
അങ്കാറ: ഇറാൻ വധിക്കാൻ ഉദ്ദേശിക്കുന്നവരുടെ പട്ടികയിൽ താൻ ഒന്നാമതാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതുവരെ തന്നെ സുരക്ഷിതമായി കാത്തുസൂക്ഷിച്ച ഭാഗ്യം എപ്പോഴും നിലനിന്നേക്കില്ലെന്നും ട്രംപ് പറഞ്ഞു. ഇതാദ്യമായാണ് ട്രംപ് തന്റെ ജീവൻ ഭാഗ്യംകൊണ്ട് രക്ഷപെടുകയാണെന്ന് പറയുന്നത്.
അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിക്കിടെയാണ് ഇറാന്റെ നേതൃത്വം തങ്ങളെ പ്രധാന ലക്ഷ്യമായാണ് കാണുന്നതെന്നും അവരുടെ വധശിക്ഷാ പട്ടികയിൽ താൻ ഉൾപ്പെട്ടിട്ടുണ്ടെന്നും പ്രഖ്യാപിച്ചത്. ഇറാൻ തന്നെ വധിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സൈനിക നടപടിയെ ന്യായീകരിക്കുകയും ചെയ്തു. ഇറാൻ യുഎസ് നേതാവിനെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നുവെന്നും അവരുടെ എല്ലാ ഹിറ്റ് ലിസ്റ്റിലും താനുണ്ടെന്നും ട്രംപ് പറഞ്ഞു. “ഇതുവരെ എനിക്ക് അല്പം ഭാഗ്യമുണ്ടായിരുന്നു, പക്ഷേ അത് നീണ്ടുനിന്നേക്കില്ല, അവർ ക്രൂരന്മാരും മാനസികരോഗികളുമായ മനുഷ്യരാണ്, ഈ ക്യാൻസറിനെ നമ്മൾ തുടച്ചുനീക്കണമെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാവസായിക കപ്പലുകൾക്ക് നേരെ ഹോർമുസ് കടലിടുക്കിൽ ഉണ്ടായ പുതിയ ആക്രമണങ്ങൾക്ക് ശേഷം, ഇറാനുമായുള്ള ശത്രുത അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള താൽക്കാലിക ധാരണാപത്രം അവസാനിച്ചതായി യുഎസ് പ്രസിഡന്റ് പ്രഖ്യാപിച്ചു. ഇതോടെ വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായി. പുതിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇറാനുമായി ഇനി ചർച്ചകൾക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനെത്തുടർന്ന് ഇറാന്റെ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് യുഎസ് പുതിയ ആക്രമണങ്ങൾ നടത്തി. ബഹ്‌റൈനിലെയും കുവൈറ്റിലെയും യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇറാനും ഏറ്റെടുത്തു. ഈ പുതിയ സൈനിക നീക്കങ്ങൾ മേഖലയിൽ വലിയൊരു യുദ്ധഭീതിക്ക് കാരണമാകുകയും ഹോർമുസ് കടലിടുക്കിലൂടെയുള്ള ആഗോള ഊർജ്ജ വിതരണത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കകൾ വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇറാനുമായുള്ള വെടിനിർത്തൽ കരാർ അവസാനിച്ചതായി ബുധനാഴ്ച രാവിലെ തന്നെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. യുഎസ് സൈന്യം കഴിഞ്ഞ രാത്രി ഇറാനെതിരെ വളരെ ശക്തമായി ആക്രമണം നടത്തിയതായി ട്രംപ് പറഞ്ഞു. ഇറാനികളുമായി ഇനി യാതൊരു ഇടപാടുകൾക്കും താനില്ലെന്നും അവർ രോഗബാധിതരും ദുഷ്ടരുമായ ആളുകളാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. വളരെ അപകടകാരികളായ ഇറാനിലെ ആളുകളെ കഴിഞ്ഞ രാത്രി തങ്ങൾ ശക്തമായി ആക്രമിച്ചെന്നും അവർക്ക് എന്തോ തകരാറുണ്ടെന്നും അവർ മാനസികരോഗികളാണെന്നും ട്രംപ് പറഞ്ഞു.
എന്നെ സംബന്ധിച്ചിടത്തോളം ആ ധാരണാപത്രം അവസാനിച്ചെന്നും ഇനി അവരുമായി ഒരു ഇടപാടിനും ഞാനില്ലെന്നും ട്രംപ് പ്രസ്താവിച്ചു. അവർ വെറും തെമ്മാടികളാണെന്നും ആണവായുധം കൈക്കലാക്കിയാൽ അവർ കള്ളം പറയുന്നവരാണെന്നും അവരുമായി സംസാരിച്ചു സമയം കളയുന്നത് വെറുതെയാണെന്ന് താൻ കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. അവർക്ക് ഭ്രാന്താണെന്നും തന്നെ സംബന്ധിച്ച് ഇത് അവസാനിച്ചെന്നും പറഞ്ഞാണ് അദ്ദേഹം പ്രസ്താവന അവസാനിപ്പിച്ചത്.






