആദ്യ ഭർത്താവ്. 2020ൽ ഭർത്താവിനൊപ്പമുള്ള ഫോട്ടോകൾ നടി ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്തതോടെ വിവാഹമോചിതയായി എന്ന രീതിയിൽ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇതിനെക്കുറിച്ച് നടി എവിടെയും തുറന്ന് പറഞ്ഞിരുന്നില്ല.






