
കോഴിക്കോട് : റെയില്‍വേ സ്‌റ്റേഷനിലെ കെട്ടിടം തകര്‍ന്നുവീണ് അപകടമുണ്ടായി. കോഴിക്കോട് സ്‌റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലെ ക്‌ളോക്ക് ടവറിന്റെ ഒരുഭാഗമാണ് ഇടിഞ്ഞുവീണത്. തിരക്കേറിയ സ്‌റ്റേഷനാണെങ്കിലും സംഭവം നടക്കുമ്പോള്‍ യാത്രക്കാര്‍ ആരും തന്നെ ഉണ്ടായിരുന്നില്ലെന്ന് പ്രാഥമികമായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ആരും അപകടത്തില്‍ പെട്ടിട്ടില്ല എന്നത് ആശ്വാസമാണ്.
കെട്ടിടത്തിന്റെ ഭാഗം പൂര്‍ണ്ണമായും നിലംപതിച്ചിട്ടുണ്ട്. ഇതിന്റെ ഷീറ്റുകളും മറ്റും രാവിലെ ഒമ്പത് മണിക്ക് സ്‌റ്റേഷനില്‍ എത്തിയ ട്രെയിനില്‍ തട്ടി നില്‍ക്കുന്ന അവസ്ഥയിലാണ്. ആള്‍ക്കാര്‍ക്ക് കാത്തിരിക്കാന്‍ ഇട്ടിരിക്കുന്ന കസേരയ്ക്ക് തൊട്ടുപിന്നിലാണ് കെട്ടിടം തകര്‍ന്നത്. ഭിത്തി പൂര്‍ണ്ണമായും ഇടിഞ്ഞുവീണിരിക്കുകയാണ്. പ്ലാറ്റ്ഫോമില്‍ ഇഷ്ടികയും മണ്ണുമൊക്കെ കിടക്കുന്നുണ്ട്. സ്‌റ്റേഷനില്‍ നവീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായ നിര്‍മ്മാണങ്ങള്‍ നടക്കുമ്പോഴാണ് അപകടം നടന്നത്. സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസ് അടക്കമുള്ള കെട്ടിടങ്ങള്‍ തകര്‍ന്ന ഭാഗത്തിന് സമീപത്ത് ഉണ്ട്.
കെട്ടിടാവശിഷ്ടങ്ങള്‍ പ്ലാറ്റ്‌ഫോമില്‍ ചിതറിക്കിടക്കുന്നുണ്ട്. ട്രാക്കില്‍ അവശിഷ്ടങ്ങള്‍ ഉണ്ടോയെന്ന പരിശോധനകള്‍ നടക്കുകയാണ്. ഫയര്‍ഫോഴ്‌സും മറ്റും സ്ഥലത്ത് എത്തി ജോലികള്‍ തുടങ്ങിയിട്ടുണ്ട്. റെയില്‍വേ പോലീസും സ്ഥലത്തുണ്ട്. കനത്തമഴയെ തുടര്‍ന്ന് പഴയ കെട്ടിം തകര്‍ന്നു വീഴുകയായിരുന്നു. വന്‍ ദുരന്തമാണ് ഒഴിവായത്. കെട്ടിടത്തിന്റെ വര്‍ങ്ങള്‍ പഴക്കമുള്ള ക്‌ളോക്ക് ടവര്‍ പകുതി ഇടിഞ്ഞുതാഴുകയായിരുന്നു. ഒരുപാട് യാത്രക്കാര്‍ വരുന്ന റെയില്‍വേ സ്റ്റേഷന്‍ ആയതിനാല്‍ പഴക്കം ചെന്ന കെട്ടിടത്തിന്റെ ഭാഗം ബാരിക്കേഡ് വെച്ച് വേര്‍തിരിഞ്ഞിരുന്നു.






